ഡിസംബറില്‍ മഞ്ഞു പൊഴിയുന്നതു കാണാന്‍ യൂറോപ്പിലേക്കൊന്നും പോകണ്ട; ഈ സ്ഥലങ്ങള്‍ നോക്കിവച്ചോളൂ
ഡിസംബറില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ കാണാന്‍ പ്രത്യേക ഭംഗിയാണ്. ക്രിസ്മസിന്റെ വൈബും മഞ്ഞില്‍ കുളിച്ച് നില്‍ക്കുന്ന ഇലകളും ചെടികളും തിളങ്ങുന്ന അലങ്കാരങ്ങളും ഒക്കെ മാസ്മരികമായ ഒരു സൗന്ദര്യമാണ് നല്‍കുന്നത്. എന്നാല്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് യാത്ര പോവുക എന്നത് എല്ലാവര്‍ക്കും സാധ്യമായ കാര്യമല്ല. യാത്രയ്ക്കുള്ള വലിയ ബജറ്റ് ആണ് പലര്‍ക്കും പ്രശ്‌നമാകുന്നത്. എന്നാല്‍ ഈ ക്രിസ്മസ് അവധിക്കാലത്ത് യൂറോപ്യന്‍ രാജ്യങ്ങളുടെ ചിത്രങ്ങള്‍ കണ്ട് നിരാശപ്പെടേണ്ട കാര്യമില്ല.
ഈ രാജ്യങ്ങളിലെ ക്രിസ്മസ് വൈബ് അതേപടി കിട്ടുന്ന സ്ഥലങ്ങള്‍ ഇന്ത്യയിലും ഉണ്ട്. അങ്ങനെയുള്ള അഞ്ച് സലങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇവിടങ്ങളില്‍ പോകാനുള്ള ഏറ്റവും പറ്റിയ സമയമാണ് ക്രിസ്മസ് അവധിക്കാലം.
മണാലി
ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഹില്‍ സ്റ്റേഷനുകളില്‍ ഒന്നാണ് ഹിമാചല്‍ പ്രദേശിലെ മണാലി. പ്രത്യേകിച്ച് ക്രിസ്മസ് സമയത്ത്. മഞ്ഞുമൂടിയ പ്രകൃതിദൃശ്യങ്ങള്‍, മനോഹരമായ മാര്‍ക്കറ്റുകള്‍, ക്രിസ്മസിന്റെ ഉത്സവാന്തരീക്ഷം എന്നിവയാല്‍ സമ്പന്നമാണ് ഈ നഗരം. ക്രിസ്മസ് ആഘോഷത്തിന് ഏറ്റവും പറ്റിയ സ്ഥലമാണ് മണാലി. ഡല്‍ഹിയില്‍ നിന്ന് റോഡ് മാര്‍ഗ്ഗം മണാലിയിലേക്ക് എളുപ്പം എത്തിച്ചേരാം. ജോഗിന്ദര്‍ നഗറാണ് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍. കുളു-മണാലി എയര്‍പോര്‍ട്ട് ആണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. നഗരത്തില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയാണ് വിമാനത്താവളം. ബജറ്റ് ഹോട്ടലുകള്‍ മുതല്‍ സ്റ്റാര്‍ ഹോട്ടലുകള്‍ വരെ ഇവിടെ താമസത്തിന് ലഭ്യമാണ്.

ഒലി, ഉത്തരാഖണ്ഡ്
ഭൂമിയിലെ സ്വര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ഉത്തരാഖണ്ഡിലെ ഒലി എന്ന പ്രദേശം. ഇത് ക്രിസ്മസ് ആഘോഷത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലമാണ്. മഞ്ഞുമൂടിയ കാലാവസ്ഥയ്‌ക്കൊപ്പം അല്പം സാഹസികത കൂടി പരീക്ഷിക്കാന്‍ പറ്റിയ സ്ഥലമാണ് ഇവിടം. ഇന്ത്യയുടെ സ്‌കീയിംഗ് തലസ്ഥാനമായാണ് ഒലി അറിയപ്പെടുന്നത്. മഞ്ഞുമൂടിയ ഹിമാലയന്‍ പര്‍വ്വതനിരകളുടെ അതിമനോഹരമായ കാഴ്ചയാണ് ഇവിടങ്ങളില്‍ കാണാന്‍ കഴിയുന്നത്. ക്രിസ്മസ് സമയത്ത് മുഴുവന്‍ ഭൂമിയും മഞ്ഞില്‍ മൂടുന്നു. മറക്കാനാകാത്ത അനുഭവമായിരിക്കും ഒലി നിങ്ങള്‍ക്ക് നല്‍കുക.
ഹരിദ്വാര്‍, ഋഷികേശ്, ഡെറാഡൂണ്‍ എന്നിവിടങ്ങളില്‍ നിന്ന് റോഡ് മാര്‍ഗ്ഗം ഒലിയില്‍ എത്തിച്ചേരാം. ഏറ്റവും അടുത്തുള്ള വിമാനത്താവളം ഡെറാഡൂണിലെ ജോളി ഗ്രാന്‍ഡ് വിമാനത്താവളമാണ്.
ഗുല്‍മാര്‍ഗ്
മഞ്ഞിനെ പ്രണയിക്കുന്നവര്‍ക്ക് ഏറ്റവും നല്ല സ്ഥലം ആയിരിക്കും കാശ്മീരിലെ ഗുല്‍മാര്‍ഗ്. ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ഇവിടെ മഞ്ഞുവീഴ്ചയുള്ളത്. ക്രിസ്മസ് ആഘോഷം ഒരു കുളിരു പോലെ മനസ്സില്‍ കൊണ്ടുനടക്കാന്‍ ഏറ്റവും നല്ല ഓര്‍മ്മകള്‍ ലഭിക്കുന്ന സ്ഥലമാണ് ഗുല്‍മാര്‍ഗ്. ഏറ്റവും അടുത്തുള്ള വിമാനത്താവളം ശ്രീനഗര്‍ വിമാനത്താവളമാണ്. ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ ജമ്മു താവി റെയില്‍വേ സ്റ്റേഷനാണ്.
ലഡാക്ക്
പരുക്കന്‍ ഭൂപ്രദേശം ആണെങ്കിലും ഡിസംബറില്‍ ഇതൊരു മഞ്ഞുമൂടിയ സ്വര്‍ഗ്ഗമായി മാറും. മഞ്ഞുമൂടിയ പര്‍വതനിരകളും തണുത്തുറഞ്ഞ നദികളും കാഴ്ചയുടെ വസന്തം സൃഷ്ടിക്കുന്നു. ഇവിടുത്തെ ട്രക്കിങ്ങും സന്‍സ്‌കാര്‍ നദിയിലൂടെയുള്ള യാത്രയും തീര്‍ച്ചയായും അനുഭവിക്കേണ്ട കാര്യങ്ങളാണ്. ക്രിസ്മസ് കാലത്ത് ശാന്തിയും സമാധാനവും ആഗ്രഹിക്കുന്നവര്‍ക്ക് സവിശേഷമായ അനുഭവമാണ് ലഡാക്ക് നല്‍കുന്നത്. ലഡാക്കിന്റെ തലസ്ഥാനമായ ലേ, മണാലിയില്‍ നിന്നും ശ്രീനഗറില്‍ നിന്നും റോഡ് മാര്‍ഗം എത്താം. കുഷോക് ബകുല റിംപോചി വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം.
യംതാങ്
സമുദ്രനിരപ്പില്‍ നിന്ന് 8800 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന സ്ഥലമാണ് വടക്കന്‍ സിക്കിമിലെ യംതാങ്. പൂക്കളുടെ താഴ്‌വര എന്നതാണ് ഈ സ്ഥലം അറിയപ്പെടുന്നത്. ക്രിസ്മസ് അവധിക്കാലത്ത് പോകാന്‍ പറ്റിയ ഏറ്റവും നല്ല സ്ഥലങ്ങളില്‍ ഒന്നാണിത്. കണ്ണെത്താത്ത ദൂരത്തോളം വ്യാപിച്ച് കിടക്കുന്ന മഞ്ഞ്, തണുത്തുറഞ്ഞ അരുവികള്‍, മഞ്ഞു മൂടിയ മരങ്ങള്‍, വര്‍ണ്ണാഭമായ വീടുകള്‍ എന്നിവ മികച്ചൊരു ക്രിസ്മസ് വ്വൈബ് നല്‍കും. ഗ്യാങ്‌ടോപ്പില്‍ ഏകദേശം 140 കിലോമീറ്റര്‍ അകലെയാണ്. ഏറ്റവും അടുത്തുള്ള വിമാനത്താവളം സിക്കിമിലെ
സിക്കിമിലെ പാക്യോങ് വിമാനത്താവളമാണ്.












Click it and Unblock the Notifications