ഡല്‍ഹി-മീററ്റ് യാത്ര ഇനി ഒരു മണിക്കൂറില്‍; ആദ്യ നമോ ഭാരത് കോറിഡോര്‍ സജ്ജം, അതിവേഗ മെട്രോയും
ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യ നമോ ഭാരത് കോറിഡോര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഡല്‍ഹി-മീററ്റ് നമോഭാരത് ഇടനാഴി 82 കിലോമീറ്ററാണ്. നേരത്തെ ഭാഗികമായി ജോലികള്‍ പൂര്‍ത്തിയായിരുന്നു. ഇപ്പോള്‍ മുഴുവന്‍ ജോലിയും പൂര്‍ത്തിയാക്കിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. മോദിക്കൊപ്പം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉണ്ടായിരുന്നു.
മീററ്റ് മെട്രോയും ഇതിനൊപ്പം ഉദ്ഘാടനം ചെയ്തു. 23 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് മെട്രോ. രാജ്യത്ത് ഏറ്റവും വേഗതയില്‍ സര്‍വീസ് നടത്തുന്ന മെട്രോയാകുമിത്. ഡല്‍ഹി-മീററ്റ് നമോഭാരത് കോറിഡോറിലൂടെ തന്നെയാണ് മീററ്റ് മെട്രോ ട്രെയിനും യാത്ര ചെയ്യുക. ഡല്‍ഹിയില്‍ നിന്ന് ഒരു മണിക്കൂറില്‍ മീററ്റില്‍ എത്താന്‍ സാധിക്കുമെന്നതാണ് പുതിയ റൂട്ടിന്റെ പ്രത്യേകത. പാലത്തിലൂടെയും ഭൂമിക്കടിയിലൂടെയും പോകുന്ന പാത സംബന്ധിച്ച് കൂടുതല്‍ അറിയാം...

ഡല്‍ഹിയില്‍ നിന്ന് ഗാസിയാബാദ് വിമാനത്താവളത്തില്‍ എത്തിയ മോദിയെ മുഖ്യമന്ത്രി യോഗി സ്വീകരിച്ചു. ശേഷം ഇരുവരും ഉള്‍പ്പെടുന്ന സംഘം മീററ്റിലെത്തി. 12930 കോടിയുടെ പദ്ധതികളാണ് ഇന്ന് ഉദ്ഘാടനം ചെയ്തത്. മീററ്റ് മെട്രോയുടെ വേഗത മണിക്കൂറില്‍ 120 കിലോമീറ്ററാണ്. 30 മിനുട്ടില്‍ മെട്രോ ട്രെയിന്‍ സര്‍വീസ് പൂര്‍ത്തിയാക്കും. നമോഭാരത് ട്രെയിനും മെട്രോ ട്രെയിനും ഒരേ ട്രാക്കിലാകും സര്‍വീസ് നടത്തുക എന്നതും എടുത്തു പറയണം.
ഡല്‍ഹി, ഗാസിയാബാദ്, മീററ്റ് നഗരങ്ങളെ ബന്ധിപ്പിക്കുന്ന നാമോഭാരത് ഇടനാഴി പൂര്‍ണമായും സജ്ജമായി. മൊത്തം 16 സ്റ്റേഷനുകളാണ് ഈ പാതയില്‍. നാമോഭാരത് ട്രെയിനുകള്‍ പ്രത്യേകിച്ചും അതിവേഗ യാത്രകള്‍ക്കായി രൂപകല്‍പ്പന ചെയ്തവയാണ്. മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയില്‍ ആണ് ഇതിന്റെ രൂപകല്‍പ്പന. എന്നാല്‍ പരമാവധി പ്രവര്‍ത്തന വേഗത 160 കിലോമീറ്ററാണ്.
ഉത്തര്‍ പ്രദേശില്‍ 68 കിലോമീറ്റര്‍, ഭൂമിക്കടിയില്‍ 2 സ്‌റ്റേഷന്‍
ഇതുവരെ ന്യൂ അശോക് നഗര്‍ മുതല്‍ മീററ്റ് സൗത്ത് വരെയുള്ള 55 കിലോമീറ്റര്‍ ദൂരവും അതിലെ 11 സ്റ്റേഷനുകളും മാത്രമാണ് ഭാഗികമായി പ്രവര്‍ത്തനക്ഷമമായിരുന്നത്. ഡല്‍ഹിയിലെ സരായി കാലെ ഖാന്‍ മുതല്‍ ന്യൂ അശോക് നഗര്‍ വരെയുള്ള 5 കിലോമീറ്റര്‍ ഭാഗവും ഉത്തര്‍പ്രദേശിലെ മീററ്റ് സൗത്ത് മുതല്‍ മോദിപുരം വരെയുള്ള 21 കിലോമീറ്റര്‍ ഭാഗവും കൂടി പൂര്‍ത്തിയാക്കി. ഇതോടെ 82 കിലോമീറ്റര്‍ ഇടനാഴി പൂര്‍ണമായി.
ഈ ഇടനാഴിയില്‍ മൊത്തം 16 സ്റ്റേഷനുകളാണുള്ളത്. ഇതില്‍ 13 എണ്ണം ഉയര്‍ത്തിയ നിലയിലും രണ്ടെണ്ണം ഭൂമിക്കടിയിലും (ആനന്ദ് വിഹാര്‍, ബേഗംപുള്‍) ഒരെണ്ണം നിലത്തും (ദുഹായ് ഡിപ്പോ) സ്ഥിതി ചെയ്യുന്നു. സാഹിബാബാദ്, ഗാസിയാബാദ്, മോദിനഗര്‍, മീററ്റ് തുടങ്ങിയ പ്രധാന നഗരകേന്ദ്രങ്ങളെ ഡല്‍ഹിയുമായി ബന്ധിപ്പിച്ച് എന്‍സിആറിലെ പ്രാദേശിക യാത്ര കൂടുതല്‍ വേഗത്തിലാക്കാന്‍ ഇത് സഹായിക്കും.
രാജ്യത്തെ ആദ്യത്തെ നാമോഭാരത് പ്രാദേശിക അതിവേഗ ഗതാഗത ശൃംഖലയാണിത്. 14 കിലോമീറ്റര്‍ ഡല്‍ഹിയിലും 68 കിലോമീറ്റര്‍ ഉത്തര്‍പ്രദേശിലുമാണ്. മീററ്റ് സൗത്ത് മുതല്‍ മോദിപുരം വരെയുള്ള മീററ്റ് മെട്രോ സര്‍വീസുകളും ഇതോടൊപ്പം ആരംഭിച്ചു. 120 കിലോമീറ്റര്‍ പ്രവര്‍ത്തന വേഗതയില്‍ സഞ്ചരിക്കുന്ന മീററ്റ് മെട്രോ, എല്ലാ നിശ്ചിത സ്റ്റോപ്പുകളും ഉള്‍പ്പെടെ അതിന്റെ മുഴുവന്‍ ദൂരവും ഏകദേശം 30 മിനിറ്റിനുള്ളില്‍ പിന്നിടും.












Click it and Unblock the Notifications