ഗവിയുടെ വശ്യതയും അടവിയുടെ സൗന്ദര്യവും കണ്ട് ഒരു യാത്ര, വനം വകുപ്പ് പാക്കേജിൽ പോകാം
കോടമഞ്ഞിനെ വകഞ്ഞ് മാറ്റി കാടിന് നടുവിലൂടെ മണിക്കൂറുകളോളം നീളുന്ന യാത്ര, ചെന്നവസാനിക്കുന്നത് പ്രകൃതിയൊളിപ്പിച്ചുവെച്ചിരിക്കുന്ന എത്രകണ്ടാലും മതിവരാത്ത ദൃശ്യങ്ങളിലേക്ക്.. കേൾക്കുമ്പോൾ തന്നെ ഒന്ന് പോയി വരാൻ തോന്നുന്നില്ലേ? അപ്പോൾ പിന്നെ കൂടുതൽ പറയുന്നില്ല, ഗവിയിലെ പ്രകൃതി ഒളിപ്പിച്ച് വെച്ചിരിക്കുന്ന മായാക്കാഴ്ചകൾ നേരിട്ട് തന്നെ പോയി കണ്ടോളൂ. വനംവകുപ്പാണ് ഗവിയിലേക്ക് പാക്കേജ് ഒരുക്കുന്നത്. ഗവി മാത്രമല്ല കോന്നിയിലെ അടവി ഇക്കോ ടൂറിസം കേന്ദ്രവും ഇടുക്കിയിലെ മനോഹര വിനോദ സഞ്ചാര കേന്ദ്രമായ പരുന്തുംപാറയുമെല്ലാം കണ്ട് മടങ്ങാം. സൂപ്പർ ഹിറ്റായ ഈ പാക്കേജിനെ കുറിച്ച് കൂടുതൽ അറിയാം
അതിപാവിലെ 7.30 ഓടെയാണ് കോന്നിയിൽ നിന്നാണ് ഗവി പാക്കേജ് ആരംഭിക്കുന്നത്. ആദ്യയാത്ര അടവിയിലേക്കാണ്. പ്രകൃതിയേയും സാഹസികതയേയും ഒരുപോലെ സ്നേഹിക്കുന്നവരെങ്കിൽ തീർച്ചയായും അടവിയിലേക്കുള്ള യാത്ര നിങ്ങളെ സന്തോഷിപ്പിക്കും. ഇവിടെ കുട്ടവഞ്ചി സവാരിയും നടത്തി ആനത്താവളവും കണ്ട് നേരെ ഗവിയിലേക്ക്. തണ്ണിത്തോട്, ചിറ്റാർ, സീതത്തോട് , ആങ്ങമൂഴി, മൂഴിയാർ വഴിയാണ് ഗവിയിൽ എത്തുക.

ഓർഡിനറി എന്ന മലയാള സിനിമയിലൂടെയാണ് ഗവി മലയാളികൾക്ക് പ്രീയപ്പെട്ടതായത്. ഗവിയിലേക്ക് ആളുകളുടെ കുത്തൊഴുക്ക് തുടങ്ങിയതോടെ കെ എസ് ആർ ടി സിയുടെ ബജറ്റ് സെല്ലുകൾ ഇവിടേക്ക് നിരവധി പാക്കേജുകൾ നടത്തുന്നുണ്ട്. വനംവകുപ്പിന്റെ പാക്കേജിൽ മാത്രം ഇതുവരെ 60,000ത്തോളം പേർ ഇവിടെ എത്തിയിട്ടുണ്ട്. ഗവിയിലേക്ക് സ്വകാര്യ വാഹനങ്ങൾ കയറ്റിവിടില്ല. പാസ് എടുത്ത വാഹനങ്ങൾക്ക് മാത്രമേ പ്രവേശിക്കാൻ സാധിക്കുകയുള്ളൂ. അതുകൊണ്ട് തന്നെ കെ എസ് ആർ ടി സിയേയോ വനംവകുപ്പിന്റെ പാക്കേജിനേയോ ആശ്രയിക്കുന്നതായിരിക്കും ഉത്തമം. ഗവിയിൽ നിന്നും അടുത്ത യാത്ര പരുന്തുംപാറയിലേക്കാണ്.
ഇടുക്കിയിലേക്ക് പോകുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട വിനോദസഞ്ചാര കേന്ദ്രമാണ് പരുന്തുംപാറ. പലപ്പോഴും ഇവിടെയെത്തുന്നവർ വാഗമൺ കണ്ട് മടങ്ങാറാണ് പതിവ്. എന്നാൽ വാഗമണ്ണിനോളം തന്നെ ഭംഗിയുള്ള ഇടംകൂടിയാണ് പരുന്തുംപറ. പരുന്തിന്റെ രൂപസാദൃശ്യമുള്ള പാറ ഉള്ളത് കൊണ്ട് തന്നെയാണ് ഇവിടം ഈ പേരിൽ അറിയപ്പെടുന്നത്. ട്രെക്കിങ്ങ് ഇഷ്ടപ്പെടുന്ന സാഹസിക സഞ്ചാരികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത അനുഭവമായിരിക്കും പരുന്തുംപാറ സമ്മാനിക്കുക. മലമുകളിലേറിയെത്തിയാലുള്ള അമ്പരപ്പിക്കുന്ന കാഴ്ചകൾ വേറേയും. മഞ്ഞ് കാലം തന്നെയാണ് പരുന്തുംപാറ സന്ദർശിക്കാൻ ഏറ്റവും ഉചിതമായ സമയം.
16 പേർക്ക് യാത്ര ചെയ്യാൻ സാധിക്കുന്ന മിനി ബസിലായിരിക്കും യാത്ര. രണ്ട് നേരത്തെ ഭക്ഷണം ഉൾപ്പെടെ പാക്കേജിൽ ഒരുക്കിയിട്ടുണ്ട്. ഇത്രയൊക്കെ കേട്ടിട്ടും ഇനിയും ആലോചിച്ച് നിൽക്കുകയാണോ വേഗം വിളിച്ചോളൂ വനംവകുപ്പിനെ.












Click it and Unblock the Notifications