ചിറാപുഞ്ചി മഴയത്ത്.... റീല്‍സ് എടുക്കാന്‍ വരട്ടെ... ചിറാപുഞ്ചിയിലെ പുതിയ നിയന്ത്രണങ്ങള്‍ അറിഞ്ഞിരിക്കണം
മഴയ്ക്കും പ്രകൃതി സൗന്ദര്യത്തിനും പേരു കേട്ടതാണ് മേഘാലയയിലെ (ചിറാപുഞ്ചി) സൊഹ്‌റ.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന സ്ഥലങ്ങളിലൊന്നാണിത്. ഈറനണിഞ്ഞ പ്രകൃതിയും വെള്ളച്ചാട്ടവും പച്ചപ്പും കൊണ്ട് അതിമനോഹരമാണ് ഇവിടുത്തെ പ്രകൃതി. എന്നാല്‍ അടുത്ത കാലത്തായി വിനോദ സഞ്ചാരികളുടെ അനിയന്ത്രിത വരവ് ഈ പ്രദേശത്തിന്റെ നിലനില്‍പിന് തന്നെ ഭീഷണി ഉയര്‍ത്തുന്നു.
പൊതുസ്ഥലങ്ങളില്‍ അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങളുടെ അളവ് വര്‍ധിച്ചതു മൂലം പ്രദേശത്തിന്റെ സൗന്ദര്യത്തിന് തന്നെ കോട്ടം സംഭവിച്ചിരിക്കുകയാണ്്. ഇപ്പോഴിതാ ചിറാപുഞ്ചിയുടെ സംരക്ഷണത്തിനായി പ്രാദേശിക അധികൃതര്‍ കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. തുറസായ സ്ഥലത്തെ പാചകത്തിനും റോഡരികിലിരുന്ന് ഭക്ഷണം കഴിക്കുന്നതിനും ഉള്‍പ്പെടെ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാവ്‌ഡോക്ക്-സൊഹ്‌റ റോഡിലും ചുറ്റുമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലുമാണ് നിയന്ത്രണം.

ഇതിനുപുറമെ, സന്ദര്‍ശകര്‍ക്ക് ഈ പ്രദേശങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനും വിലക്കുണ്ട്. കൂടാതെ, പ്രാദേശിക അധികാരികളുടെ അനുമതിയില്ലാതെ മദ്യം കഴിക്കുന്നതും ഭക്ഷണം വിളമ്പുന്നതും കര്‍ശനമായി നിരോധിച്ചിരിക്കുന്നു.
റോഡരികുകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, പ്രശസ്തമായ വ്യൂ പോയിന്റുകള്‍ എന്നിവിടങ്ങളില്‍ മാലിന്യങ്ങള്‍ കുന്നുകൂടുകയാണ്. ഇവ വലിച്ചെറിയുന്നതിന് പ്രദേശവാസികളും വിനോദസഞ്ചാരികളും ഒരുപോലെ ഉത്തരവാദികളാണെന്നാണ് അധികാരികളുടെ ആരോപണം. മേഘാലയയിലെ സൊഹ്‌റയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങള്‍ക്കുള്ളില്‍ ഇനി മാലിന്യം ശേഖരിക്കാന്‍ ഒരു ബാഗ് കൂടി കൊണ്ടുപോകേണ്ടി വരുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ കനത്ത പിഴ ഉള്‍പ്പെടെയുള്ള ശിക്ഷകള്‍ നേരിടേണ്ടി വരും.
പ്രദേശത്തെ രാത്രി ക്യാമ്പിംഗ് നിയമങ്ങള്‍ ഇപ്പോള്‍ കര്‍ശനമാക്കി. അംഗീകൃത സ്ഥലങ്ങളില്‍ മാത്രമേ രാത്രി ക്യാമ്പിംഗ് അനുവദിക്കൂ. മറ്റൊരിടത്തും ഇത് അനുവദനീയമല്ല.
യൂട്യൂബ്, ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്കും നിയന്ത്രണമുണ്ട്. പലപ്പോഴും അത്ര അറിയപ്പെടാത്ത സ്ഥലങ്ങള്‍ വ്‌ളോഗര്‍മാരിലൂടെയാണ് അറിയപ്പെടുന്നത്. ഇതോടെ വിനോദ സഞ്ചാരികള്‍ ഇവിടേക്ക് ഒഴുകുന്നു. പ്രദേശത്തിന്റെ ശാന്തമായ അന്തരീക്ഷത്തിന് കോട്ടം സംഭവിക്കുന്നു.
വ്‌ളോഗര്‍മാര്‍, യൂട്യൂബര്‍മാര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് മേഘാലയയിലെ അത്ര അറിയപ്പെടാത്ത സ്ഥലങ്ങളില്‍ ഇനി നിയന്ത്രണം ഉണ്ടാകുമെന്ന് റൂറല്‍ ടൂറിസം ഫോറം പ്രസിഡന്റ് അറിയിച്ചു. ഇവിടങ്ങളിലേക്ക് പോകാന്‍ ഇനി മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതുണ്ട്. ടൂറിസം നിരുത്സാഹപ്പെടുത്താനല്ല, മറിച്ച് വിനോദ സഞ്ചാരികളില്‍ ഉത്തരവാദിത്തമുള്ള പെരുമാറ്റം പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ നടപടിയെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. അടിയന്തര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ സൊഹ്‌റയുടെ പ്രകൃതി സൗന്ദര്യവും സാംസ്‌കാരിക പ്രാധാന്യവും പഴങ്കഥയായി മാറുമെന്ന് അധികൃതര്‍ ഭയക്കുന്നു.












Click it and Unblock the Notifications