ഡാര്‍ജിലിങ് ചായ കുടിച്ച് തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ ഒരു ട്രെയിന്‍ യാത്ര; ആഹാ... ഇപ്പോള്‍ കൂടുതല്‍ ആകര്‍ഷകം
ഒരു ഡാര്‍ജിലിങ് ചായയൊക്കെ കുടിച്ച് ഈറനണിഞ്ഞ തേയിലത്തോട്ടങ്ങള്‍ക്കു നടുവിലൂടെ ഒരു ട്രെയിന്‍ യാത്ര, ആഹാ... അതിമനോഹരമായ ഒരു കാഴ്ചാനുഭവവും കുളിരുമാണ് ഡാര്‍ജിലിങ് ഹിമാലയന്‍ റെയില്‍വേ (ഡിഎച്ച്ആര്‍) യാത്രക്കാര്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദേശങ്ങളില്‍ നിന്നും കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് പുതിയ യാത്രാ പദ്ധതികള്‍ ഡിഎച്ച്ആര്‍ അവതരിപ്പിക്കുന്നത്.
ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ഡാര്‍ജിലിങ് ഹിമാലയന്‍ റെയില്‍വേയുടെ കളിപ്പാട്ട ട്രെയിന്‍ യാത്ര ഏറെ പ്രശസ്തമാണ്. ഇവിടേക്ക് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകവും ഈ ടോയ് ട്രെയിനുകള്‍ സമ്മാനിക്കുന്ന ജോയ് റൈഡുകളാണ്. ഹിമാലയത്തിന്റെ താഴ്‌വാരങ്ങളില്‍ കുളിരണിഞ്ഞു നില്‍ക്കുന്ന തേയിലത്തോട്ടങ്ങള്‍ക്ക് ഇടയിലൂടെയും മലനിരകള്‍ക്ക് ഇടയിലൂടെയുമുള്ള ടോയ് ട്രെയിന്‍ യാത്ര അവിസ്മരണീയമായ യാത്രാനുഭവമാണ്. ഡാര്‍ജിലിങ്ങിനും ഘൂമിനും ഇടയിലുള്ള ഈ യാത്ര കൂടുതല്‍ ആകര്‍ഷകമാക്കാനുള്ള ശ്രമങ്ങളിലാണ് ഡിഎച്ച്ആര്‍.

യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍ ഇടം പിടിച്ചിട്ടുള്ളതാണ് ഡാര്‍ജിലിങ് ഹിമാലയന്‍ റെയില്‍വേ സ്റ്റേഷന്‍. 1881 ലാണ് ഇവിടെ നിന്നുള്ള ട്രെയിന്‍ യാത്ര ആരംഭിക്കുന്നത്. ഇപ്പോള്‍ കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാനുള്ള പദ്ധതിയിലാണ് ഡിഎച്ച്ആര്‍. കല്‍ക്കരി, ഡീസല്‍ ട്രെയിനുകളാണ് സര്‍വീസ് നടത്തുന്നത്.
ടോയ് ട്രെയിന്‍ യാത്രയില്‍ ലോകപ്രശസ്തമായ ഡാര്‍ജലിങ് ചായ ഉണ്ടാക്കുന്ന ഫാക്ടറി സന്ദര്‍ശനം, മലനിരകള്‍ക്കിടയിലൂടെയുള്ള നടത്തം, ടിന്ധാരിയയിലെ പഴയ ടോയ് ട്രെയിന്‍ വര്‍ക്ക്‌ഷോപ്പിലേക്കുള്ള യാത്ര എന്നിവയൊക്കെ പുതുതായി റെയില്‍വേ വാഗ്ദാനം ചെയ്യുന്ന പുതിയ ആകര്‍ഷണങ്ങളില്‍ ഉള്‍പ്പെടും. പണ്ടത്തെ കൊളോണിയല്‍ കാലത്തേക്കുള്ള ഒരു തിരിച്ചുപോകും കൂടിയാകും കല്‍ക്കരി ട്രെയിന്‍ യാത്ര നല്‍കുന്നത്.
ടീ എസ്റ്റേറ്റുകള്‍, ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, വനം വകുപ്പ്, ഗൂര്‍ഖാലാന്‍ഡ് ടെറിട്ടോറിയല്‍ അഡ്മിനിസ്‌ട്രേഷന്‍ എന്നിവയുമായി ചേര്‍ന്നാണ് പുതിയ യാത്രാ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതെന്ന് ഡിഎച്ച്ആര്‍ ഡയറക്ടര്‍ ഋഷവ് ചൗധരി പറഞ്ഞു. കൂടുതല്‍ യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ പുതിയ ലോക്കോ മോട്ടിവ് കോച്ചുകളും അവതരിപ്പിക്കുന്നുണ്ട്. പുതിയ ഹ്രസ്വദൂര സര്‍വീസുകളും ചാര്‍ട്ടേഡ് യാത്രകളും ആരംഭിക്കാനും പദ്ധതിയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡാര്‍ജിലിങ്ങിലെ മനോഹരമായ കാഴ്ചകള്‍ കാണാനും ചരിത്രം അറിയാനുമുള്ള അവസരം ഒരുക്കിയാണ് പുതിയ യാത്രാ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. പ്രാദേശിക പങ്കാളിത്തത്തോടെയുള്ള ടൂറിസം പദ്ധതികളാണ് ഡിഎച്ച്ആര്‍ നടപ്പാക്കുന്നത്.
വിദേശയാത്രക്കാരെയും ആഭ്യന്തര യാത്രക്കാരെയും ഒരു പോലെ ആകര്‍ഷിക്കുന്നതിനായി
ഡാര്‍ജിലിങ്ങിനും ഘൂമിനും ഇടയില്‍ അഞ്ച് ഡീസല്‍ ജോയ്‌റൈഡ് ട്രെയിനുകള്‍ സര്‍വീസുകള്‍ കൂടി നടത്താന്‍ തീരുമാനിച്ചിരുന്നു. നിലവില്‍ നാല് കല്‍ക്കരി, നാല് ഡീസല്‍ ടോയ് ട്രെയിനുകളാണ് സര്‍വീസ് നടത്തുന്നത്. അവധിക്കാലമായതോടെ വിനോദ സഞ്ചാരികളുടെ തിരക്ക് വര്‍ധിച്ചോടു കൂടിയാണ് അഞ്ച് പ്രത്യേക ട്രെയിനുകള്‍ കൂടി സര്‍വീസ് ആരംഭിച്ചത്.












Click it and Unblock the Notifications