സാഹസികരെ.. ഇതാ സന്തോഷ വാർത്ത; ദൂത് സാഗർ തുറന്നു, ജീപ്പ് സവാരിയും നടത്താം
സാഹസിക സഞ്ചാരികളുടെ പറുദീസയാണ് ദൂത്സാഗർ. ആർത്തലച്ച് പതിക്കുന്ന വെള്ളച്ചാട്ടത്തിന്റെ കാഴ്ച ഒരിക്കലെങ്കിലും കണ്ടില്ലെങ്കിൽ അത് വലിയ നഷ്ടമായിപ്പോകും. ദൂത്സാഗർ എന്നാൽ അതിമനോഹരമായ വെള്ളച്ചാട്ടം മാത്രമല്ല, അവിടേക്കുള്ള ട്രെക്കിംഗും ജീപ് സവാരിയുമെല്ലാം ചേരുമ്പോഴാണ് യാത്രയുടെ ത്രിൽ പൂർണമാകുകയുള്ളൂ.
മാണ്ഡവി നദിയിലാണ് ദൂത്സാഗർ വെള്ളച്ചാട്ടം. 1017 അടിയിൽ നിന്നും താഴേക്ക് പതിക്കുന്ന ഈ വെള്ളച്ചാട്ടം ഇന്ത്യയിലെ തന്നെ ഏറ്റവും ഉയരത്തിൽ നിന്നുള്ള വെള്ളച്ചാട്ടങ്ങളിൽ ഒന്നാണ്. മഴക്കാലത്ത് ദൂത് സാഗർ അതിന്റെ പൂർണസൗന്ദര്യത്തിൽ എത്തുന്നതെങ്കിലും സുരക്ഷ പരിഗണിച്ച് ഈ സമയത്ത് ആളുകൾക്ക് ഇവിടെ പ്രവേശനം ഇല്ല. എന്നാൽ ഏറെ നാളുകൾക്ക് ശേഷം വീണ്ടും സഞ്ചാരികൾക്കായി ദൂത് സാഗർ സഞ്ചാരികൾക്കായി തുറന്നിരിക്കുകയാണ്. ദൂത് സാഗറിലേക്കുള്ള ജീപ്പ് സവാരി കൂടി പുനഃരാരംഭിച്ചതായി ഗോവ ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷൻ (ജിടിഡിസി) അറിയിച്ചു.

ഇനി സഞ്ചാരികൾക്കായി ജീപ്പ് സവാരിക്ക് മുൻകൂട്ടി ബുക്ക് ചെയ്യാൻ സാധിക്കും. ബുക്കിംഗ് നടപടികൾ എല്ലാം ഓൺലൈൻ വഴിയായിരിക്കും. ഓണ്‍ലൈൻ സേവനങ്ങൾക്കായി സ്വകാര്യ ഏജൻസിയെ ചുമതലപ്പെടുത്തിയതായി ജിടിഡിസി ചെയർമാൻ ഗണേഷ് ഗാവോങ്കർ മാധ്യമങ്ങളോട് പറഞ്ഞു. ഡിജിറ്റലൈസേഷൻ പ്രവർത്തനങ്ങളിൽ പ്രാദേശിക പഞ്ചായത്ത് ജിടിഡിസിയുമായി സഹകരിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു,
സാധാരണയായി ജീപ്പ് സവാരി സീസൺ ഒക്‌ടോബർ രണ്ടിനാണ് ദൂദ് സാഗറിൽ നിന്ന് ആരംഭിക്കുക.പ്രവൃത്തിദിവസങ്ങളിൽ പ്രതിദിനം 170 ജീപ്പുകളും വാരാന്ത്യങ്ങളിൽ 225 ജീപ്പുകളുമാണ് ഇവിടെ സർവ്വീസ് നടത്തുക. വനത്തിലൂടെയുള്ള ജീപ്പ് സവാരി കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിൽ സവാരിക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഒരു സവാരിയിൽ 7 പേർക്കാണ് അവസരം. ഒരാൾക്ക് 500 രൂപയാണ് ഈടാക്കുക. മൊല്ലം എന്ന സ്ഥലത്ത് നിന്നാണ് യാത്ര തുടങ്ങുക.












Click it and Unblock the Notifications