വന്ദേ ഭാരത് എക്‌സ്പ്രസ് സ്‌പെഷ്യല്‍; ആദ്യ റൂട്ട്, സമയം ഇങ്ങനെ... വിജയിച്ചാല്‍ കൂടുതല്‍ വരും
ന്യൂഡല്‍ഹി: വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ കൂടുതലായി അനുവദിക്കുകയാണ് കേന്ദ്രം. അതിവേഗ യാത്രയ്ക്ക് കൂടുതല്‍ പേര്‍ വന്ദേ ഭാരതിനെ ആശ്രയിക്കുന്നു എന്ന് മനസിലാക്കിയതോടെയാണിത്. തിരക്കേറിയ റൂട്ടുകളില്‍ കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കുമ്പോള്‍ മികച്ച ലാഭം കൊയ്യാന്‍ സാധിക്കുന്നു എന്നതും നേട്ടമാണ്. മാത്രമല്ല, ദീര്‍ഘദൂര യാത്ര ഇഷ്ടപ്പെടുന്നവര്‍ക്കും ഇതൊരു പുതിയ അനുഭവമായിരിക്കും.
ദിപാവലി ആഘോഷ സീസണ്‍ ആയതിനാല്‍ ഉത്തരേന്ത്യന്‍ ട്രെയിനുകളില്‍ വന്‍ തിരക്കാണ്. ഇക്കാര്യം പരിഗണിച്ചാണ് സ്‌പെഷ്യല്‍ വന്ദേ ഭാരത് എക്‌സ്പ്രസ് അനുവദിക്കാന്‍ റെയില്‍വെ തീരുമാനിച്ചത്. ഒരാഴ്ച മാത്രമേ ഈ ട്രെയിന്‍ സര്‍വീസ് നടത്തൂ. ഇത്തരത്തില്‍ സ്‌പെഷ്യല്‍ സര്‍വീസിന് വന്ദേ ഭാരത് എക്‌സ്പ്രസ് ഉപയോഗിക്കുന്നത് രാജ്യത്ത് ആദ്യമായിട്ടാണ്.

ന്യൂഡല്‍ഹിയില്‍ നിന്ന് ബിഹാര്‍ തലസ്ഥാനമായ പട്‌നയിലേക്കാണ് സ്‌പെഷ്യല്‍ വന്ദേ ഭാരത് ട്രെയിന്‍ സര്‍വീസ് നടത്തുക. ഈ സര്‍വീസ് വിജയം കണ്ടാല്‍ സീസണ്‍ പരിശോധിച്ച് കൂടുതല്‍ സ്‌പെഷ്യല്‍ വന്ദേ ഭാരത് ട്രെയിനുകള്‍ വരുമെന്നാണ് പ്രതീക്ഷ. ന്യൂഡല്‍ഹി-പട്‌ന യാത്രയ്ക്ക് 11.30 മണിക്കൂറാണ് വേണ്ടി വരിക. പകല്‍ മാത്രമാണ് സര്‍വീസ് ഉള്ളത് എന്നതിനാല്‍ സ്ലീപ്പര്‍ സീറ്റുകള്‍ ലഭ്യമല്ല.
ബിഹാറിലെ ഭോജ്പൂര്‍ ജില്ലയിലെ പ്രധാന റെയില്‍വെ സ്റ്റേഷനായ ആര, ബക്‌സര്‍, ഉത്തര്‍ പ്രദേശിലെ മുഗള്‍സരായ് എന്ന ഡിഡിയു ജങ്ഷന്‍, പ്രയാഗ് രാജ്, കാണ്‍പൂര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ന്യൂഡല്‍ഹിയില്‍ നിന്ന് ഒക്ടോബര്‍ 30നാണ് ഈ ട്രെയിന്‍ പുറപ്പെടുക. നവംബര്‍ 1, 3, 6 എന്നീ തിയ്യതികളിലും ഡല്‍ഹിയില്‍ നിന്ന് സ്‌പെഷ്യല്‍ വന്ദേ ഭാരത് സര്‍വീസുണ്ടാകും.
പട്‌നയില്‍ നിന്ന് തിരിച്ച് ഡല്‍ഹിയിലേക്കുള്ള സര്‍വീസ് നവംബര്‍ 2, 4, 7 എന്നീ തിയ്യതികളിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഡല്‍ഹിയില്‍ നിന്ന് രാവിലെ 8.25ന് പുറപ്പെടുന്ന ട്രെയിന്‍ വൈകീട്ട് 7.10ന് ആര ജങ്ഷനില്‍ എത്തും. എട്ട് മണിയോടെ പട്‌നയില്‍ സര്‍വീസ് അവസാനിപ്പിക്കും. പട്‌നയില്‍ നിന്ന് തിരിച്ചുള്ള സര്‍വീസ് രാവിലെ 7.30ന് തുടങ്ങും. ഡല്‍ഹിയില്‍ വൈകീട്ട് 7 മണിക്ക് എത്തും.
എസി ചെയര്‍ കാറിന് 2575 രൂപയാണ് ടിക്കറ്റ് നിരക്ക്, എസി എക്‌സിക്യൂട്ടീവ് ചെയര്‍ കാറിന് 4655 രൂപയും. ചായ, പ്രാതല്‍, അത്താഴം എന്നിവ ഉള്‍പ്പെടെ ടിക്കറ്റില്‍ ലഭിക്കും. അതേസമയം, ബിഹാറിന് മറ്റൊരു വന്ദേ ഭാരത് ട്രെയിന്‍ കൂടി അനുവദിക്കുന്ന കാര്യം റെയില്‍വെ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. സഹര്‍സ-സീല്‍ദ റൂട്ടിലാകും ഈ സര്‍വീസ്. സുപോള്‍, മധേപുര എന്നീ സ്റ്റേഷനുകളില്‍ സ്റ്റോപ്പ് അനുവദിക്കും.
ഈ റൂട്ടിലുടെ സര്‍വീസ് നടത്തുന്നത് സംബന്ധിച്ച വിവരങ്ങള്‍ ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വെ ഉദ്യോഗസ്ഥരില്‍ നിന്ന് റെയില്‍വെ മന്ത്രാലയം തേടിയിട്ടുണ്ട്. ബിഹാറിലെ ജെഡിയു കേന്ദ്ര സര്‍ക്കാരില്‍ ഭാഗമായതിനെ തുടര്‍ന്നാണ് സംസ്ഥാനത്തേക്ക് കൂടുതല്‍ യാത്രാ സൗകര്യങ്ങള്‍ ഒരുക്കുന്നത് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അടുത്തിടെ നാല് വന്ദേ ഭാരത് ട്രെയിനുകള്‍ ബിഹാറിന് അനുവദിച്ചിരുന്നു. ടാറ്റനഗര്‍-പട്‌ന, ഭാഗല്‍പൂര്‍-ഹൗറ, ഗയ-ഹൗറ, ദിയോഗര്‍-വരാണസി എന്നീ റൂട്ടുകളിലൂടെയാണ് ഈ സര്‍വീസുകള്‍.












Click it and Unblock the Notifications