കാവേരിയുടെ സ്വന്തം നിസർഗധാമ, മഞ്ഞ് മൂടിയ മടിക്കേരി; കൂർഗിലെ അതിമനോഹര കാഴ്ചകൾ
കേരളത്തിനു പുറത്ത് മലയാളികൾ ഏറ്റവും കൂടുതൽ പോകുന്ന ഇടങ്ങളിലൊന്നാണ് കൂർഗ്. എളുപ്പത്തിൽ ചെലവ് കുറഞ്ഞ ഒരു യാത്ര നോക്കുന്നവരെ ഇന്ത്യയുടെ സ്കോട്ലന്‍ഡ് എന്നറിയപ്പെടുന്ന കൂർഗ് ഒട്ടും നിരാശരാക്കില്ല. ഓറഞ്ച് തോട്ടങ്ങളും കാപ്പിച്ചെടികളും മലമേടുകളും ഒക്കെ ചേരുന്ന ഇവിടേക്ക് വരുമ്പോൾ നിർബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങൾ പരിചയപ്പെടാം.
മടിക്കേരി
കൂർഗിലേക്കാണ് യാത്രയെങ്കിൽ വന്നിറങ്ങുന്ന പ്രധാന സ്ഥലമാണ് മടിക്കേരി. ഇവിടെ നിന്നും കൂര്‍ഗിന്‍റെ മറ്റു ഭാഗങ്ങളിലേക്ക് പോകാൻ എളുപ്പമാണ്. മികച്ച താമസ സൗകര്യങ്ങളും ഗതാഗത സൗകര്യങ്ങളും മടിക്കേരിയിലുണ്ട്. രാജാ സീറ്റ്, മടിക്കേരി കോട്ട, മണ്ഡൽപെട്ടി തുടങ്ങിയവയാണ് ഇവിടെ സന്ദർശിക്കാനുള്ള സ്ഥലങ്ങൾ. ഏതു സമയത്തും പ്രസന്നമായ കാലാവസ്ഥയാണ് ഇവിടെയുള്ളത്.

ഗോൾഡൻ ടെംപിൾ
കൂർഗ് യാത്രയിലെ ആദ്യ ലക്ഷ്യസ്ഥാനം മിക്കപ്പോഴും ഇവിടുത്തെ സുവർണ്ണ ക്ഷേത്രമാണ്. ടിബറ്റിലെ ക്ഷേത്രത്തിൽ എത്തിപ്പെട്ട അതേ പ്രതീതിയാണ് നംഡ്രോളിങ് മൊണാസ്ട്രി എന്ന ഗോൾഡൻ ടെംപിൾ നിങ്ങൾക്ക് നല്കുന്നത്. പരമ്പരാഗത ടിബറ്റൻ ശൈലിയിലാണ് ഇവിടുത്തെ ക്ഷേത്രങ്ങളും മറ്റു നിർമ്മിതികളും ഉള്ളത്. മടിക്കേരിയിൽ നിന്നും കുശാൽ നഗറിലെത്തി അവിടുന്ന് വീണ്ടും നാല് കിലോമീറ്റർ അകലെയുള്ള ബൈലക്കുപ്പെ എന്ന സ്ഥലത്താണ് ഈ ക്ഷേത്രമുള്ളത്.
നിസർഗധാമ
കുശാൽ നഗറിൽ നിന്നും മൂന്ന് കിലോമീറ്റര്‍ അകലെയാണ്
നിസർഗധാമ സ്ഥിതി ചെയ്യുന്നത്. കാവേരി നദിയിൽ സ്ഥിതി ചെയ്യുന്ന ദ്വീപായ ഇവിടം കുട്ടികളെയും കൂട്ടി പോകുവാൻ പറ്റിയ സ്ഥലമാണ്. ബൈലക്കുപ്പയ്ക്കും മടിക്കേരിക്കും നടുവിലായാണ് ഇവിടമുള്ളത്. തൂക്കുപാലം, മുളങ്കാടുകള്‍, ബോട്ട് യാത്ര, ഉദ്യാനങ്ങൾ, മാൻ പാർക്ക് എന്നിങ്ങനെ കാണാൻ നിരവധി കാഴ്ചകളുണ്ടിവിടെ.
തലക്കാവേരി
കൂർഗ് യാത്രയിലെ വിട്ടുപോകരുതാത്ത സ്ഥലമാണ് തലക്കാവേരി. വിനോദസഞ്ചാര കേന്ദ്രമെന്നതിനേക്കാൾ ഒരു തീർത്ഥാടന കേന്ദ്രം എന്ന നിലയിലാണ് ആളുകൾ ഇവിടം സന്ദർശിക്കുന്നത്. കാവേരി നദിയുടെ ഉത്ഭവ സ്ഥാനമായി അറിയപ്പെടുന്ന സ്ഥലമാണ് തലക്കാവേരി. ബാഗമണ്ഡല എന്ന സ്ഥലത്തിനടുത്താണ് തലക്കാവേരിയുള്ളത്. സമുദ്ര നിരപ്പിൽ നിന്നും 1276 മീറ്റർ ഉയരത്തിലാണിവിടമുള്ളത്.
അബ്ബി വെള്ളച്ചാട്ടം
കൂർഗിലെ വെള്ളച്ചാട്ടങ്ങൾ പ്രസിദ്ധമാണെങ്കിലും അതിലേറ്റവും കൂടുൽ ആളുകളെത്തുന്നത് അബ്ബി വെള്ളച്ചാട്ടം കാണാനാണ്. 70 അടി ഉയരത്തിൽ നിന്നും പാറക്കെട്ടുകളിലൂടെ താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടം കാണാൻ കാപ്പിത്തോട്ടങ്ങൾക്കു നടുവിലൂടെ നടന്നെത്തണം. ഇവിടെ പതിക്കുന്ന വെള്ളം പിന്നെ ഒഴുകി കാവേരി നദിയുമായി ചേരുന്നു. ജെസി വെള്ളച്ചാട്ടം എന്നായിരുന്നു ഇതിന്റെ ആദ്യ പേര്.












Click it and Unblock the Notifications