മഴ മാറി, കോട എത്തി..മഞ്ഞ് മൂടിയ കാട്ടുവഴിയിലൂടെ ഒരു കിടിലൻ യാത്ര പോയാലോ? ഇതാ പാക്കേജ്
കേരളത്തിൽ യാത്ര പോകാൻ വല്ല പ്ലാനുമുണ്ടോ? എന്നാൽ ഇപ്പോഴാണ് അതിനുള്ള ഏറ്റനും യോജിച്ച സമയം. കാരണം മഴ മാറി മഞ്ഞ് മൂടി നിൽക്കുന്ന കാഴ്ചകളാണ് പലയിടത്തും. പ്രത്യേകിച്ച് മലയോര മേഖലയിലേക്കുള്ള യാത്രകളാണെങ്കിൽ തീർച്ചയായും അത് സഞ്ചാരികളെ ഹരം കൊള്ളിക്കുമെന്ന കാര്യത്തിൽ തർക്കമില്ല.
കേരളത്തിൽ ഈ സമയത്ത് ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികൾ പോകാൻ ഇഷ്ടപ്പെടുന്ന ഇടമാണ് പത്തനംതിട്ടയിലെ ഗവി. മറ്റൊന്നുമല്ല, തണുത്ത കാറ്റേറ്റ്, കോടമഞ്ഞിനെ വകഞ്ഞ് മാറ്റി കാടിന് നടുവിലൂടെ അതിമനോഹരമായ ഒരു യാത്രയാണ് ഗവി സമ്മാനിക്കുക. മഴ ശക്തമായതോടെ ഗവിയിലേക്കുള്ള പാക്കേജുകൾ കെ എസ് ആർ ടി സി ബജറ്റ് സെല്ലുകൾ താത്കാലികമായി നിർത്തിവെച്ചിരുന്നു. ഇപ്പോഴിതാ മഴ മാറി കോട എത്തിയതോടെ സെല്ലുകൾ പലതും ഗവിയിലേക്കുള്ള യാത്രകൾ പുനഃരാരംഭിച്ചിരിക്കുകയാണ്. കണ്ണൂർ കെ എസ് ആർ ടി സിയും തങ്ങളുടെ ഒക്ടോബറിലേക്കുള്ള പാക്കേജിൽ ഗവിയെ ഉൾപ്പെടുത്തിയിട്ടുണ്ട്. അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇപ്പോൾ പാക്കേജ് വീണ്ടും തുടങ്ങുന്നത്.

രണ്ട് പാക്കേജുകൾ മാത്രമാണ് ഉള്ളത്. ഒന്ന് ഒക്ടോബർ നാലിനും മറ്റൊന്ന് 25 നും. രണ്ട് ദിലസം നീണ്ടുനിൽക്കുന്നതാണ് ഗവി പാക്കേജ്. ആദ്യ ദിവസം ഗവി കാഴ്ചകളും അടവിയിലെ കുട്ടവഞ്ചി സവാരിയും ആസ്വദിക്കും. പിന്നീട് ഇടുക്കിയിലെ മറ്റൊരു വിനോദസഞ്ചാര കേന്ദ്രമായ പരുന്തുംപാറയും സന്ദർശിക്കും.
യാത്രയിൽ രണ്ടാമത്തെ ദിവസം കുമളി, കമ്പം, രാമക്കൽ മേട് എന്നിവിടങ്ങളിലേക്കാണ് പോകുന്നത്. അവധി ദിനങ്ങളിലാണ് ഈ പാക്കേജ്. അതായത് വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് യാത്ര ആരംഭിക്കുക. തിരിച്ചെത്തുന്നത് തിങ്കളാഴ്ച രാവിലെ ആറ് മണിയോടെയാണ്. ഇത്രയും സ്ഥലങ്ങൾ ഒന്നിച്ച് കാണാൻ സാധിക്കുന്ന ഈ പാക്കേജന്റെ ചെലവ് എത്രയാണെന്ന് അറിയേണ്ടേ?, 6090 രൂപ. ഭക്ഷണവും താമസവും എൻട്രി ഫീയും ഉൾപ്പെടെയാണ് ഈ തുക. കൂടുതൽ വിവരങ്ങൾക്ക് 8089463675, 9497007857 .
അതേസമയം കോട്ടയത്ത് നിന്നും ഗവിയിലേക്ക് ഒക്ടോബർ മാസത്തിൽ പാക്കേജ് ഉണ്ട്. 30 ബുധനാഴ്ചയാണ് യാത്ര പോകുക. കുട്ടവഞ്ചി സവാരിയും ഒരു നേരത്തേ ഭക്ഷണവും ഉൾപ്പെടെ ഒരാൾക്ക് 1750 രൂപയാണ് ഈടാക്കുന്നത്. കൂടുതൽ വിവരങ്ങൾക്കും സീറ്റ് ബുക്ക് ചെയ്യുന്നതിനും 8089158178 എന്ന നമ്പറിൽ ബന്ധപ്പെടാം.












Click it and Unblock the Notifications