ക്രിസ്മസ് വൈബ് കിട്ടുന്ന 5 സ്ഥലങ്ങള്‍; പാതിരാ പ്രാര്‍ത്ഥന മുതല്‍ ക്രിസ്തുമസ് മാര്‍ക്കറ്റ് വരെ
ഈ വര്‍ഷത്തെ ക്രിസ്മസ് അവധിക്കാലം ഇങ്ങ് എത്താറായി. അവധിക്കാലത്ത് എവിടെ പോകണമെന്ന് ഇപ്പോഴേ ആലോചിച്ചു തുടങ്ങിയോ? ക്രിസ്മസിന്റെ കുളിരും പാരമ്പര്യവും വൈബും ആഘോഷങ്ങളും എല്ലാം ഒത്തിണങ്ങിയ സ്ഥലത്തേക്ക് ഇക്കുറി ഒരു യാത്ര പോയാലോ? ബീച്ചുകള്‍ മുതല്‍ ഹില്‍ സ്‌റ്റേഷനുകള്‍ വരെ നീളുന്ന അഞ്ച് സ്ഥലങ്ങള്‍ പരിചയപ്പെടുത്താം. ക്രിസ്മസിന്റെ സമാധാനവും സന്തോഷവും ആഘോഷവും മനസിലേക്കു പകരുന്നവയാണ് ഈ അഞ്ചു സ്ഥലങ്ങളും.
1. ഗോവ
ഇന്ത്യയിലെ ക്രിസ്മസ് ആഘോഷങ്ങള്‍ അതിന്റെ പാരമ്യത്തില്‍ ആഘോഷിക്കാന്‍ പറ്റിയ സ്ഥലമാണ് ഗോവ. ചരിത്രപ്രസിദ്ധമായ പള്ളികളില്‍ അര്‍ധരാത്രി നടത്തുന്ന ആരാധനകള്‍, ക്രിസ്മസിന്റെ അലങ്കാരങ്ങള്‍ നിറഞ്ഞ മാര്‍ക്കറ്റുകള്‍, വര്‍ണാഭമായ ബീച്ച് പാര്‍ട്ടികള്‍, പ്രകാശപൂരിതമായ തെരുവുകള്‍ തുടങ്ങി എവിടെയും ക്രിസ്മസ് വൈബ് അനുഭവിച്ചറിയാന്‍ കഴിയും. പുതുവത്സരം വരെ നീളുന്ന ഉത്സവ മൂഡാണ് ഗോവയുടെ പ്രധാന ആകര്‍ഷണം. അനുകൂലമായ കാലാവസ്ഥ കൂടി ചേരുമ്പോള്‍ കുടുംബങ്ങള്‍ക്കും നവ ദമ്പതികള്‍ക്കും സുഹൃത്തുക്കളുടെ കൂട്ടായ്മകള്‍ക്കും ഒരുപോലെ പ്രിയങ്കരമായ ഡെസ്റ്റിനേഷനായി ഗോവ മാറുന്നു.

2. ഷില്ലോങ്
'കിഴക്കിന്റെ സ്‌കോട്ട്‌ലന്‍ഡ്' എന്നറിയപ്പെടുന്ന ഷില്ലോങ്ങിലെ ക്രിസ്മസ് ശാന്തവും സന്തോഷകരവുമായ ഒരു അനുഭവം നല്‍കുന്നു. ബഹളങ്ങളില്‍ നിന്ന് മാറിയുള്ള ഒരു ക്രിസ്മസാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ ഷില്ലോങ്ങിലേക്കു പോകാം. ഗോവയിലേതു പോലെ കണ്ണഞ്ചിപ്പിക്കുന്ന ബഹളങ്ങളില്ലാതെ പ്രകൃതിയുടെ മനോഹാരിത ആസ്വദിച്ചു മടങ്ങാം. പൈന്‍ മരങ്ങളും തണുത്ത ശൈത്യകാല കാറ്റും മനോഹരമായി അലങ്കരിച്ച പള്ളികളും അവിടെ നിന്ന് ഒഴുകി വരുന്ന ഗായകസംഘത്തിന്റെ പാട്ടുകളും മറക്കാനാവാത്ത ഒരു അവധിക്കാലം സമ്മാനിക്കുന്നു. പ്രാദേശിക കഫേകളിലെയും ബേക്കറികളിലെയും പ്രത്യേക ക്രിസ്മസ് ട്രീറ്റുകള്‍ ഇവിടുത്തെ ആകര്‍ഷണീയതയാണ്.
3. കൊല്‍ക്കത്ത
ഡിസംബറില്‍ കൊല്‍ക്കത്ത ഉത്സവാന്തരീക്ഷത്തിന്റെ ഒരു പറുദീസയായി മാറുന്നു. പ്രത്യേകിച്ച് പാര്‍ക്ക് സ്ട്രീറ്റിന് ചുറ്റും. സംഗീതം, രുചികരമായ ഭക്ഷണശാലകള്‍, അലങ്കാര വിളക്കുകള്‍ എന്നിവ നഗരത്തെ ഏറ്റവും പ്രിയപ്പെട്ട അവധിക്കാല ഡെസ്റ്റിനേഷനാക്കി മാറ്റുന്നു. പൈതൃകത്തിന്റെ ഭംഗി പേറുന്ന പള്ളികളും പരമ്പരാഗതമായ പ്ലം കേക്കുകളും ശൈത്യകാല സായാഹ്നങ്ങളും ഗൃഹാതുരത്വം നിറഞ്ഞ ക്രിസ്മസ് അനുഭവം സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നു. ക്രിസ്മസ് ആഴ്ചയില്‍ കൊല്‍ക്കത്തയിലേക്കു സന്ദര്‍ശകരുടെ വലിയ പ്രവാഹമാണ് ഉണ്ടാകുന്നത്.
4. പുതുച്ചേരി
പുതുച്ചേരി (നേരത്തെ പോണ്ടിച്ചേരി) യൂറോപ്യന്‍ ശൈലിയിലുള്ള ശാന്തവും മനോഹരവുമായ ഒരു ക്രിസ്മസ് അനുഭവം സമ്മാനിക്കുന്നു. ഫ്രഞ്ച് സ്വാധീനമുള്ള തെരുവുകള്‍, ശാന്തമായ ബീച്ചുകള്‍, കൊളോണിയല്‍ ശൈലിയിലുള്ള കെട്ടിടങ്ങള്‍ എന്നിവ സഞ്ചാരികളെ ബ്രിട്ടീഷ് കാലഘട്ടം ഓര്‍മിപ്പിക്കുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള പഴയ പള്ളികളിലെ ആരാധനയും ആകര്‍ഷകമായ കഫേകളും ബോട്ടിക് സ്റ്റേയും പുതുച്ചേരിയുടെ ക്രിസ്മസ് കാല ആകര്‍ഷണീയതകളാണ്.
5. ഡാര്‍ജിലിംഗ്
ഹില്‍ സ്‌റ്റേഷനില്‍ ക്രിസ്മസ് ആഘോഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡാര്‍ജിലിംഗ് മികച്ച തിരഞ്ഞെടുപ്പാണ്. തണുപ്പുള്ള ശൈത്യകാല പ്രഭാതങ്ങള്‍, കാഞ്ചന്‍ജംഗയുടെ മനോഹരമായ കാഴ്ചകള്‍, പൈതൃക കളിപ്പാട്ട ട്രെയിന്‍ യാത്രകള്‍, പഴയ, കൊളോണിയല്‍ ശൈലിയിലുള്ള പള്ളികള്‍ എന്നിവ ശാന്തവും മനോഹരവുമായ ഒരു അവധിക്കാലം സമ്മാനിക്കുന്നു.
മുകളില്‍ പറഞ്ഞ ഏതൊരു സ്ഥലവും തിരഞ്ഞെടുക്കുന്നതിന് മുന്‍പ് ദൂരം, ബഡ്ജറ്റ്, തിരക്ക് എന്നിവ പരിഗണിച്ചു വേണം പോകാന്‍. കുട്ടികളുമായി പോകുമ്പോള്‍ മുന്‍കൂട്ടിയുള്ള ഹോട്ടല്‍ ബുക്കിങ് നടത്തിവേണം യാത്ര തിരിക്കാന്‍.
ഇനി യാത്രാ ബജറ്റ് കുറവാണെങ്കില്‍ കൊച്ചിയിലേക്കു വച്ചുപിടിക്കാം. ഫോര്‍ട്ട് കൊച്ചി ക്രിസ്മസ് കാര്‍ണിവല്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ടതാണ്. അതുപോലെ മട്ടാഞ്ചേരിയിലെ തെരുവു കാഴ്ച്ചകളും പഴയ പള്ളികളും ബ്രോഡ്‌വേയിലെ ക്രിസ്മസ് മാര്‍ക്കറ്റുമൊക്കെ കുട്ടികള്‍ക്ക് മികച്ച യാത്രാനുഭവം സമ്മാനിക്കും.












Click it and Unblock the Notifications