വിമാനയാത്രകള്‍; സുപ്രധാന അറിയിപ്പുമായി എത്തിഹാദും എയര്‍ ഇന്ത്യയും; ടിക്കറ്റ് എടുത്തവര്‍ അറിയാന്‍
ഇറാന്‍-ഇസ്രായേല്‍ ആക്രമണത്തെത്തുടര്‍ന്ന് വ്യോമപാതകള്‍ അടച്ചത് വിമാന യാത്രക്കാര്‍ക്ക് വലിയ തിരിച്ചടിയായിരുന്നു. നാട്ടിലേക്കും ഗള്‍ഫിലെ ജോലിസ്ഥലത്തേക്കും മറ്റും യാത്ര നിശ്ചയിച്ചിരുന്ന നിരവധി പേരുടെ യാത്രയാണ് മുടങ്ങിയത്. ഇപ്പോഴും മിഡില്‍ ഈസ്റ്റിലെ സാഹചര്യങ്ങള്‍ അനുകൂല്യമല്ലാത്തതിനാല്‍ വിമാന സര്‍വീസുകള്‍ പൂര്‍ണതോതില്‍ പുനസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല.
ഇതിന്റെ ഭാഗമായി എത്തിഹാദ് എയര്‍വേയ്സ് അബുദാബിയിലേക്കും തിരിച്ചുമുള്ള തങ്ങളുടെ എല്ലാ സര്‍വീസുകളും നാളെ (മാര്‍ച്ച് ആറ്) യുഎഇ സമയം രാവിലെ ആറ് മണി വരെ (ഇന്ത്യന്‍ സമയം രാവിലെ 7:30) വരെ നിര്‍ത്തിവെച്ചിരിക്കുകയാണ്. നിലവില്‍ അധികൃതരുടെ കര്‍ശനമായ സുരക്ഷാ അനുമതിയോടെ കാര്‍ഗോ വിമാനങ്ങളും ആളുകളെ നാട്ടിലെത്തിക്കുന്നതിനുള്ള പ്രത്യേക വിമാനങ്ങളും മാത്രമാണ് പരിമിതമായ രീതിയില്‍ സര്‍വീസ് നടത്തുന്നത്.
യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് തിരിക്കുന്നതിന് മുന്‍പ് എയര്‍ലൈനിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഫ്‌ളൈറ്റ് സ്റ്റാറ്റസ് നിര്‍ബന്ധമായും പരിശോധിക്കണമെന്ന് എത്തിഹാദ് നിര്‍ദ്ദേശിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ലഭിച്ച കണ്‍ഫേമ്ഡ് ടിക്കറ്റുകള്‍ ഇല്ലാത്തവരെ വിമാനത്താവളത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

ഫെബ്രുവരി 28-നോ അതിന് മുന്‍പോ ടിക്കറ്റ് എടുത്തവര്‍ക്ക് മാത്രമേ മാര്‍ച്ച് 31 വരെ സൗജന്യമായി ടിക്കറ്റ് (റീബുക്ക്) മാറ്റിയെടുക്കാന്‍ സാധിക്കൂ. മാര്‍ച്ച് 10 വരെയുള്ള യാത്രകള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. യാത്ര വേണ്ടെന്നു വെക്കുന്നവര്‍ക്ക് വെബ്‌സൈറ്റ് വഴിയോ ട്രാവല്‍ ഏജന്റ് വഴിയോ ടിക്കറ്റ് തുക തിരികെ ലഭിക്കുന്നതിനായി അപേക്ഷിക്കാവുന്നതാണ്.
ലോകമെമ്പാടുമായി ആറായിരത്തിലധികം വിമാനങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ റദ്ദാക്കപ്പെട്ടത്. എത്തിഹാദിനെ (190 റദ്ദാക്കലുകള്‍) കൂടാതെ എമിറേറ്റ്സ് (485 റദ്ദാക്കലുകള്‍), ഫ്‌ളൈ ദുബായ് (181 റദ്ദാക്കലുകള്‍), ഖത്തര്‍ എയര്‍വേയ്സ് (106 റദ്ദാക്കലുകള്‍) തുടങ്ങിയ പ്രമുഖ കമ്പനികളെയാണ് ഈ പ്രതിസന്ധി കാര്യമായി ബാധിച്ചത്. എമിറേറ്റ്സ് മാത്രം 485 സര്‍വീസുകള്‍ റദ്ദാക്കി.
അതിനിടെ, മാര്‍ച്ച് രണ്ടിന് എത്തിഹാദിന്റെ എട്ട് വിമാനങ്ങള്‍ സര്‍വീസ് നടത്തിയിരുന്നു. ലണ്ടന്‍, ആംസ്റ്റര്‍ഡാം, പാരീസ്, മോസ്‌കോ, കറാച്ചി, ഇസ്ലാമാബാദ്, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലേക്കുള്ള സര്‍വീസാണ് നടത്തിയത്.
നിലവിലെ സംഘര്‍ഷത്തില്‍ എയര്‍ ഇന്ത്യയും ടിക്കറ്റ് റീഫണ്ട് സംബന്ധിച്ച് നിര്‍ണായക അറിയിപ്പ് പുറപ്പെടുവിച്ചു. കഴിഞ്ഞ ഫെബ്രുവരി 28-നോ അതിന് മുന്‍പോ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് തങ്ങളുടെ യാത്ര സൗജന്യമായി മറ്റൊരു ദിവസത്തേക്ക് മാറ്റാനോ അല്ലെങ്കില്‍ ടിക്കറ്റ് റദ്ദാക്കി മുഴുവന്‍ തുകയും തിരികെ വാങ്ങാനോ സാധിക്കും. മാര്‍ച്ച് 10 വരെയുള്ള യാത്രകള്‍ക്കാണ് നിലവില്‍ ഈ ഇളവ് അനുവദിച്ചിരിക്കുന്നത്. മേഖലയിലെ സാഹചര്യങ്ങള്‍ കമ്പനി സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. വിമാനത്താവളത്തിലേക്ക് തിരിക്കുന്നതിന് മുന്‍പ് എയര്‍ ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ചോ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോണ്‍ടാക്റ്റ് സെന്ററില്‍ ബന്ധപ്പെട്ടോ തങ്ങളുടെ വിമാനത്തിന്റെ കൃത്യമായ വിവരങ്ങള്‍ ഉറപ്പുവരുത്തണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
ദുബായ് വിമാനത്താവളങ്ങള്‍ പരിമിതമായ രീതിയില്‍ പ്രവര്‍ത്തനം പുനരാരംഭിച്ചിട്ടുണ്ടെങ്കിലും എയര്‍ലൈനുകളില്‍ നിന്ന് നേരിട്ട് അറിയിപ്പ് ലഭിക്കാതെ ആരും വിമാനത്താവളത്തിലേക്ക് പോകരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഷാര്‍ജ, സായിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്നിവിടങ്ങളിലെ പ്രവര്‍ത്തനങ്ങളും താത്കാലികമായി തടസ്സപ്പെട്ടിരിക്കുകയാണ്. യുദ്ധസാഹചര്യം നിലനില്‍ക്കുന്ന മേഖലകള്‍ ഒഴിവാക്കി വിമാനങ്ങള്‍ ദീര്‍ഘദൂരം ചുറ്റി പറക്കേണ്ടി വരുന്നത് ആഗോളതലത്തില്‍ തന്നെ വലിയ യാത്രാ തടസങ്ങള്‍ക്കും വര്‍ധിച്ച ചെലവിനും നിരക്ക് വര്‍ധനയ്ക്കും കാരണമാകും.












Click it and Unblock the Notifications