ഗോവ മുതൽ കേരളം വരെ, വെറും 1500 രൂപയിൽ താഴെ മാത്രം മതി, വന്ദേഭാരതിൽ ബജറ്റ് യാത്രകൾ പോകാം
കുറഞ്ഞ ചെലവിൽ മികച്ച സൗകര്യങ്ങളോടെ യാത്ര ചെയ്യാൻ വന്ദേ ഭാരത് ആണ് ഇന്ന് പലരും തിരഞ്ഞെടുക്കുന്നത്. കീശ ചോരാതെ തന്നെ ആഡംബരയാത്ര ആസ്വദിക്കാൻ ആഗ്രഹിക്കുന്ന ബജറ്റ് യാത്രക്കാർക്ക് വന്ദേ ഭാരത് ഇന്ന് വലിയൊരു അനുഗ്രഹമാണ്.
പലരുടെയും വിചാരം വന്ദേ ഭാരത് ടിക്കറ്റ് നിരക്കുകൾ വളരെ കൂടുതലാണെന്നാണ്. എന്നാൽ വെറും 1500 രൂപയിൽ താഴെ ചെലവിൽ അതിമനോഹരമായ കാഴ്ചകൾ കണ്ട് യാത്ര ചെയ്യാവുന്ന ചില സൂപ്പർ റൂട്ടുകൾ ഇന്ത്യയിലുണ്ട്. അത്തരത്തിലുളള 6 റൂട്ടുകൾ ഇവയാണ്.
1. മഡ്ഗാവ് (ഗോവ) - മംഗളൂരു സെൻട്രൽ
ഇന്ത്യയിലെ ഏറ്റവും മനോഹരമായ വന്ദേ ഭാരത് റൂട്ടുകളിൽ ഒന്നാണിത്. കൊങ്കൺ റെയിൽവേയിലൂടെയുള്ള ഈ യാത്രയിൽ കാടുകളും പുഴകളും തുരങ്കങ്ങളും കടൽത്തീരങ്ങളും കാണാം. ഗോവ സന്ദർശനത്തിന് ശേഷം മംഗലാപുരത്തേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് ഇത് മികച്ചതാണ്. 1345 രൂപയാണ് ഏകദേശ ടിക്കറ്റ് നിരക്ക്.

2. സബർമതി - വേരാവൽ
തീർത്ഥാടകർക്കും യാത്രകൾ ഇഷ്ടപ്പെടുന്നവർക്കും അനുയോജ്യമായ റൂട്ട്. അഹമ്മദാബാദിലെ സബർമതിയെയും പ്രശസ്തമായ സോമനാഥ് ക്ഷേത്രത്തിന്റെ പ്രവേശന കവാടമായ വേരാവലിനെയും ഇത് ബന്ധിപ്പിക്കുന്നു. വേരാവൽ ബീച്ചും ഏഷ്യറ്റിക് സിംഹങ്ങളുടെ കേന്ദ്രമായ ഗിർ നാഷണൽ പാർക്കും സന്ദർശിക്കാൻ ഈ ട്രെയിൻ ഉപയോഗിക്കാം. 980 - 1125 രൂപയാണ് ടിക്കറ്റ് നിരക്ക്.
3. കാസർകോട് - തിരുവനന്തപുരം
കേരളത്തിന്റെ ഭംഗി മുഴുവനായി ആസ്വദിക്കാൻ പറ്റിയ റൂട്ടാണിത്. കാസർകോട് നിന്ന് തുടങ്ങി കോഴിക്കോട്, തൃശൂർ, എറണാകുളം, കോട്ടയം, കൊല്ലം വഴി തിരുവനന്തപുരത്ത് എത്തുന്ന ഈ ട്രെയിൻ ദൈവത്തിന്റെ സ്വന്തം നാട് ചുറ്റിക്കാണാൻ ഏറ്റവും മികച്ച വഴിയാണ്. 1250 രൂപയാണ് ടിക്കറ്റ് നിരക്ക്.
4. ചെന്നൈ - മൈസൂരു
തമിഴ്‌നാടിന്റെ തലസ്ഥാനത്തെയും കർണാടകത്തിന്റെ സാംസ്കാരിക തലസ്ഥാനത്തെയും ബന്ധിപ്പിക്കുന്ന ജനപ്രിയ റൂട്ട്. റോഡ് യാത്രയേക്കാൾ വേഗത്തിലും സുഖകരമായും മൈസൂരിലെത്താം. മൈസൂർ കൊട്ടാരം, ചാമുണ്ഡി ഹിൽസ്, ബൃന്ദാവൻ ഗാർഡൻ എന്നിവ കാണാൻ പോകുന്നവർക്ക് ഇതൊരു മികച്ച വാരാന്ത്യ യാത്രയാണ്. കൂർഗ്, ബന്ദിപ്പൂർ എന്നിവിടങ്ങളിലേക്ക് പോകാനും ഇത് എളുപ്പവഴിയാണ്. ടിക്കറ്റ് നിരക്ക് 1285 രൂപയാണ്.
5. ചെന്നൈ - കോയമ്പത്തൂർ
ആയിരം രൂപയിൽ താഴെ നിരക്കുള്ള മറ്റൊരു പ്രധാന റൂട്ടാണിത്. ചെന്നൈയിൽ നിന്നും കോയമ്പത്തൂരിലേക്കുള്ള യാത്രാസമയം ഇത് വൻതോതിൽ കുറച്ചു. ഊട്ടി, കുന്നൂർ, വാൽപ്പാറ തുടങ്ങിയ ഹിൽ സ്റ്റേഷനുകളിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് കോയമ്പത്തൂരിൽ ഇറങ്ങി യാത്ര തുടരാം. 925 രൂപയാണ് ഏകദേശ ടിക്കറ്റ് നിരക്ക്.
6. റൂർക്കേല - പുരി
ഒഡീഷയിലെ ഈ വന്ദേ ഭാരത് റൂട്ട് കുറഞ്ഞ ചെലവിൽ മികച്ച യാത്ര നൽകുന്നു. പ്രശസ്തമായ ജഗന്നാഥ ക്ഷേത്രമുള്ള പുരിയിലാണ് ഈ ട്രെയിൻ യാത്ര അവസാനിക്കുന്നത്. പുരി ബീച്ചും കൊണാർക്കിലെ സൂര്യക്ഷേത്രവും സന്ദർശിക്കാൻ ഈ റൂട്ട് തിരഞ്ഞെടുക്കാം. 1430യാണ് ഏകദേശ ടിക്കറ്റ് നിരക്ക്.
മുകളിൽ നൽകിയിരിക്കുന്നത് ഏകദേശ എസി ചെയർ കാർ നിരക്കുകളാണ്. ഐആർസിടിസി വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് നിരക്കുകളിൽ ചെറിയ മാറ്റങ്ങൾ വന്നേക്കാം.














Click it and Unblock the Notifications