കാടിലൂടെയുള്ള യാത്ര, മഞ്ഞ് മൂടിയ കുന്നുകൾ, അരുവികൾ..ഒറ്റയാത്രയിൽ കാണാം, ചെലവ് വെറും 1650 രൂപ
വേനൽക്കാലത്ത് എവിടേയും പോകാതെ വീട്ടിലടങ്ങിയിരിക്കാൻ ഇഷ്ടപ്പെടുന്നവരായിരിക്കും പലരും. മറ്റൊന്നും കൊണ്ടായിരിക്കില്ല ചൂട് തന്നെയാണ് പലരേയും അലട്ടുന്നത്. എന്നാൽ വലിയ ചൂട് ഇല്ലാതെ ഒത്താൽ ചെറിയ കോടമഞ്ഞൊക്കെ ഇപ്പോൾ കാണാൻ സാധിച്ചാലോ? കേൾക്കുമ്പോൾ തന്നെ കുളിര് തോന്നുന്നില്ലേ? എന്നാൽ മറ്റൊന്നും ആലോചിക്കേണ്ട, കൊട്ടാരക്കര കെ എസ് ആർ ടി സി ഈ മാസം 29 ന് പോകുന്ന ഗവി ട്രിപ്പ് ബുക്ക് ചെയ്യാം. ഈ യാത്രയുടെ ഏറ്റവും വലിയ പ്രത്യേകത ഒറ്റ സ്ഥലം മാത്രമല്ല കണ്ട് മടങ്ങുകയെന്നാണ്. മറിച്ച് ഒറ്റയടിക്ക് മൂന്നിടങ്ങൾ പോകും, അതും വെറുതെ കണ്ട് തീർക്കുകയല്ല, പിന്നെങ്ങനെ? അത് വിശദമായി നോക്കാം
കല്ലാർ നദിയുടെ തീരത്തുള്ള എക്കോ ടൂറിസം സെന്റർ ആണ് അടവി. പ്രകൃതി സ്നേഹികളായ സാഹസിക സഞ്ചാരികൾക്ക് ഏറ്റവും പ്രിയപ്പെട്ട ഇടങ്ങളിലൊന്ന്. കല്ലാറിലൂടെയുള്ള കുട്ടവഞ്ചി സഫാരിയാണ് ഈ യാത്രയിലെ ഏറ്റവും വലിയ ഹൈലൈറ്റ്. ചെറിയ ദൈർഘ്യത്തിലും കൂടുതൽ സമയമെടുത്ത് പോകാനുമൊക്കെയുള്ള കുട്ടവഞ്ചി സൗകര്യങ്ങൾ ഇവിടെ ഉണ്ട്. സാധാരണ അടവിയിൽ എത്തുന്നവർ ഇവിടുത്തെ മുളകൊണ്ട് തയ്യാറാക്കിയ വീടുകളിൽ സ്റ്റേ തിരഞ്ഞെടുക്കാറുണ്ട്. ഒക്ടോബർ മുതൽ മാർച്ച് വരെയാണ് ഇവിടം സഞ്ചരിക്കാൻ മികച്ച സമയം. മഴയത്ത് ഇവിടേക്കുള്ള യാത്ര നിയന്ത്രിക്കുന്നത് പതിവാണ്.

അടവിയിലെ കുട്ടവഞ്ചി സവാരിയും ആനത്താവളവും കണ്ട് തണ്ണിത്തോട്, ചിറ്റാർ, സീതത്തോട് , ആങ്ങമൂഴി, മൂഴിയാർ വഴിയാണ് ഗവിയിലേക്ക് പോകുക.
'വരയൻ പുലി'കളെ സംരക്ഷിക്കുന്ന പെരിയാർ ടൈഗർ റിസർവിന്റെ ഭാഗമാണ് ഗവി. കാനന മധ്യത്തിൽ സ്ഥിതി ചെയ്യുന്ന സുന്ദരമായ പ്രദേശം. ഓഡിനറി എന്ന മലയാള സിനിമയാണ് ഗവിയിലേക്ക് ആളുകളെ എത്തിച്ചത്. ഇപ്പോൾ വേനൽക്കാലത്തും ശൈത്യകാലത്തുമെല്ലാം മലയാളികളുടെ ഇഷ്ട വിനോദസഞ്ചാര കേന്ദ്രമായി ഗവി മാറി കളിഞ്ഞു. കാട്ടിലൂടെയുള്ള യാത്ര, മഞ്ഞ് മൂടിയ കുന്നുകൾ, തെളിനിര് ഒഴുകുന്ന ചെറിയ അരുവികൾ, കുഞ്ഞ് കുഞ്ഞ് വെള്ളച്ചാട്ടങ്ങൾ ഇങ്ങനെ എല്ലാം നിറഞ്ഞതാണ് ഗവി.പോകുന്ന പോക്കിൽ ഒത്താൽ ആനകളേയും മ്ലാവുകളേയും കാണാം. പക്ഷി നിരീക്ഷണം താത്പര്യമുള്ളവരാണെങ്കിൽ ഈ ഗവി യാത്ര നിങ്ങളെ നിരാശപ്പെടുത്തില്ല.
ഗവി കണ്ടുകഴിഞ്ഞാൽ മടക്കം ഇടുക്കിയിലെ പ്രശസ്തമായ പരുന്തുംപാറ വഴിയാണ്. പീരുമേട്ടിൽ നിന്നും ഏകദേശം 6 കിമി സഞ്ചരിച്ചാൽ പശ്ചിമഘട്ടത്തിന്റെ മനോഹരമായ കാഴ്ചകൾ ആസ്വദിക്കാൻ പറ്റുന്ന പരുന്തുംപാറയിൽ എത്താം. പരുന്തിന്റെ തലയോട് സമയം ഉള്ള പാറ ഉള്ളതിനാലാണ് ഈ സ്ഥലത്തിന് പരുന്തുംപാറ എന്ന പേര് വന്നത്. സമുദ്രനിരപ്പിൽ നിന്നും 3600 അടി ഉയരത്തിലാണ് പരുന്തുംപാറ സ്ഥിതി ചെയ്യുന്നത്. സാഹസിക സഞ്ചാരികളുടെ ഇഷ്ട ഇടം കൂടിയാണിവിടം.
മുകളിലെത്തിയാൽ വേണ്ടുവോളം പച്ചപ്പ് കാണാം. കുന്നിൻ മുകളിൽ നിന്ന് നോക്കിയാൽ ആകാശം കൈയെത്തിപ്പിടിക്കാനാകുമെന്ന് തോന്നും. ചുറ്റുമുള്ള കാഴ്ചകളിൽ അവിടവിടയായി വെള്ളച്ചാട്ടങ്ങളും ഉണ്ടാകും. വൈകീട്ടാണ് പോകുന്നതെങ്കിൽ ഇപ്പോൾ ചെറുതായി മഞ്ഞ് മൂടിയ മലകളായിരിക്കും സഞ്ചാരികളെ സ്വാഗതം ചെയ്യുക. ഉച്ച സമയത്ത് എത്തിയാൽ തീർച്ചയായും വെയിലേറ്റ് പൊരിയുമെന്ന് തർക്കമില്ല. മഴക്കാലത്ത് ഇങ്ങോട്ടെക്ക് എത്തുന്നവർ ധാരാളമാണ്. എന്നാൽ ഈ സമയത്തെ ട്രെക്കിങ് അൽപം അപകടം പിടിച്ചതാണ്.
യാത്ര പുറപ്പെടുന്നത്
രാവിലെ 5.30 ഓടെ കൊട്ടാരക്കര കെഎസ്ആർടിസിയിൽ നിന്നും വണ്ടി തിരിക്കും. ഏഴേ കാലോടെ പ്രഭാതഭക്ഷണവും കഴിച്ച് നേരെ അടവിയിലേക്ക്. 8.30 ഓടെ കുട്ടവഞ്ചി സവാരി നടത്താം. കാഴ്ചകൾ കണ്ട് 9.30യോടെ ഗവിയിലേക്കുള്ള എൻട്രി. ഉച്ചക്ക് 1.30 യോടെ കൊച്ചുപമ്പയിലെ കെഎസ്ഇബി കാന്റീനിൽ നിന്ന് ഭക്ഷണം. തിരിച്ച് 5.30 ഓടെ പരുന്തും പറയിലെത്തും. രാത്രി 10.30 യോടെയാണ് മടക്കം. യാത്ര നിരക്ക് : 1650 രൂപ യാണ്. ബ്രേക്ക് ഫാസ്റ്റ് /ഡിന്നർ എന്നിവയുടെ ബിൽ യാത്രികർ സ്വയം നൽകണം. സീറ്റുകൾക്ക് ആയി വിളിക്കാം :9567124271 , 9447281459 ,9947556006












Click it and Unblock the Notifications