ഈ കുഞ്ഞൻ രാജ്യമാണോ ഇന്ത്യക്കാരുടെ പ്രിയ ഇടം; 2023 ല്‍ ഏറ്റവും തിരഞ്ഞ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഇതാ
യാത്രയ്ക്കായി പണവും സമയവും നോക്കിയിരുന്ന കാലം മാറി, ഇന്ന് ഇഷ്ട ഇടങ്ങൾ കാണാനും ആസ്വദിക്കാനും ഇന്ത്യക്കാരിൽ ഭൂരിഭാഗം പേരും ഒരു മടിയും കാണിക്കാറില്ല. ഇതിൽ സ്വദേശമെന്നോ വിദേശമെന്നോയുള്ള വ്യത്യാസവും ഇല്ല.
അത്തരത്തിൽ 2023 ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തിരഞ്ഞ സ്ഥലങ്ങൾ ഏതൊക്കെയൊന്ന് നോക്കാം. ഗൂഗിൾ പുറത്തുവിട്ട പട്ടിക ഇങ്ങനെ

വിയറ്റ്നാം
വിദേശ യാത്ര ആഗ്രഹിക്കുന്നവർക്ക് കുറഞ്ഞ ചെലവിൽ പോയി വരാൻ സാധിക്കുന്ന വിദേശ രാജ്യങ്ങളിലൊന്നാണ് വിയറ്റ്നാം. ചെലവ് കുറഞ്ഞ യാത്രയും താമസവും ഭക്ഷണവുമെല്ലാമാണ് ഇവിടേക്ക് പോകാൻ ആളുകളെ പ്രേരിപ്പിക്കുന്നത്. ഹാനോയ്. ഹോ ചി മിൻ സിറ്റി, ഹാ ലോങ് ബേ, ഹോയ് ആൻ, ഡാ നാങ് എന്നിവയാണ് വിയറ്റ്നാമിൽ നിർബന്ധമായും സന്ദർശിച്ചിരിക്കേണ്ട സ്ഥലങ്ങൾ. സമീപകാലത്ത് വിയറ്റ്നാം സന്ദർശിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വലിയ വർധനവ് രേഖപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിൽ ഇന്ത്യക്കാർക്ക് വിസ ഇളവ് പ്രഖ്യാപിക്കാനൊരുങ്ങുകയാണ് വിയറ്റ്നാം.
ഗോവ
വിദേശികളും സ്വദേശികളും ഒരുപോലെ എത്തുന്ന ബീച്ച് ഡെസ്റ്റിനേഷനാണ് ഗോവ. ബീച്ചുകളും പബ്ബുകളും മാത്രമല്ല പുരാതന ദേവാലയങ്ങൾ, ക്ഷേത്രങ്ങൾ, കോട്ടകൾ, വന്യജീവിത സങ്കേതങ്ങൾ, വെള്ളച്ചാട്ടങ്ങൾ എന്നിങ്ങനെ ഏതൊരു സഞ്ചാരിയേയും കൊതിപ്പിക്കുന്ന നിരവധി സ്ഥലങ്ങൾ ഗോവയിൽ ഉണ്ട്.
ബാലി
ഇന്തോനേഷ്യൽ ദ്വീപായ ബാലി ഇന്ത്യയിൽ നിന്നും പോകാൻ പറ്റിയ അന്താരാഷ്ട്ര സ്ഥലങ്ങളിലൊന്നാണ്. ദൈവങ്ങളുടെ വാസസ്ഥലം എന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്. കഫേകള്‍, ഗാലറികള്‍, യോഗ സ്റ്റുഡിയോകള്‍, ബൊട്ടീക്കുകള്‍, മ്യൂസിയങ്ങള്‍, ആഡംബര റിസോര്‍ട്ടുകളും എന്നിവയെല്ലാമാണ് ബാലിയിലെ കാഴ്ചകൾ. ഇന്ത്യയിൽ നിന്നുള്ള ഹണിമൂൺ ഡെസ്റ്റിനേഷൻ കൂടെയാണ് ബാലി.
ശ്രീലങ്ക
ഇന്ത്യക്കാർക്ക് വളരെ എളുപ്പത്തിൽ പോയി വരാൻ സാധിക്കുന്ന രാജ്യമാണ് ശ്രീലങ്ക. കടൽത്തീരങ്ങളും വന്യജീവി സങ്കേതങ്ങൾ, തേയില തോട്ടങ്ങൾ, പുരാതനമായ ക്ഷേത്രങ്ങൾ തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന കാഴ്ചകൾ. ഏഷ്യയിൽ സന്ദർശിക്കാൻ സാധിക്കുന്ന ഏറ്റവും ചിലവ് കുറഞ്ഞ രാജ്യം കൂടിയാണ് ശ്രീലങ്ക. അടുത്തിടെ ഇന്ത്യക്കാർക്ക് ശ്രീലങ്ക വിസ രഹിസ പ്രവേശനം അനുവദിച്ചിരുന്നു.
തായ്ലന്റ്
ഏത് തരം യാത്രകൾ ഇഷ്ടപ്പെടുന്നവർക്കും ധൈര്യമായി തിരഞ്ഞെടുക്കാൻ പറ്റുന്ന രാജ്യങ്ങളിൽ ഒന്നാണ് തായ്ലന്റ്. ബാങ്കോക്ക്, ഫുക്കറ്റ്, പട്ടായ, ചിയാങ് മായ്, സാമുയി എന്നിങ്ങനെയുള്ള ഇവിടുത്തെ സ്ഥലങ്ങൾ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങളാണ്.
കാശ്മീർ
വർഷത്തിൽ ഏത് സീസണിലും കാശ്മീർ സന്ദർശിക്കാമെങ്കിലും മഞ്ഞിൽ കുളിച്ച് നിൽക്കുന്ന കാശ്മീരിനോളം ഭംഗി മറ്റൊരു സീസണിലും ആസ്വദിക്കാനാകില്ല. അതുകൊണ്ട് തന്നെ ഡിസംബർ മുതൽ ഫെബ്രുവരി വരെ ഇവിടെ എത്തുന്നതാണ് ഏറ്റവും ഉചിതം. ദാൽ തടാകം, പഹൽഗാം, സോൻമാർഗ്, ഗുൽമാർഗ് ,പൂഞ്ച്, ബഡ്ഗാം, ജമ്മു, കുപ്വാര തുടങ്ങിയ സ്ഥലങ്ങളാണ് കാശ്മീരിൽ പ്രധാനമായും സന്ദർശിക്കാനുള്ളത്.
കൂർഗ്, ആന്റമാൻ നിക്കോബാർ, ഇറ്റലി സ്വിറ്റ്സർലാന്റ് എന്നിവയാണ് ആദ്യ പത്തിൽ ഉൾപ്പെട്ട മറ്റ് നാല് സ്ഥലങ്ങൾ.












Click it and Unblock the Notifications