മഞ്ഞിനെ വകഞ്ഞ് മാറ്റി ഗവിയിലേക്ക്; കുട്ടവഞ്ചിയും മുന്തിരിതോട്ടവും കൂടെ തമിഴ്നാടും.. പാക്കേജ്
ജനുവരിയെന്നാൽ തണുപ്പും കോടമഞ്ഞുമാണ്. കേരളത്തിലെവിടേക്കും യാത്രകൾ പോകുവാൻ പറ്റിയ സമയം. മനോഹരമായ യാത്ര പോക്കറ്റ് കാലിയാക്കാതെ പോയി വന്നാലോ.. പയ്യന്നൂർ കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെൽ ഈ മാസത്തെ ഏറ്റവും മികച്ച യാത്രകളിലൊന്നായ ഗവി പാക്കേജിന്‍റെ ബുക്കിങ് ആരംഭിച്ചിരിക്കുകയാണ്.
കാടിനുള്ളിലൂടെ ഏകദേശം 70 കിലോമീറ്റർ ദൂരം മഞ്ഞു വകഞ്ഞുമാറ്റി ആനവണ്ടിയിൽ യാത്ര ചെയ്യാൻ പറ്റിയാലോ. ഒപ്പം അണക്കെട്ടുകളും കുട്ടവഞ്ചി യാത്രയും ഇടുക്കിയിലെ സഞ്ചാരികളുടെ സ്വർഗ്ഗമായ തേക്കടിയും കണ്ട് അതിർത്തി കടന്ന് കമ്പവും തേനിയും കൂടി കണ്ടുവരുന്ന പാക്കേജാണ് പയ്യന്നൂരിൽ നിന്ന് ഏറ്റവും പുതിയതായി പ്രഖ്യാപിച്ചിട്ടുള്ളത്.

ജനുവരി 15 ന് വൈകിട്ട് പുറപ്പെടുന്ന യാത്ര ആദ്യം പത്തനംതിട്ടയിലെത്തി അവിടുന്ന് ഗവിയിലേക്കാണ് പോകുന്നത്. കാടിനുള്ളിലൂടെയുള്ള യാത്രയും അതിനകത്തെ ഗ്രാമങ്ങളും വ്യൂ പോയിന്‍റുകളും ഒക്കെയാണ് ഇതിലെ ആകർഷണം. കാടിനുള്ളിലൂടെ തണുപ്പത്തൂടെ കോടമഞ്ഞിനെ വകഞ്ഞ് മാറ്റിയുള്ള യാത്ര മാത്രം മതി, ഗവി യാത്ര ആസ്വദിക്കാൻ. ഗവി പാക്കേജിൽ അടവി ഇക്കോ ടൂറിസത്തിൽ കുട്ടവഞ്ചി യാത്രയും ഇതിന്‍റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. തിരക്കുകളില്ലാതെ കാടിനെ കാണാനും ആസ്വദിക്കാനുമുള്ള അവസരം അടവി നല്കുന്നു.
തുടർന്ന് പരുന്തുംപാറയാണ് സന്ദർശിക്കുന്നത്. ഇടുക്കിയിലെ പീരുമേടിനു സമീപം സ്ഥിതി ചെയ്യുന്ന പരുന്തുംപാറയിൽ നിന്നുള്ള വിദൂരദൃശ്യങ്ങൾ പ്രസിദ്ധമാണ്. അടുത്ത ദിവസം കമ്പം, തേക്കടി, സ്പൈസ് ഗാർഡൻ എന്നിവിടങ്ങള്‍ സന്ദർശിക്കും. ഇപ്പോൾ പോകുകയാണെങ്കിൽ കമ്പത്തെ മുന്തിരിപ്പാടങ്ങളുടെ കാഴ്ചയും സഞ്ചാരികൾക്ക് കാണാം. കറുപ്പും പച്ചയുമായ മുന്തിരിക്കുലകൾ വിൽക്കാൻ നിൽക്കുന്ന കർഷകരും റോഡ് വഴികളിലെ കാഴ്ചകളാണ്. ചില കർഷകർ മുന്തിരി തോപ്പുകൾ സന്ദർശിക്കാനും അവസരം നൽകും. കാഴ്ചകൊണ്ടും കാലാവസ്ഥ കൊണ്ടും ആളുകളെ ആകർഷിക്കുന്ന തേക്കടി കുറഞ്ഞ ചെലവിൽ കാണാനുള്ള അവസരമാണ് ഈ യാത്ര നല്കുന്നത്.
തേക്കടി യാത്രയിൽ ഒഴിവാക്കാൻ പാടില്ലാത്ത , സുഗന്ധവ്യഞ്ജനങ്ങൾ നിറഞ്ഞു നിൽക്കുന്ന സ്പൈസസ് ഗാർഡൻ കാണാനും ഈ പാക്കേജിൽ സാധിക്കും. ഒപ്പം ഹെയർപിൻ റോഡ് ഇറങ്ങി കമ്പത്തും പോകാം. കമ്പത്തെ ഗ്രാമീണ കാഴ്ചകളും വിളഞ്ഞു നിൽക്കുന്ന മുന്തിരിതോട്ടങ്ങളും കാണാം. വേണമെങ്കിൽ മുന്തിരി മേടിക്കുകയും ചെയ്യാം.
തീർന്നില്ല, കാറ്റാടിപ്പാടങ്ങളുടെ രാമക്കൽമേടും ഈ യാത്രയിൽ സന്ദർശിക്കുന്നു. . സമുദ്രനിരപ്പിൽ നിന്ന് 3500 അടി ഉയരത്തിലെ രാമക്കൽമേട്ടിൽ നിന്നാൽ തമിഴ്നാടിന്‍റെ വിദൂരദൃശ്യങ്ങളും ആസ്വദിക്കാം. എല്ലാം കഴിഞ്ഞ് ജനുവരി 18 ന് രാവിലെ ഏഴു മണിയോടെ പയ്യന്നൂരിൽ മടങ്ങിയെത്തും. യാത്രാ നിരക്ക്, സീറ്റ് ലഭ്യത, ബുക്കിങ് എന്നിവയറിയാൻ 8075823384 , 9745534123 നമ്പറുകളിൽ വിളിക്കാം.












Click it and Unblock the Notifications