ഗവി, ഇലവീഴാപൂഞ്ചിറ, വേളാങ്കണ്ണി; പ്ലാൻ ചെയ്തോ യാത്ര, പോക്കറ്റ് കീറത്തെ പോയി വരാം
ഡിസംബർ യാത്രകൾക്ക് കെ എസ് ആർ ടി സി ഒരുങ്ങിക്കഴിഞ്ഞു, പുത്തൻ സ്ഥലങ്ങൾ, സന്ദർശകർ ആഗ്രഹിക്കുന്ന പാക്കേജുകൾ എന്നിങ്ങനെ യാത്രക്കാരെ ആകർഷിക്കാനായി ഒട്ടേറെ കാര്യങ്ങളും ബജറ്റ് ടൂറിസം സെല്ലിന്‍റെ നേതൃത്വത്തിൽ പിന്നണിയിൽ തയ്യാറെടുക്കുന്നുണ്ട്. പ്രധാന ഡിപ്പോകളിൽ നിന്നുള്ള പാക്കേജുകൾക്ക് പുറമെ മറ്റ് യൂണിറ്റുകളിൽ നിന്നും ഉല്ലാസ യാത്രകൾ ഈ മാസം സംഘടിപ്പിക്കുന്നു.
ചാത്തന്നൂർ ബജറ്റ് ടൂറിസം സെൽ അതിമനോഹരമായ യാത്രകളാണ് ഡിസംബറിൽ ഒരുക്കിയിരിക്കുന്നത് . യാത്രകളിൽ ആത്മീയത തേടുന്നവർക്ക് വേളാങ്കണ്ണി, പുരുഷമംഗലം ശ്രീകൃഷ്ണ ക്ഷേത്രം, സാഹസികര്‍ക്ക് ഗവി, പ്രകൃതി സൗന്ദര്യം അന്വേഷിക്കുന്നവർക്ക് ഗവി, ഇലവീഴീപൂഞ്ചിറ, ചരിത്രവും വിശ്വാസവും ഒളിഞ്ഞിരിക്കുന്ന കന്യാകുമാരി എന്നിങ്ങനെ വ്യത്യസ്തങ്ങളായ പാക്കേജുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഡിസംബർ 7-ാം തിയതി രാവിലെ 11 മണിക്ക് ഡിപ്പോയിൽ നിന്ന് വേളാങ്കണ്ണി യാത്ര പുറപ്പെടും. രണ്ടു ദിവസം നീണ്ടു നിൽക്കുന്ന യാത്രയിൽ വേളാങ്കണ്ണി മാത്രമല്ല, റൂട്ടിലെ മറ്റു ദേവാലയങ്ങൾ, ക്ഷേത്രങ്ങൾ തുടങ്ങിയവ സന്ദർശിക്കുവാനും സമയം കണ്ടെത്തും. പുലർച്ചെ അഞ്ച് മണിക്ക് യാത്ര മടങ്ങിയെത്തും.
ഇടുക്കിയിലെ കാൽവരി മൗണ്ട് പ്രകൃതിയിലേക്കുള്ള സഞ്ചാരമാണ്. ഇടുക്കി ഡാമും മൂടൽമഞ്ഞ് പൊതിഞ്ഞു നിൽക്കുന്ന കുന്നുകളും ഇവിടുന്ന് കാണാം. വെള്ളത്തിനുള്ളില്‍ അങ്ങിങ്ങായി തെളിഞ്ഞ് കാണുന്ന കരകളുടെ കാഴ്ചയും ഒപ്പം കൂട്ടെത്തുന്ന മേഘങ്ങളും ഈ യാത്രയുടെ സ്പെഷ്യൽ അനുഭവമാണ്. ഈ കാഴ്ച ഇരുന്നാസ്വദിക്കാന്‍ ഇരിപ്പിടങ്ങളും ഉണ്ട്. ഡിസംബർ 14 ന് പുലർച്ചെ 4.45 ന് പോയി രാത്രി 11.30 ന് മടങ്ങിയെത്തും.
ഡിസംബർ 18ന് ഗവി കണ്ടുവരുന്ന പാക്കേജും ചാത്തന്നൂരിൽ നിന്നുണ്ട്. കാടിനുള്ളിൽ കെ എസ് ആർ ടി സി ബസിലൂടെയുള്ള യാത്ര കേരളത്തിൽ ഏറ്റവും വിജയകരമായ ബജറ്റ് ടൂറിസം സെൽ യാത്രകളിലൊന്നു കൂടിയാണ്. പുലർച്ചെ 4.55 ന് പുറപ്പെട്ട് രാത്രി 11.00 മണിക്ക് തിരികെയെത്തും.
ഡിസംബർ 22 ന് പുരുഷമംഗലം ശ്രീകൃഷ്ണ ക്ഷേത്രം യാത്ര
25 ന് ക്രിസ്മസ് ദിനത്തിൽ പുലർച്ചെ 5.00 മണിക്ക് പുറപ്പെട്ട് രാതി 11ന് തിരികെ വരുന്ന ഇലവീഴാപൂഞ്ചിറ യാത്ര, 29 ന് പുലർച്ചെ 4.30 ന് പുറപ്പെട്ട് രാത്രി 11.30 ന് തിരികെ വരുന്ന കന്യാകുമാരി യാത്ര എന്നിവയും ചാത്തന്നൂരിൽ നിന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 9947015111, 9995224263, 9446605414.












Click it and Unblock the Notifications