ഗ്യാപ് റോഡും കള്ളിമാലി വ്യൂ പോയിന്റുമെല്ലാം കറങ്ങി ഒരു ചതുരംഗപ്പാറ യാത്ര; പൊളിക്കാം, കയറി പോരെ
കോട്ടയം: വേനലവധിക്ക് തുടക്കമായിരിക്കുകയാണ്. ഇനി യാത്രകളുടെ കാലമാണ്. കണ്ട് തീർക്കേണ്ട കാഴ്തകളെല്ലാം മക്കളേയും കൊണ്ട് രണ്ട് മാസം കൊണ്ട് പോയിതീർക്കാം എന്ന പ്ലാനിലായിരിക്കും മാതാപിതാക്കൾ. അപ്പോഴും യാത്രയുടെ ചിലവും ചൂടുമൊക്കെ വെല്ലുവിളി തന്നെ.
എന്നാൽ അധികം ചെലവില്ലാതെ ഒരു യാത്ര പോയി വന്നാലോ? കെ എസ് ആർ ടി സിയുടെ ബജറ്റ് ടൂറിസം ട്രിപ്പിനെ കുറിച്ചാണ് പറയുന്നത്. വേനലവധിക്ക് പ്രത്യേക പാക്കേജുകൾ തന്നെ വിവിധ ബജറ്റ് സെല്ലുകൾ അവതരിപ്പിച്ചിട്ടുണ്ട്. കെ എസ് ആർ സി കോട്ടയം സെൽ അവതരിപ്പിച്ചിരിക്കുന്നത് ചതുരംഗപ്പാറയിലേക്കുള്ള യാത്രയാണ്. അതും ഏകദിന ടൂർ. വിശദമായി അറിയാം.

ഏപ്രിൽ ആറിന് രാവിലെ കോട്ടയം ഡിപ്പോയിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. റിപ്പിൾ വാട്ടർ ഫോൾസ്, പൊന്മുടി ഡാം, കള്ളിമാലി വ്യൂ പോയിൻറ്, ഗ്യാപ്പ് റോഡ്, ആയിറങ്കൽ ഡാം, ചതുരംഗപ്പാറ കാറ്റാടി പാടം എന്നിവിടങ്ങൾ സന്ദർശിച്ചശേഷം തിരികെയെത്തുന്ന രീതിയിലാണ് പാക്കേജ് അവതരിപ്പിച്ചിരിക്കുന്നത്. സ്ഥാലങ്ങളെ കുറിച്ച് കൂടി വിശദമായി അറിയാം.
മൂന്നാറിലെ മുതിരപ്പുഴയാറിന്റെ രൗദ്രഭാവം കണ്ടാസ്വദിക്കാൻ പറ്റുന്ന വെള്ളച്ചാട്ടമാണ് യാത്രയിലെ ആദ്യ ലക്ഷ്യ സ്ഥാനമായ റിപ്പിൾ വാട്ടർഫാൾ. ചെറുതും വലുതുമായ നിരവധി വെള്ളച്ചാട്ടങ്ങൾ നിങ്ങൾക്ക് ഇവിടെ ആസ്വദിക്കാനാകും. കമ്പിവേലികളൊക്കെ കെട്ടി , ഉദ്യാനമൊക്കെയൊരുക്കി രസകരമായിട്ടാണ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ഈ സ്ഥലം പരിപാലിച്ച് പോകുന്നത്.
പൊൻമുടി ഡാം- ഇടുക്കിയിലെ കൊന്നത്തടി പഞ്ചായത്തിൽ പൊന്മുടിയിൽ പെരിയാറിന്റെ കൈവഴിയായ പന്നിയാർ പുഴക്ക് കുറുകെയാണ് ഈ ഡാം സ്ഥി ചെയ്യുന്നത്. ഇടുക്കിയിലെത്തുന്ന സഞ്ചാരികളുടെ ഇഷ്‌ട കേന്ദ്രങ്ങളിൽ ഒന്നുകൂടിയാണിത്.
കള്ളിമാലി വ്യൂ പോയിന്റ്-ഇടുക്കിയിൽ സഞ്ചാരികൾ അധികം കേൾക്കാത്ത ഒന്നാണ് കള്ളിമാലി വ്യൂ പോയിന്‍റ്. പൊൻമുടി ഡാമിന്റെ ക്യാച്മെന്റ് ഏരിയ ആയ കള്ളിമാലിയുടെ ഭംഗി പോയി കണ്ടു തന്നെ ആസ്വദിക്കേണ്ടതാണ്. വ്യൂ പോയിന്‍റിൽ നിന്നുള്ള കാഴ്ചയിൽ നീലജലാശയം ഇങ്ങനെ കണ്ണെത്തുന്നിടത്തോളം ദൂരം കിടക്കുന്നതു കാണാം. അതിനു നടുവിൽ പച്ചപ്പും ചെറിയ ചെറിയ ദ്വീപുകളും എല്ലാം ചേരുന്ന കാഴ്ച എത്ര പകർത്തിയാലും മടുക്കില്ല.
ഗ്യാപ് റോഡ്-മൂന്നാർ ടൗണിൽ നിന്നും പോയാൽ വളഞ്ഞ് പുളഞ്ഞ് കിടക്കുന്ന അതിമനോഹര കാഴ്ചകളാൽ സമ്പന്നമാണ് ഗ്യാപ് റോഡ്. മേഘങ്ങൾക്ക് അടുത്ത് കൂടെയാണോ നമ്മൾ പോകുന്നത് എന്ന് തോന്നിക്കും പോലൊരു യാത്ര കൂടിയാണിത്.
ആനിയിറങ്കൽ ഡാം-മൂന്നാറിൽ നിന്ന് 22 കിലോമീറ്റർ അകലെ ചിന്നക്കനാൽ, ശാന്തമ്പാറ പഞ്ചായത്തുകളിലായി പന്നിയാർ പുഴയിലാണ് ആനയിറങ്കൽ. വെളളം കുടിക്കാനായി ധാരാളം ആനകൾ ഇവിടെ എത്താറുണ്ട്.
ചതുരംഗപ്പാറ-കേരളത്തിന്‍റെയും തമിഴ്നാടിന്‍റെയും അതിര്‍ത്തിയിലായി സ്ഥിതി ചെയ്യുന്ന ഇവിടം കാറ്റും പച്ചപ്പും മാത്രമല്ല, കാറ്റാടിപ്പാടവും തമിഴ്നാട്ടിലെ കൃഷിയിടങ്ങളുടെ ദൂരക്കാഴ്ചയും ധാരാളമായി കാണാനാകും.കേരളത്തിലൂടെയാണ് കയറുന്നതെങ്കിലും ചതുരംഗപ്പാറ വ്യൂ പോയിന്‍റ് തമിഴ്നാടിന്‍റെ ഭാഗമാണ്. ഉടുമ്പൻ ചോലയിൽ നിന്നും പത്ത് കിലോമീറ്ററാണ് ഇവിടേക്ക് ദൂരമുള്ളത്.
ചതുരംഗപ്പാറ ട്രിപ്പിന് 790 രൂപയാണ്.യാത്രയുടെ കൂടുതൽ വിവരങ്ങൾക്ക് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിനെ ബന്ധപ്പെടാം.












Click it and Unblock the Notifications