വന്ദേ ഭാരത് ഗോവ-കോഴിക്കോട് സർവ്വീസ് എന്നെത്തും? ഏക തടസം ഇതാണ്..വന്നാൽ കളിമാറും
തിരുവനന്തപരം: ഗോവ-മംഗളൂരു വന്ദേഭാരത് സർവീസ് കോഴിക്കേട്ടേക്ക് നീട്ടാനുള്ള തീരുമാനം അനന്തമായി നീളുന്നു. ഈ ഓഗസ്റ്റിൽ സർവ്വീസ് കോഴിക്കോട്ടേക്ക് നീട്ടും എന്നായിരന്നു വാർത്തകൾ. എന്നാൽ ഇത് സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും അംഗീകാരം ലഭിച്ചിട്ടില്ലെന്നാണ് റെയിൽവെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നത്.
നിലവിൽ വ്യാഴാഴ്ച ഒഴികെ എല്ലാ ദിവസവും ഗോവ-മംഗളൂരു വന്ദേഭാരത് സർവീസ് നടത്തുന്നുണ്ട്. എന്നാൽ യാത്രക്കാരുടെ എണ്ണം വളരെ കുറവാണെന്നാണ് അധികൃതർ പറയുന്നത്. അതുകൊണ്ട് തന്നെ വലിയ നഷ്ടമാണ് ഈ സർവ്വീസെന്നും അധികൃതർ പറയുന്നു. കോഴിക്കോടേക്ക് സർവ്വീസ് നീട്ടുകയാണെങ്കിൽ ഈ നഷ്ടം നികത്താമെന്നാണ് റെയിൽവേ ചൂണ്ടിക്കാട്ടുന്നത്.

കോഴിക്കോട് സർവ്വീസ് നീട്ടണമെന്ന ആവശ്യം നേരത്തേ തന്നെ ഗോവയിലെ മലയാളി സമൂഹം ഉയർത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് എംപി റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തുകയും ചെയിരുന്നു. കൂടിക്കാഴ്ചയിൽ സർവ്വീസ് നീട്ടുന്നത് അനുഭാവപൂർവ്വം പരിഗണിക്കാമെന്ന ഉറപ്പും അദ്ദേഹം നൽകി. രണ്ട് മാസം മുൻപ് രാജ്യസഭ എംപി പിടി ഉഷയും ഇതേ ആവശ്യവുമായി മന്ത്രിയെ സമീപിച്ചിരുന്നു. അനുകൂല പ്രതികരണമായിരുന്നു മന്ത്രി സ്വീകരിച്ചത്. എന്നാൽ ഇതുവരേയും ഇക്കാര്യത്തിൽ തുടർനടപടികൾ ഉണ്ടായിട്ടില്ല.
മംഗളൂരിൽ നിന്നും രാവിലെ 8.30ക്കാണ് നിലവിൽ സർവ്വീസ് തുടങ്ങുന്നത്. മഡ്ഗാവിൽ 2 മണിയോടെ ട്രെയിൻ എത്തും. ഉഡുപ്പി, കർവാർ സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ട്. മഡ്ഗാവിൽ നിന്നും വൈകീട്ട് 5.30യ്ക്കാണ് മംഗളൂരിലേക്കുള്ള സർവ്വീസ്. വൈകീട്ട് 10.45 ഓടെ ട്രെയിൻ മംഗളൂരിൽ എത്തും. സർവ്വീസ് കോഴിക്കോടേക്ക് നീട്ടുന്നത് കോഴിക്കോട്, കണ്ണൂർ , കാസർഗോഡ് ജില്ലക്കാർക്ക് മാംഗ്ലൂരിൽ അതിവേഗത്തിൽ എത്താൻ സാധിക്കും. മാത്രമല്ല ഗോവയിലേക്കുള്ള യാത്രയും എളുപ്പമാകും.
നീണ്ട വാരാന്ത്യങ്ങളിൽ കേരളത്തിൽ നിന്നും ഏറ്റവും കൂടുതൽ പേർ എത്തുന്ന വിനോദസഞ്ചാര കേന്ദ്രം കൂടിയാണ് ഗോവ. വിമാനത്തിൽ പോകുന്നത് ചെലവേറിയതിനാൽ പലപ്പോഴും ട്രെയിൻ സർവ്വീസുകളാണ് യാത്രക്കാർ തിരഞ്ഞെടുക്കാറുള്ളത്. കൊല്ലൂർ, മുരുഡേശ്വർ , ഉഡുപ്പി, കാർവാർ തുടങ്ങിയ വിനോദസഞ്ചാരത്തിന് പ്രാധാന്യമുള്ള ഇടങ്ങളിലേക്കുള്ള യാത്രകൾക്കും ഈ റൂട്ട് തന്നെയാണ് ഉപയോഗപ്പെടുത്തുന്നത്. തീരദേശ കർണ്ണാടകയുടെ മനോഹരമായ വഴികളിലൂടെയുള്ള സഞ്ചാരവും ഈ റൂട്ടിന്റെ ആകർഷണമാണ്.
റെയിൽവേയെ സംബന്ധിച്ച് സാമ്പത്തികമായും ഗുണകരമായിരിക്കും സർവ്വീസ് എന്നാണ് അധികൃതർ പറയു്നത്. എന്നാൽ അന്തിമ തീരുമാനം പ്രധാനമന്ത്രിയുടെ കാര്യാലയമാണ് സ്വീകരിക്കേണ്ടതെന്നും ഇവർ പറയുന്നു. കോഴിക്കോട് സർവ്വീസ് നീട്ടുകയാണെങ്കിൽ 2.5 മണിക്കൂറാണ് അധികമായി വേണ്ടി വരിക. കൊങ്കൺ റെയിൽവേ വഴിയുള്ള മറ്റ് സർവ്വീസുകൾ തടസപ്പെടുത്താത്ത വിധം സർവ്വീസ് നടത്തുകയെന്നതായിരിക്കും റെയിൽവേയെ സംബന്ധിച്ച് പ്രധാന വെല്ലുവിളി. വന്ദേഭാരതിന് വേണ്ടി ട്രെയിനുകൾ പിടിച്ചിടുന്നുവെന്ന ആക്ഷേപം പൊതുവെ ശക്തമാണ്.












Click it and Unblock the Notifications