കൊച്ചി മുതല്‍ ബെംഗളൂരു വരെ; ഈ വര്‍ഷം സന്ദര്‍ശിക്കാന്‍ ദക്ഷിണേന്ത്യയിലെ മികച്ച ക്രിസ്മസ് മാര്‍ക്കറ്റുകള്‍
ന്യൂഡല്‍ഹി: ക്രിസ്മസ് എത്തിയതോടെ നഗരവും കടകളും വീടുകളുമെല്ലാം ക്രിസ്മസ് അലങ്കാരങ്ങള്‍ കൊണ്ടു നിറഞ്ഞിരിക്കുകയാണ്. ക്രിസ്മസ് ട്രീ, പുല്‍ക്കൂട്, വിവിധ രൂപത്തിലുള്ള സ്റ്റാറുകള്‍, തോരണങ്ങള്‍ ഇങ്ങനെ ഒരിക്കലും മടുക്കാത്ത കാഴ്ച്ചകളാണ് ക്രിസ്മസ് കാലം സമ്മാനിക്കുന്നത്. അതില്‍ ഏറ്റവും മനോഹരം ക്രിസ്മസ് മാര്‍ക്കറ്റുകളാണ്. പലപ്പോഴും വിദേശത്തെ ക്രിസ്മസ് മാര്‍ക്കറ്റുകള്‍ കണ്ട് നിരാശപ്പെടുന്നവര്‍ നിരവധിയാണ്. അവിടെയൊന്നു പോകാന്‍ പറ്റിയെങ്കില്‍ എന്നു ചിന്തിക്കുന്നവര്‍ക്കു വേണ്ടിയാണ് ഈ ലേഖനം.
നമ്മുടെ ദക്ഷിണേന്ത്യയില്‍ തന്നെ യൂറോപ്യന്‍ ശൈലിയിലുള്ള ആകര്‍ഷകമായ ക്രിസ്മസ് മാര്‍ക്കറ്റുകള്‍ ഉണ്ട്. ഈ ക്രിസ്മസ് കാലത്ത് കുറഞ്ഞ ബജറ്റില്‍ ഇവിടേക്കു പോയാലോ? ക്രിസ്മസ് അലങ്കാരങ്ങള്‍, വൈവിധ്യമാര്‍ന്ന ഭക്ഷണം, ലൈവ് സംഗീതവുമൊക്കെയായി അടിച്ചുപൊളിക്കാന്‍ കഴിയുന്ന ക്രിസ്മസ് മാര്‍ക്കറ്റുകള്‍ പുതുച്ചേരിയിലും ഗോവയിലും കൊച്ചിയിലുമൊക്കെയുണ്ട്. അവധിക്കാലം ആഘോഷിക്കാന്‍ പറ്റിയ ദക്ഷിണേന്ത്യയില്‍ ക്രിസ്മസ് വിപണികള്‍ ഇതാ.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ വിന്റര്‍ മാര്‍ക്കറ്റുകള്‍ സജീവമായിക്കഴിഞ്ഞു. അതിശയിപ്പിക്കുന്ന കാഴ്ചകളും രുചികളും സമ്മാനിക്കുന്നതാണ് ദക്ഷിണേന്ത്യയിലെ ക്രിസ്മസ് വിപണികളും. സഞ്ചാരികളെയും ഷോപ്പിങ് പ്രേമികളെയും ഒരേപോലെ ആകര്‍ഷിക്കുന്ന ദക്ഷിണേന്ത്യയിലെ ചില പ്രധാന വിപണികള്‍ ഇവയാണ്:

കൊച്ചി
ഡിസംബര്‍ മാസത്തില്‍ എറണാകുളത്തെ ഫോര്‍ട്ട് കൊച്ചി പ്രദേശങ്ങള്‍ ലോകോത്തര വിപണികളായി മാറും. കൊച്ചി കാര്‍ണിവലിനോട് അനുബന്ധിച്ച് സജ്ജമാക്കുന്ന ഈ വിപണികളില്‍ പരമ്പരാഗതമായ കരകൗശല വസ്തുക്കള്‍, ക്രിസ്മസ് അലങ്കാരങ്ങള്‍, കൊച്ചിയുടെ തനത് വിഭവങ്ങള്‍ എന്നിവ ലഭ്യമാണ്. സംഗീത നിശകളും തെരുവ് പ്രകടനങ്ങളും ഈ പ്രദേശത്തെ സഞ്ചാരികളുടെ ഇഷ്ട സ്ഥലമായി മാറ്റുന്നു.
ഗോവ
ഗോവയിലെ നൈറ്റ് മാര്‍ക്കറ്റുകള്‍ വിദേശ സഞ്ചാരികള്‍ക്കിടയില്‍ പോലും വളരെ പ്രശസ്തമാണ്. ദക്ഷിണേന്ത്യയുടെ അയല്‍സംസ്ഥാനമായ ഗോവയിലെ അര്‍പോറ നൈറ്റ് മാര്‍ക്കറ്റ് ശൈത്യകാലത്തെ പ്രധാന ആകര്‍ഷണമാണ്. ഡിസംബറില്‍ സജീവമാകുന്ന ഈ വിപണിയില്‍ വസ്ത്രങ്ങള്‍, ആഭരണങ്ങള്‍ എന്നിവയ്ക്ക് പുറമെ തത്സമയ സംഗീതവും സീ ഫുഡ് വിഭവങ്ങളും ആസ്വദിക്കാന്‍ സാധിക്കും.
പുതുച്ചേരി
പുതുച്ചേരിയിലെ ക്രിസ്മസ് മാര്‍ക്കറ്റുകള്‍ യൂറോപ്പിനെ ഓര്‍മിപ്പിക്കും. ഫ്രഞ്ച് പൈതൃകം വിളിച്ചോതുന്ന പുതുച്ചേരിയിലെ തെരുവുകള്‍ ഡിസംബറില്‍ മനോഹരമായി അലങ്കരിക്കപ്പെടും. ഇവിടത്തെ ക്രിസ്മസ് മാര്‍ക്കറ്റ് കൈകൊണ്ട് നിര്‍മ്മിച്ച മെഴുകുതിരികള്‍, ഗിഫ്റ്റ് പാക്കറ്റുകള്‍, ഫ്രഞ്ച് പേസ്ട്രികള്‍, കേക്കുകള്‍ എന്നിവയ്ക്ക് പേരുകേട്ടതാണ്. പുതുവര്‍ഷം ആഘോഷിക്കാന്‍ എത്തുന്ന സഞ്ചാരികള്‍ക്ക് സമാധാനപരമായ ഷോപ്പിംഗ് അനുഭവം ഇവിടെ ലഭിക്കുന്നു.
ബെംഗളൂരു
ബെംഗളൂരുവിലെ ഷോപ്പിംഗ് ഫെസ്റ്റിവലുകള്‍ അടിച്ചുപൊളിക്കാന്‍ പറ്റിയ ഇടങ്ങളാണ്. ബെംഗളൂരുവിലെ വിവിധ ഇടങ്ങളില്‍ നടക്കുന്ന സെന്റ് മാര്‍ക്കറ്റുകളും എക്‌സിബിഷനുകളും ശൈത്യകാലത്ത് ഏറെ പ്രസിദ്ധമാണ്. വീട്ടിലേക്കാവശ്യമായ അലങ്കാര വസ്തുക്കളും വിന്റര്‍ വസ്ത്രങ്ങളും വാങ്ങാന്‍ ആയിരക്കണക്കിന് ആളുകളാണ് ഇവിടെയെത്തുന്നത്.












Click it and Unblock the Notifications