മഴക്കാലത്ത് കോട മൂടി നിൽക്കുന്ന അതിസുന്ദരമായ ഈ സ്ഥലം കണ്ടില്ലേ?; പോകാം ആനവണ്ടിയിൽ..പാക്കേജ് അറിയാം
മഴക്കാലത്ത് കാടിന്റെ വന്യത ആസ്വദിച്ച് , അരുവികളും ചെറുവെള്ളച്ചാട്ടുകളും അണക്കെട്ടുകളുമെല്ലാം കണ്ട് ഒരു കിടിലൻ യാത്ര പോകാൻ പ്ലാൻ ഉണ്ടോ? എന്നാല്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല. നേരെ പോകാം ഗവിയിലേക്ക്. ഒറ്റ വാക്കിൽ സഞ്ചാരികളുടെ സ്വർഗം തന്നെയാണ് ഗവി. എന്നാൽ എങ്ങനെ ഗവിയിൽ എത്തിച്ചേരുക എങ്ങനെയെന്നതായിരിക്കും പലരേയും അലട്ടുന്ന പ്രശ്നം.
അങ്ങനെ ആശങ്കപ്പെടുന്നവർക്കിതാ അവസരം ഒരുക്കുകയാണ് കെഎസ്ആർടിസിയുടെ എറണാകുളം ബജറ്റ് ടൂറിസം സെൽ. ബജറ്റ് ടൂറിസം പാക്കേജിന്റെ ഭാഗമായി കെഎസ്ആർടിസിയുടെ വിവിധ ഡിപ്പോകൾ ഗവിയിലേക്ക് യാത്ര നടത്തുന്നുണ്ടെങ്കിലും ഇത് ആദ്യമായാണ് എറണാകുളം ഡിപ്പോ ഗവിയിലേക്ക് ഒരു പാക്കേജ് അവതരിപ്പിക്കുന്നത്.

ഈ മാസം 17 നായിരിക്കും എറണാകുളത്ത് നിന്ന് യാത്ര പുറപ്പെടുക. രാവിലെ മൂന്നിന് തന്നെ ഡിപ്പോയിൽ നിന്നും ബസ് എടുക്കും. പത്തനംതിട്ടയിൽ എത്തിയാൽ അവിടെ നിന്നും മിനി ബസിലാണ് ഗവിയിലേക്കുള്ള യാത്ര. ഇനി യാത്രാ വിശേഷങ്ങൾ അറിയാം
വനത്തിനുള്ളിലൂടെ 70 കിലോമീറ്റർ യാത്ര ചെയ്താൽ നമ്മുക്ക് ഗവിയിലെത്താം. യാത്ര ആരംഭിച്ച് അൽപം കഴിഞ്ഞാൽ തന്നെ കൂട്ടിന് മഴയും കോടയുമൊക്കെ എത്തും. ഈ വഴിയിൽ കെ എസ് ബിയുടെ കീഴിലുള്ള 8 ഡാമുകൾ ഉണ്ട്.മൂഴിയാർ ഡാം , കക്കി ഡാം,ആനത്തോട്, കൊച്ചു പമ്പ, ഗവി എന്നിവ യാത്രക്കാർക്ക് ആസ്വദിക്കാൻ കഴിയും. പമ്പാ നദിയിൽ 20 മിനിറ്റ് നീളുന്ന ബോട്ട് യാത്രയും പാക്കേജിൽ ആസ്വദിക്കാനാകും. ഗവി മതിയാവോളം ആസ്വദിച്ച് കഴിഞ്ഞാൽ വണ്ടിപ്പെരിയാർ വഴി ഇടുക്കിയിലെ മറ്റൊരു പ്രധാന വിനോദ കേന്ദ്രങ്ങളിലൊന്നായ പരുന്തുംപാറയും സന്ദർശിച്ചായിരിക്കും മടക്കം. ഗവി യാത്രയ്ക്ക് 2000 രൂപയാണ് ഈടാക്കുന്നത്. നിലവിൽ ഓൺലൈൻ ബുക്കിംഗ് ഇല്ല. കൂടുതൽ വിവരങ്ങൾക്ക് ഫോൺ- ഫോൺ: 81291 34848.
അതേസമയം എറണാകുളത്ത് നിന്ന് ഈ മാസം മലക്കപ്പാറയിലേക്കും പ്രത്യേക പാക്കേജുണ്ട്. വാഴച്ചാൽ, തുമ്പൂർമുഴി, മലക്കപ്പാറ ടീ എസ്റ്റേറ്റ്, 40 കിലോമീറ്റർ വനയാത്ര എന്നിവ ഉൾപ്പെട്ടതാണ് ഈ പാക്കേജ്. എറണാകുളത്ത് നിന്ന് രാവിലെ 6.15നായിരിക്കും യാത്ര പുറപ്പെടുക. മലയിടുക്കുകളിലൂടെയും കൊടും വനങ്ങളിലൂടെയും പ്രകൃതിഭംഗി ആസ്വദിച്ച് രാത്രി 11 ഓടെ എറണാകുളത്ത് തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര ഒരുക്കിയിരിക്കുന്നത്. 50 പേർക്കാണ് അവസരം. 600 രൂപയാണ് നിരക്ക്.












Click it and Unblock the Notifications