കാടും കണ്ട് കുന്നും കയറി കുട്ടവഞ്ചിയും തുഴഞ്ഞൊരു യാത്ര; കെഎസ്ആർടിസി പാക്കേജ്
കാട് കാണണം, വഞ്ചി തുഴയണം, കെ എസ് ആർ ടി സിയിൽ ഒരു നീണ്ട യാത്ര പോകണം.. ഇങ്ങനെയൊക്കെ ആഗ്രഹമുണ്ടോ? എന്നാൽ ഒന്നും നോക്കാനില്ല കാഞ്ഞങ്ങാട് കെ എസ് ആർ ടി സിയുടെ ഗവി യാത്ര പാക്കേജിൽ ഇപ്പോൾ തന്നെ വിളിച്ച് ബുക്ക് ചെയ്തോളൂ. പത്തനംതിട്ട വരെ സുഖമായൊരു യാത്രയും ഒറ്റപ്പോക്കിൽ 5 സ്ഥലങ്ങൾ കണ്ട് മടങ്ങി വരാനും കഴിയുന്ന തരത്തിലാണ് ഈ പാക്കേജ്. ഏപ്രിൽ 27 നാണ് കാഞ്ഞങ്ങാട് നിന്ന് ഈ യാത്ര പുറപ്പെടുന്നത്.
ഗവിയിലേക്ക്
ഗവിയെന്ന് കേൾക്കുമ്പോൾ പലർക്കും ഓർമ്മ വരിക ഓഡിനറിയെന്ന കുഞ്ചാക്കോ ബോബൻ സിനിമയാണ്. ശരിയാണ് ഈ സിനിമയോട് കൂടി തന്നെയാണ് ഗവി മലയാളികൾക്കിടയിൽ പ്രശസ്തമായത്. ഏകദേശം 90 കിലോ മീറ്ററോളം കാട്ടിലൂടെ കെ എസ് ആർ ടി സിയിലൂടെയുള്ള യാത്ര തന്നെയാണ് ഈ പാക്കേജിന്റെ പ്രധാന ഹൈലൈറ്റ്. പോകുന്ന വഴിയിൽ നിരവധി ഡാമുകളും കാണാം. അതുകൂടാതെ അടവി ഇക്കോ ടൂറിസത്തിൽ കയറി വഞ്ചി തുഴയുകയും ചെയ്യാം. ഗവി വേണ്ടുവോളം ആസ്വദിച്ച് കഴിഞ്ഞ് നേരേ പോകുന്നത് ഇടുക്കിടയിസെ പരുന്തുംപാറയിലേക്കാണ്.

പരുന്തുംപാറ
പീരുമേട്ടിൽ നിന്നും ഏകദേശം എട്ട് കിമി സഞ്ചരിച്ചാൽ സ്വസ്ഥമാർന്ന കാടിന്റെ സൗന്ദര്യം ആസ്വദിക്കാനാകുന്ന പരുന്തുംപാറയുലെത്താം. വനപ്രദേശത്തിന്റെ ശാന്തത ഇവിടെ നിന്ന് ആസ്വദിക്കാം. പരുന്തുംപാറയിൽ നിന്ന് നോക്കിയാൽ ശബരിമലക്കാടുകളും കാണാം.
രാമക്കൽമേട്
ഇടുക്കിയിലെ മനോഹരമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് രാമക്കൽമേട്. കുന്നിൻ മുകളിലെ കുറവൻ കുറത്തി പ്രതിമകൾ ഇവിടുത്തെ പ്രധാന ആകർഷണമാണ്. സമുദ്രനിരപ്പിൽ നിന്നും 1100 അടി ഉയരത്തിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. ഏത് നേരവും വേണ്ടുവോളം കാറ്റ് ആസ്വദിക്കാൻ സാധിക്കും.
കമ്പം കുമിളി
ഇടുക്കി റൂട്ട് പിടിച്ചാൽ നിർബന്ധമായും പോയിരിക്കേണ്ട സ്ഥലങ്ങളാണ് കുമളിയും കമ്പവും. തമിഴ്നാടിനോട് ചേർന്ന് കിടക്കുന്ന ചെറുപട്ടണമാണ് കുമളി. തേയിലത്തോട്ടങ്ങൾക്ക് നടുവിലൂടെ ഒരു കിടിലൻ യാത്ര ആസ്വദിക്കാം. തേക്കടിയും പ്രശസ്തമായ മംഗളദേവി ക്ഷേത്രവുമെല്ലാം കുമളിയിലാണ്. ഇവിടെ നിന്ന് നേരെ പിടിച്ചാൽ മുന്തിരിത്തോട്ടങ്ങളാൽ സമ്പനമായി കമ്പവും തേനിയും കണ്ട് വരാം. പക്ഷെ സീസണിൽ പോകാൻ ഉറപ്പാക്കണം.
ഇത്രയും സ്ഥലങ്ങൾ ഉൾപ്പെടുത്തികൊണ്ടുള്ള പാക്കേജിന് ബുക്ക് ചെയ്യാൻ
9446088378, 8606237632 എന്ന നമ്പറിൽ ബന്ധപ്പെടാം












Click it and Unblock the Notifications