സ്വാതന്ത്ര്യദിനം മുതല്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡേഴ്സിനും സൗജന്യ ബസ് യാത്ര; മാസം 1,000 രൂപ ലാഭം
അമരാവതി: സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കും സൗജന്യ യാത്രാ പദ്ധതിയുമായി ആന്ധ്രാപ്രദേശ്. സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15 മുതലാണ് പദ്ധതി ആരംഭിക്കുന്നത്. 'സ്ത്രീ ശക്തി' പദ്ധതി പ്രകാരമാണ് സൗജന്യ ബസ് യാത്ര അനുവദിക്കുന്നത്. ആന്ധ്രപ്രദേശില്‍ സ്ഥിരതാമസക്കാരായ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കുമാണ് യാത്ര ചെയ്യാന്‍ അര്‍ഹതയുള്ളത്. യാത്രയില്‍ തിരിച്ചറിയല്‍ രേഖ കൈയില്‍ കരുതണം. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.
ഓഗസ്റ്റ് 15 ന് സംസ്ഥാന വ്യാപകമായി ആരംഭിക്കുന്ന 'സ്ത്രീ ശക്തി' പദ്ധതി പ്രകാരം സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കും സൗജന്യ ബസ് യാത്രയ്ക്ക് അര്‍ഹതയുണ്ടെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി കാന്തിലാല്‍ ദണ്ഡെ പറഞ്ഞു.

ആന്ധ്രാപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ആവശ്യം അനുസരിച്ച് കൂടുതല്‍ ബസുകള്‍ വാങ്ങും. പല്ലെവെലുഗു, അള്‍ട്രാ പല്ലവെലുഗു, സിറ്റി ഓര്‍ഡിനറി, മെട്രോ എക്സ്പ്രസ്, എക്സ്പ്രസ് സര്‍വീസുകളിലാണ് സൗജന്യ യാത്ര അനുവദിക്കുന്നത്.
നോണ്‍-സ്റ്റോപ്പ് സര്‍വീസുകള്‍, അന്തര്‍ സംസ്ഥാന സര്‍വീസുകള്‍, ചാര്‍ട്ടേഡ് സര്‍വീസുകള്‍, പാക്കേജ് ടൂറുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടില്ല. സപ്തഗിരി എക്സ്പ്രസ്, അള്‍ട്രാ ഡീലക്സ്, സൂപ്പര്‍ ലക്ഷ്വറി, സ്റ്റാര്‍ ലൈനര്‍, എയര്‍ കണ്ടീഷന്‍ഡ് സര്‍വീസുകള്‍ ഒന്നും ഈ പദ്ധതിയില്‍ ഉള്‍പ്പെടില്ലെന്ന് സര്‍ക്കാര്‍ ഉത്തരവിലുണ്ട്. ആന്ധ്രപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ആകെയുള്ള 11,449 ബസുകളില്‍ 8,456 എണ്ണത്തില്‍ 'സ്ത്രീ ശക്തി' പദ്ധതി നടപ്പാക്കും.
യാത്രക്കാരുടെ സുരക്ഷയ്ക്കായി എല്ലാ ബസുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നതും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. ബസ് സ്റ്റേഷനുകളില്‍ ഫാന്‍, കസേരകള്‍, കുടിവെള്ളം, ടോയ്ലറ്റുകള്‍ തുടങ്ങി നവീകരിച്ച സൗകര്യങ്ങള്‍ ഉണ്ടാകും.
മന്ത്രിസഭയുടെ അംഗീകാരത്തിന് വിധേയമായി ഇലക്ട്രിക് ബസുകള്‍ വാങ്ങി അതിലേക്ക് ഈ പദ്ധതി വ്യാപിപ്പിക്കുന്നതും ആന്ധ്രാപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ പരിഗണിക്കുന്നുണ്ട്. സ്ത്രീ ശക്തിയുടെ ഗുണഭോക്താക്കള്‍ക്ക് പൂജ്യം നിരക്കിലുള്ള ടിക്കറ്റുകള്‍ നല്‍കും. അത് കോര്‍പറേഷന്‍ സര്‍ക്കാരില്‍ നിന്ന് ഈടാക്കും.
2024 ലെ തിരഞ്ഞെടുപ്പിന് മുമ്പ് ടിഡിപി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ ഏറ്റവും ആകര്‍ഷകമായ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു സ്ത്രീകള്‍ക്കുള്ള സൗജന്യ ബസ് യാത്ര. പ്രതിവര്‍ഷം 1,942 കോടി രൂപ ചെലവ് വരുന്നതാണ് ഈ പദ്ധതി. അതായത് പ്രതിമാസം ഏകദേശം 162 കോടി രൂപയോളം ചെലവ് വരും. ഈ പദ്ധതിയിലൂടെ സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം, ജോലി എന്നിവ ഉറപ്പു വരുത്തി അവരെ ശാക്തീകരിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി കെ പാര്‍ത്ഥസാരഥി നേരത്തെ പറഞ്ഞിരുന്നു.
ഈ സംരംഭം പ്രതിവര്‍ഷം 1.4 കോടി സ്ത്രീകള്‍ക്ക് വരെ പ്രയോജനം ചെയ്യുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. ഓരോ കുടുംബത്തിനും പ്രതിമാസം 1,000 രൂപ വരെ ലാഭിക്കാന്‍ കഴിയുമെന്നും പാര്‍ത്ഥസാരഥി കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications