ട്രെയിനില്‍ തേങ്ങയ്ക്ക് വിലക്കുള്ളത് അറിയാമോ? കാരണം ഇതാണ്: കൊണ്ടുപോയാല്‍ പിഴ അടയക്കണം
ട്രെയിനില്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പു വരുത്താന്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഇന്ത്യന്‍ റെയില്‍വേ ഇപ്പോള്‍ നടപ്പില്‍ വരുത്തുന്നത്. ട്രെയിനുകളില്‍ കൊണ്ടുപോകുന്നതിന് നിരവധി വസ്തുക്കള്‍ക്കു വിലക്കുണ്ട്. പടക്കങ്ങള്‍, തീപിടിക്കാന്‍ സാധ്യതയുള്ള രാസവസ്തുക്കള്‍, ഗ്യാസ് സ്റ്റൗ, പെട്രോള്‍, ഡീസല്‍ എന്നിവ അതില്‍ ഉള്‍പ്പെടും. എന്നാല്‍ നമ്മുടെ ദൈനംദിന ഭക്ഷണത്തില്‍ ഒഴിച്ചുകൂടാനാകാത്ത ഒരു സാധനത്തിന് വിലക്കുള്ളത് പലര്‍ക്കും അറിയാത്ത കാര്യമാണ്.
ഉണങ്ങിയ തേങ്ങയ്ക്കാണ് ഇന്ത്യയിലുടനീളമുള്ള ട്രെയിനുകളില്‍ നിരോധനമുള്ളത്. പ്രത്യേകിച്ചും നാരുകളുള്ള പുറംതോട് ഉള്ള ഉണങ്ങിയ തേങ്ങ കൊണ്ടുപോകുന്നത് റെയിവേയുടെ നിയമപ്രകാരം കുറ്റകരമാണ്. പാവത്താനായ തേങ്ങയ്ക്ക് എന്തുകൊണ്ടാണ് വിലക്ക് എന്ന് ചിന്തിച്ചേക്കാം. എന്നാല്‍ കാര്യമറിയുമ്പോഴാണ് അതിന്റെ ഗൗരവം മനസിലാകുന്നത്. പല യാത്രക്കാര്‍ക്കും ഇക്കാര്യം അറിയില്ല.

കാഴ്ചയില്‍ നിരുപദ്രവകരമെന്ന് തോന്നാമെങ്കിലും, ഉണങ്ങിയ തേങ്ങയുടെ തൊണ്ട് വളരെ വേഗം കത്തിപ്പിടിക്കുന്നതാണ്. ഒരു ചെറിയ തീപ്പൊരി പോലും ട്രെയിനില്‍ തീപിടിത്തത്തിന് കാരണമാകും. അടച്ചിട്ട ട്രെയിന്‍ കമ്പാര്‍ട്ടുമെന്റുകളില്‍ ഇത് വലിയ അപകടത്തിലേക്ക് നയിക്കുകയും ചെയ്യും. അതുകൊണ്ടാണ് റെയില്‍വേ അധികൃതര്‍ ഉണങ്ങിയ തേങ്ങയെ നിരോധിത വസ്തുക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. അതേസമയം, ഈര്‍പ്പമുള്ളതും തൊണ്ട് കളഞ്ഞതുമായ തേങ്ങകള്‍ ട്രെയിനില്‍ കൊണ്ടുപോകുന്നതിന് വിലക്കില്ല.
യാത്രക്കാര്‍ തൊണ്ടോടു കൂടി തേങ്ങ ട്രെയിനില്‍ കൊണ്ടുപോകുന്നത് പിടികൂടിയാല്‍ ഇന്ത്യന്‍ റെയില്‍വേ കര്‍ശന നടപടിയെടുക്കും. നിലവിലുള്ള നിയമങ്ങള്‍ അനുസരിച്ച് നിയമലംഘനം നടത്തുന്നവര്‍ക്ക് 1,000 രൂപ വരെ പിഴ ചുമത്തുകയോ മൂന്നു വര്‍ഷം വരെ തടവ് ലഭിക്കുകയോ, അല്ലെങ്കില്‍ ഇത് രണ്ടും ഒരുമിച്ച് ലഭിക്കുകയോ ചെയ്യാം. റെയില്‍വേയുടെ സ്വത്തിനോ മറ്റ് യാത്രക്കാര്‍ക്കോ കേടുപാടുകള്‍ വരുത്തുകയോ അപകടമുണ്ടാക്കുകയോ ചെയ്യുന്ന സാഹചര്യങ്ങളില്‍ ശിക്ഷ കൂടുതല്‍ കഠിനമായിരിക്കും.
ഉണങ്ങിയ തേങ്ങ ഒഴികെയുള്ള മറ്റ് പഴങ്ങളും ദൈനംദിന ലഘുഭക്ഷണങ്ങളും വീട്ടില്‍ പാകം ചെയ്ത ഭക്ഷണവും പാക്കേജ് ഫുഡും ട്രെയിനില്‍ കൊണ്ടുപോകുന്നതിന് യാതൊരു തടസവുമില്ല. ട്രെയിനില്‍ സ്ഥിരമായി യാത്ര ചെയ്യുന്നവര്‍ ഇത്തരം വിലക്കുകളും നിയന്ത്രണങ്ങളും നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ടതുണ്ട്.












Click it and Unblock the Notifications