ഗവിയിലേക്ക് പോകാൻ പ്ലാനുണ്ടോ?,യാത്ര മാറ്റി വെച്ചേക്കൂ, സഞ്ചാരികൾക്ക് നിയന്ത്രണം; ഇവിടങ്ങളിലും പ്രവേശനമില്ല
പത്തനംതിട്ട: മഴ കനത്തതോടെ ഗവിയിൽ സഞ്ചാരികൾക്ക് നിയന്ത്രണം. വനം വകുപ്പിന്റെ പാക്കേജില്‍ വരുന്നവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. അല്ലാത്തവർക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് അധികൃതർ അറിയിച്ചു. ഗവി-കക്കി എക്കോ ടൂറിസം വെബ്‌സൈറ്റിലും ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയിട്ടുണ്ട്.
ജില്ലയിൽ റാന്നി, കോന്നി, പന്തളം മേഖലയില്‍ കഴിഞ്ഞ ദിവസം കനത്ത മഴയാണ് രേഖപ്പെടുത്തിയത്. മഴയിൽ മൂന്ന് മരണങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.
അതേസമയം മഴ കനത്തതോടെ തൃശൂർ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചു. അതിരപ്പിള്ളി വാഴച്ചാല്‍, വിലങ്ങന്‍ കുന്ന്, പൂമല ഡാം, കലശമല, ചെപ്പാറ, വാഴാനി ഡാം, പീച്ചി ഡാം, ഏനാമാവ് നെഹ്‌റു പാര്‍ക്ക്, സ്‌നേഹതീരം ബീച്ച്, ചാവക്കാട് ബീച്ച്, തുമ്പൂര്‍മുഴി റിവർ ഗാർഡന്‍ എന്നിവയെല്ലാം അടച്ചിട്ടുണ്ട്.

തിരുവനന്തപുരത്ത് പൊന്‍മുടി ഇക്കോടൂറിസം കേന്ദ്രത്തിലേക്കും സഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മെയ് 18 മുതൽ തന്നെ ഇവിടെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ യാത്ര നിരോധിച്ചതായി തിരുവനന്തപുരം ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു..
ഇടുക്കി ജില്ലയിലെ മലയോര മേഖലയില്‍ രാത്രികാല യാത്രയ്ക്ക് നിരോധനമുണ്ട്. സഞ്ചാരികളുടെ സുരക്ഷ കണക്കിലെടുത്ത് വെള്ളച്ചാട്ടങ്ങള്‍ക്കും ജലാശയങ്ങള്‍ക്കും സമീപത്തുള്ള പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിരപ്പിള്ളി വാഴച്ചാല്‍ ഉള്‍പ്പടെയുള്ള തൃശൂര്‍ ജില്ലയിലെ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും അടച്ചിരിക്കുകയാണ്.
വർക്കല ബീച്ചിൽ കറങ്ങാൻ പദ്ധതിയുണ്ടെങ്കിൽ ഇപ്പോൾ അത് മാറ്റിവെയ്ക്കാം എന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്. നിയന്ത്രണം ഇല്ലെങ്കിലും സഞ്ചാരികൾ കടലിൽ ഇറങ്ങരുതെന്ന മുന്നറിയിപ്പാണ് അധികൃതർ നൽകുന്നത്.
ഇടുക്കിയിൽ രാത്രി യാത്രക്ക് നിയന്ത്രണം
ഇടുക്കി ജില്ലയിലെ മലയോരമേഖലകളിലൂടെയുള്ള രാത്രി യാത്ര നിരോധിച്ചിട്ടുണ്ട്. ജില്ലയിലെ വിനോദ സഞ്ചാരമേഖലകളിൽ സുരക്ഷ ഉറപ്പാക്കുന്നതിനും വെള്ളച്ചാട്ടങ്ങൾ , ജലാശയങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പിന്‍വലിക്കുന്നതു വരെ നിയന്ത്രണങ്ങൾ തുടരുമെന്നും അധികൃതർ അറിയിച്ചു. ഇന്ന് ജില്ലയിൽ ഓറഞ്ച് അലർട്ട് ആണ്.
മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള മലയോര മേഖലകളിലും മഴ അവസാനിക്കുന്നത് വരെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.. ഇത്തരം സ്ഥലങ്ങളിലേക്കുള്ള റോഡുകളിൽ തന്നെ മണ്ണിടിച്ചിൽ സാധ്യത ഉള്ളയിടങ്ങളിൽ സുരക്ഷ ബോർഡുകൾ സ്ഥാപിക്കുകയും ആവശ്യമായ യാത്ര നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യണമെന്നാണ് നിർദ്ദേശം.












Click it and Unblock the Notifications