ഫാസ്ടാഗ് വാര്‍ഷിക പാസ് എവിടെ നിന്ന് കിട്ടും? ഏത് വാഹനങ്ങള്‍ക്കാണ് ഉപയോഗിക്കുക, അറിയാം
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഹൈവേകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഏറെ ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന പ്രഖ്യാപനവുമായി കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ഫാസ്ടാഗ് വാര്‍ഷിക പാസ് ആണ് അദ്ദേഹം പ്രഖ്യാപിച്ചത്. ആഗസ്റ്റ് 15 മുതലാണ് ഇത് നടപ്പാകുക. ടോള്‍ ബൂത്തുകളില്‍ കെട്ടിക്കിടക്കാതെ യാത്ര ചെയ്യാന്‍ അവസരം ഒരുക്കുന്നതാണ് ഈ ഫാസ്ടാഗ് പാസ്.
നിലവില്‍ ഹൈവേ യാത്രക്കാര്‍ ഒട്ടേറെ തടസങ്ങള്‍ നേരിടുന്നുണ്ട്. പലയിടത്തും ടോള്‍ ബൂത്തുകളില്‍ ഏറെ നേരം കാത്തുനില്‍ക്കേണ്ട അവസ്ഥയുമുണ്ട്. എന്നാല്‍ പുതിയ സംവിധാനം വരുന്നതോടെ ഈ പ്രതിസന്ധിക്ക് പരിഹാരമാകുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. ഗഡ്കരി പ്രഖ്യാപിച്ച പാസ് എവിടെ കിട്ടും, എത്ര ചെലവ് വരും, എത്ര തവണ യാത്ര ചെയ്യാം തുടങ്ങിയ കാര്യങ്ങള്‍ അറിയാം...

തടസമില്ലാതെ യാത്ര ചെയ്യാന്‍ സാധിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫാസ്ടാഗ് വാര്‍ഷിക പാസ് കൊണ്ടുവരുന്നത്. ഒരു വര്‍ഷത്തേക്ക് 3000 രൂപയാണ് പാസിന് നല്‍കേണ്ടത്. ഈ വര്‍ഷം ആഗസ്റ്റ് 15 മുതല്‍ പദ്ധതി നടപ്പാക്കി തുടങ്ങും. പാസ് ആക്ടിവേറ്റ് ആകുന്ന തിയ്യതി മുതല്‍ ഒരു വര്‍ഷമാണ് കാലാവധി. അല്ലെങ്കില്‍ 200 യാത്രകളാണ് പരിധി.
ഒരു വര്‍ഷം കാലാവധി, 200 യാത്ര- ഇതില്‍ ഏതാണോ ആദ്യം പൂര്‍ത്തിയാകുന്നത് അതുവരെയാണ് പാസിന് കാലാവധിയുണ്ടാകുക. സ്വകാര്യ വാഹനങ്ങള്‍ക്ക് മാത്രമാണ് പാസ് ഉപയോഗിക്കാന്‍ സാധിക്കുക. വാണിജ്യ വാഹനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയില്ല. കാര്‍, ജീപ്പ്, വാന്‍ എന്നിവയ്ക്ക് ഉപയോഗിക്കാം. രാജ്യത്തുടനീളം ഈ പാസ് ഉപയോഗിക്കാമെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു.
വാര്‍ഷിക പാസ് ഇവിടെ കിട്ടും
പാസ് ലഭിക്കുന്നതിനും പുതുക്കുന്നതിനും രാജമാര്‍ഗ് യാത്ര ആപ്പില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ലിങ്ക് ആപ്പില്‍ കാണാം. കൂടാതെ, നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്എഐ), മിനിസ്ട്രി ഓഫ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്റ് ഹൈവേ ഓഫ് ഇന്ത്യ എന്നിവയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും ലിങ്ക് ഉണ്ടാകും.
ടോള്‍ പ്ലാസകളില്‍ കാത്തിരിക്കുന്നത് ഒഴിവാക്കാം, റോഡിലെ തിരക്ക് കുറയ്ക്കാം, ടോള്‍ പ്ലാസകളിലെ തര്‍ക്കങ്ങള്‍ ഇല്ലാതാക്കാം എന്നിങ്ങനെ നിരവധി നേട്ടം വാര്‍ഷിക ഫാസ്ടാഗ് പാസ് നടപ്പാക്കുന്നതിലൂടെ ലഭിക്കും. തടസമില്ലാത്ത യാത്ര സാ്‌യമാക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് ഗഡ്കരി പറഞ്ഞു. ഓരോ 60 കിലോമീറ്ററിലും ടോള്‍ പ്ലാസകളുണ്ട്. അവിടെയെല്ലാം കാത്തിരിക്കേണ്ടി വരുന്നത് യാത്രക്കാര്‍ക്ക് പ്രയാസമുണ്ടാക്കുന്നു എന്ന് മനസിലാക്കിയാണ് പുതിയ പദ്ധതി.
നിലവില്‍ ഫാസ്ടാഗ് ഉപയോഗിക്കുന്നവര്‍ക്ക് പുതിയ വാര്‍ഷിക പാസിലേക്ക് മാറുന്നതിന് തടസമില്ല. അതിനു വേണ്ടി അധികമായി രേഖകള്‍ കാണിക്കേണ്ടതില്ല. നിലവിലുള്ള അക്കൗണ്ട് വഴി തന്നെ പുതിയ പാസിലേക്ക് മാറാം. ആജീവനാന്ത ഫാസ്ടാഗ് സംവിധാനം കൊണ്ടുവരുമെന്ന് അടുത്തിടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു എങ്കിലും ആ പദ്ധതി ഒഴിവാക്കി. 15 വര്‍ഷത്തേക്ക് 30000 രൂപ അടച്ച് ആജീവനാന്ത പാസ് ഒരുക്കുമെന്നായിരുന്നു വാര്‍ത്തകള്‍. സാറ്റലൈറ്റ് ടോള്‍ സംവിധാനം വരുമെന്ന വാര്‍ത്തകളും ഗതാഗത മന്ത്രാലയം തള്ളി.












Click it and Unblock the Notifications