ജനുവരിയില്‍ എവിടേക്കു പോകണമെന്നാണോ കണ്‍ഫ്യൂഷന്‍: ഈ ആകാശ വിസ്മയം നേരിട്ടു കണ്ടാലോ
അഹമ്മദാബാദ്: ആകാശത്ത് നിറങ്ങളുടെ വിസ്മയക്കാഴ്ച്ച ഒരുക്കുന്ന 2026-ലെ അന്താരാഷ്ട്ര പട്ടം മഹോത്സവത്തിന് ഗുജറാത്തില്‍ തുടക്കമാകുന്നു. ആയിരക്കണക്കിന് പട്ടങ്ങള്‍ വാനില്‍ തീര്‍ക്കുന്ന വര്‍ണവിസ്മയം കാണാന്‍ ലോകമെമ്പാടു നിന്നും ആയിരക്കണക്കിന് ആളുകളാണ് ഗുജറാത്തില്‍ എത്തുന്നത്. ശൈത്യകാലത്ത് നിന്ന് വേനല്‍ക്കാലത്തേക്കുള്ള മാറ്റത്തെയും അടയാളപ്പെടുത്തുന്ന ഒരു ഉത്സവമാണിത്,
മകരസംക്രാന്തി എന്നും അറിയപ്പെടുന്ന ഉത്തരായന്‍ ആഘോഷങ്ങളുടെ ഭാഗമായാണ് ലോകപ്രശസ്തമായ ഈ പട്ടം പറത്തല്‍ മത്സരം സംഘടിപ്പിക്കുന്നത്. അഹമ്മദാബാദിലെ സബര്‍മതി റിവര്‍ഫ്രണ്ടിലാണ് പ്രധാന വേദി. വഡോദര, സൂറത്ത്, രാജ്‌കോട്ട് തുടങ്ങിയ നഗരങ്ങളും ഈ ഉത്സവലഹരിയില്‍ പങ്കുചേരും.

ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ള പട്ടം പറത്തല്‍ വിദഗ്ധര്‍ തങ്ങളുടെ വൈവിധ്യമാര്‍ന്ന പട്ടങ്ങളുമായി ഗുജറാത്തിലെത്തും. സന്ദര്‍ശകര്‍ക്ക് ഇത് ശരിക്കും കണ്ണിന് വിരുന്ന് ഒരുക്കുന്ന കാഴ്ച്ചയാണ്. ഭീമാകാരമായ ഡ്രാഗണുകളും പക്ഷിമൃഗാദികളുടെ രൂപത്തിലുള്ള പട്ടങ്ങളും സാംസ്‌കാരിക തനിമ വിളിച്ചോതുന്ന അലങ്കാരപ്പട്ടങ്ങളും ഗുജറാത്തിലെ നീലാകാശത്തെ ഒരു വലിയ ക്യാന്‍വാസാക്കി മാറ്റും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് പുറമെ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും ഈ വര്‍ണാഭമായ മഹോത്സവത്തില്‍ പങ്കെടുക്കാന്‍ എത്തുക പതിവാണ്.
ജനുവരി രണ്ടാം വാരം ആരംഭിക്കുന്ന ഈ മേള ഗുജറാത്തികളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളില്‍ ഒന്നാണ്. രാത്രികാലങ്ങളില്‍ ആകാശത്ത് മിന്നിത്തിളങ്ങുന്ന റാന്തല്‍ പട്ടങ്ങള്‍ ഉത്സവത്തിന് മാന്ത്രികമായ ഭംഗി നല്‍കുന്നു. ജനുവരി 10 മുതല്‍ ജനുവരി 14 വരെയാണ് പട്ടം പറത്തല്‍ മത്സരം നടക്കുന്നത്.
1989 മുതലാണ് പട്ടം പറത്തല്‍ മത്സരം ആരംഭിക്കുന്നത്. മലേഷ്യന്‍ വൗ-ബലാങ് പട്ടങ്ങള്‍, ജാപ്പനീസ് പട്ടങ്ങള്‍, ചൈനീസ് ഡ്രാഗണ്‍ പട്ടങ്ങള്‍, ഇറ്റാലിയന്‍ ശില്‍പ മാതൃകയിലുള്ള പട്ടങ്ങള്‍, ഇന്തോനേഷ്യന്‍ പട്ടങ്ങള്‍, യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ നിന്നുള്ള വലിയ ബാനര്‍ പട്ടങ്ങള്‍ എന്നിവ മുന്‍ കാലങ്ങളില്‍ കാണികളെ വിസ്മയിപ്പിച്ച കാഴ്ച്ചകളാണ്.
പട്ടം പറത്തലിന് പുറമെ ഗുജറാത്തിന്റെ തനതായ കലാരൂപങ്ങളും കരകൗശല പ്രദര്‍ശനങ്ങളും രുചിവൈവിധ്യങ്ങളും ആസ്വദിക്കാന്‍ ഈ സമയത്ത് വലിയ തിരക്കാണ് അനുഭവപ്പെടാറുള്ളത്. 2026-ലെ ഈ മഹോത്സവത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ യാത്രയും താമസസൗകര്യങ്ങളും മുന്‍കൂട്ടി ക്രമീകരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
വര്‍ഷങ്ങളായി, ജപ്പാന്‍, ഇറ്റലി, യുകെ, കാനഡ, ബ്രസീല്‍, ഇന്തോനേഷ്യ, ഓസ്ട്രേലിയ, യുഎസ്എ, മലേഷ്യ, സിംഗപ്പൂര്‍, ഫ്രാന്‍സ്, ചൈന തുടങ്ങി നിരവധി രാജ്യങ്ങളില്‍ നിന്ന് വിനോദസഞ്ചാരികള്‍ ഇവിടെ എത്താറുണ്ട്.
മലയാളികള്‍ക്ക് അഹമ്മദാബാദില്‍ എങ്ങനെ എത്താം?
കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ എന്നീ വിമാനത്താവളങ്ങളില്‍ നിന്ന് അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് കണക്ഷന്‍ ഫ്‌ളൈറ്റുകള്‍ ലഭ്യമാണ്. വിമാനത്താവളത്തില്‍ നിന്ന് സബര്‍മതി റിവര്‍ ഫ്രണ്ടിലേക്ക് 10-12 കിലോമീറ്റര്‍ ദൂരമേയുള്ളൂ.
ട്രെയിന്‍ മാര്‍ഗം പോകുന്നവര്‍ക്ക്: കേരള സമ്പൂര്‍ണ ക്രാന്തി എക്‌സ്പ്രസ്, തിരുവനന്തപുരം - വെരാവല്‍ എക്‌സ്പ്രസ്, ഗാന്ധിധാം എക്‌സ്പ്രസ് തുടങ്ങിയ ട്രെയിനുകള്‍ അഹമ്മദാബാദ് ജംഗ്ഷനില്‍ നിര്‍ത്തും. 30 മുതല്‍ 36 മണിക്കൂര്‍ വരെയാണ് യാത്രാ സമയം. പട്ടം മഹോത്സവ സമയത്ത് തിരക്ക് കൂടുതലായിരിക്കുമെന്നതിനാല്‍ ഹോട്ടലുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുക.












Click it and Unblock the Notifications