ഗവി, കാടിന്‍റെ സൗന്ദര്യം കണ്ട് പോകാം, കോടമഞ്ഞിറങ്ങിയ വഴിയിലൂടെ ഓഫ്റോഡ് യാത്രയും
ഓണത്തിന്റെ തിരക്കും ആഘോഷങ്ങളും ഒഴിഞ്ഞ് ഒരു യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? എന്നാൽ തിരുവനന്തപുരം സിറ്റി യൂണിറ്റ് കെ എസ് ആർ ടി സി ബജറ്റ് സെല്ലിന്റെ ഗവി യാത്രയ്ക്ക് പോയാലോ? കെ എസ് ആർ ടി സിയുടെ പതിവ് കുട്ടവഞ്ചി സവാരി മാറ്റി ജീപ്പ് സവാരിയാണ് ഇത്തവണ പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സാഹസിക സഞ്ചാരികളാണെങ്കിൽ തീർച്ചയായും ഈ യാത്ര നിങ്ങൾക്ക് പുതു അനുഭവം പകരും. പാക്കേജിനെ കുറിച്ച് കൂടുതൽ വിശദാംശങ്ങൾ അറിയാം
ആദ്യം ഗവിയെ കുറിച്ച്
പത്തനംതിട്ടയിലെ ഏറ്റവും മനോഹരമായ ഇടങ്ങളിലൊന്നാണ് ഗവി. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1,036 മീറ്റർ (3,400 അടി) ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം റാന്നി വനം ഡിവിഷൻ്റെയും പെരിയാർ കടുവാ സങ്കേതത്തിൻ്റെയും ഭാഗമാണ്. ഇടതൂർന്ന വനങ്ങൾ, കുന്നുകൾ, താഴ്‌വരകൾ, പുൽമേടുകൾ, വെള്ളച്ചാട്ടങ്ങൾ, ഏലത്തോട്ടങ്ങൾ എന്നിവയാൽ സമ്പന്നമായ ഗവി പ്രകൃതി സ്നേഹികളുടെ പറുദീസയാണ്.
ആനകളും, 260-ലധികം പക്ഷിവർഗ്ഗങ്ങളും ഇവിടെയുണ്ട്. വേഴാമ്പൽ പോലുള്ള പക്ഷികളേയും ഇവിടെ കാണാം. ഗവിയിലേക്കുള്ള യാത്ര, പ്രത്യേകിച്ച് പത്തനംതിട്ടയിൽ നിന്നുള്ള വഴി, കാനന പാതകളിലൂടെയുള്ള അതിമനോഹരമായ അനുഭവമാണ്. പ്രകൃതി സ്നേഹികൾ, പക്ഷിനിരീക്ഷകർ, ട്രെക്കിംഗ് ഇഷ്ടപ്പെടുന്നവർ, വന്യജീവി പ്രേമികൾ എന്നിവർക്ക് ഗവി ഒരു ഉത്തമ ലക്ഷ്യസ്ഥാനമാണ്. ഇവിടേക്കുള്ള പ്രവേശനത്തിന് അനുമതി നിർബന്ധമാണ് കേട്ടോ.

നവംബർ മുതൽ മാർച്ച് വരെയാണ് ഗവി സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. ഈ കാലയളവിൽ കാലാവസ്ഥ തണുപ്പും വരണ്ടതുമായിരിക്കും. ഏപ്രിൽ-ജൂൺ മാസങ്ങളിൽ കുന്നുകൾ മൂടൽമഞ്ഞാൽ നിറയും. എന്നാൽ ജൂലൈ-സെപ്റ്റംബർ മാസങ്ങളിലെ മൺസൂൺ കാലത്ത് റോഡുകൾ വഴുവഴുപ്പുള്ളതാകാൻ സാധ്യതയുണ്ട്.
പത്തനംതിട്ടയിൽ നിന്നും ഏകദേശം 128 കിമി ദൂരമുണ്ട് ഗവിയിലേക്ക്. ഇടതൂർന്ന വനങ്ങളിലൂടെയും കോടമഞ്ഞുമൂടിയ കുന്നുകളിലൂടെയുമുള്ള യാത്ര സാഹസികപ്രിയർക്ക് മികച്ച അനുഭവമാണ്.ദുർഘടമായ പാതകളും കുണ്ടും കുഴികളുമ നിറഞ്ഞ ഈ വഴിയിലൂടെയുള്ള യാത്രയ്ക്ക് ജീപ്പുകൾ പോലുള്ള വാഹനങ്ങളാണ് ഏറ്റവും നല്ലത്. വാടകക്കെടുത്ത ജീപ്പുകൾ എന്നിവ സാധാരണയായി ഉപയോഗിക്കാറുണ്ട്. സുരക്ഷാ കാരണങ്ങളാലും വന്യജീവി സംരക്ഷണത്തിൻ്റെ ഭാഗമായും ബൈക്കുകൾക്ക് സാധാരണയായി അനുമതി നൽകാറില്ല.
സത്രം ജീപ്പ് സഫാരി, മൂഴിയാർ ഡാം, കക്കി ഡാം, പമ്പ ഡാം, ആനത്തോട് എന്നിവയെല്ലാം ആസ്വദിക്കാകുന്ന തരത്തിലാണ് പാക്കേജ്. സപ്റ്റംബർ 12 നാണ് യാത്ര പുറപ്പെടുന്നത്. പുലർച്ചെ 3.30 ന് യാത്ര തിരിക്കും. 20 സീറ്റുകൾ മാത്രമാണ് ഉള്ളത്. സീറ്റുകൾ ബുക്ക് ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും 9746566080, 6282239424 എന്ന നമ്പറിലും ബന്ധപ്പെടാം.
കുമരകവും വാഗമണും ഉൾക്കൊള്ളുന്ന മറ്റൊരു പാക്കേജും തിരുവനന്തപുരം സിറ്റി സെൽ ഒരുക്കുന്നുണ്ട്. രാവിലെ 5 മണിക്ക് യാത്ര തിരിച്ച് 10 മണിക്ക് കുമരകത്ത് എത്തുന്ന തരിലാണ് പാക്കേഡ്. 10.30ന് ഹൗസ് ബോട്ട് യാത്ര ആരംഭിക്കും. വെൽക്കം ഡ്രിങ്ക്, ഉച്ചയൂൺ, ചായയും പലഹാരവും ഹൗസ് ബോട്ടിൽ ലഭിക്കും. അഞ്ച് മണിക്കൂർ നീളുന്ന കായൽ സഞ്ചാരത്തിന് ശേഷം വൈകിട്ടോടെ വാഗമണിലേക്ക് തിരിക്കും. ഇവിടെ താമസ സൗകര്യവും ഒരുക്കിയിട്ടുണ്ട്.
കോടമൂടിയ വാഗമൺ കണ്ട് രണ്ടാം ദിനം ആരംഭിക്കും. ജീപ്പ് സഫാരി, മീഡോസ്, പൈൻ ഫോറസ്റ്റ്, അഡ്വഞ്ചർ പാർക്ക്, മ്യൂസിക്കൽ ഫൗണ്ടൻ എന്നിവ സന്ദർശിക്കും. ഭക്ഷണ സൗകര്യങ്ങൾക്കും ക്യാംപ് ഫയറിനും പ്രത്യേക ക്രമീകരണമുണ്ട്. മുഴുവൻ പാക്കേജിന്റെയും നിരക്ക് വെറും 4,230 രൂപ മാത്രമാണ്.












Click it and Unblock the Notifications