ഗോവ പോയി വന്നാലോ? കീശ കാലിയാവില്ല..കുറഞ്ഞ നിരക്കിൽ ഗംഭീര പാക്കേജുമായി കെഎസ്ആർടിസി
ഗോവ പോയി അടിച്ചുപൊളിക്കാൻ ആഗ്രഹിക്കാത്തവരുണ്ടോ അല്ലേ. പക്ഷെ പോയി വരാൻ എത്ര ചെലവ് വരും? കീശകാലിയാകുമോയെന്ന ഭയം എന്തായാലും കാണും. മാത്രമല്ല അവിടെയെത്തിയാൽ താമസം, കാണേണ്ട സ്ഥലങ്ങൾ, എങ്ങനെ പോകും തുടങ്ങിയ ആശങ്കകളും കൂട്ടത്തിൽ ഉണ്ടാകും. ഈ ബുദ്ധിമുട്ടുകൾ ഒന്നും ബാധിക്കാതെ യാതൊരു ആശങ്കയും ഇല്ലാതെ ഗോവയിലേക്കൊന്ന് പോയി വന്നാലോ? അതും നമ്മുടെ സ്വന്തം ആനവണ്ടിയിൽ? ഞെട്ടേണ്ട. ബജറ്റ് ടൂറിസം സെല്ലിന്റെ ഏറ്റവും പുതിയ അന്തർ സംസ്ഥാന യാത്രാ ഗോവയിലേക്കാണ്. മൂന്നു രാത്രിയും രണ്ടു പകലും നീളുന്ന ഗംഭീര പാക്കേജ് ആണ് കെ എസ് ആർ ടി സി നൽകുന്നത്. വേനലവധി അധികം ചെലവില്ലാതെ ആഘോഷിക്കാൻ ആഗ്രഹിക്കുന്നവരാണെങ്കിൽ ഈ പാക്കേജ് തിരഞ്ഞെടുക്കാം. പാക്കേജിൻ്റെ ഏറ്റവും വലിയ ആകർഷണം കുറഞ്ഞ നിരക്ക് തന്നെയാണ്. വിശദമായി നോക്കാം.
ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രമാണ് ഗോവ. മനോഹരമായ കടൽത്തീരങ്ങളും, ശാന്തമായ അന്തരീക്ഷവും, സാഹസിക വിനോദങ്ങളുമെല്ലാം ഇവിടത്തെ പ്രത്യേകതയാണ്. പാർട്ടിയും നൈറ്റ് ലൈഫുമൊക്കെയാണ് നിങ്ങൾക്ക് താത്പര്യമെങ്കിൾ വടക്കൻ ഗോവയാണ് ഉത്തമം. എന്നാൽ, ശാന്തമായ അവധിക്കാലം തേടുന്നവർക്ക് തെക്കൻ ഗോവ തിരഞ്ഞെടുക്കാം

കടലിനപ്പുറം, ഗോവയ്ക്ക് തനതായ ഇന്ത്യൻ-പോർച്ചുഗീസ് സംസ്കാരത്തിന്റെ സമ്മിശ്രണമുണ്ട്. പഴക്കംചെന്ന പള്ളികൾ, പഴയകാലത്തെ ഓർമ്മിപ്പിക്കുന്ന വീടുകൾ, സുഗന്ധവ്യഞ്ജന മാർക്കറ്റുകൾ എന്നിവ ഇതിന് ഉദാഹരണങ്ങളാണ്. ഫ്രഷ് ഫിഷ് കറി, പ്രോൺ ബൽചോ, പോർക്ക് വിൻഡാലു, മധുരമുള്ള ബേബിൻക തുടങ്ങിയ രുചികരമായ വിഭവങ്ങളും ഇവിടത്തെ പ്രത്യേകതയാണ്. രാത്രി മുഴുവൻ നൃത്തം ചെയ്യാനോ, കടൽത്തീരത്ത് പുസ്തകവുമായി സമയം ചെലവഴിക്കാനോ, പഴയ കോട്ടകളും ക്ഷേത്രങ്ങളും സന്ദർശിക്കാനോ, അല്ലെങ്കിൽ സ്വാദിഷ്ടമായ കടൽവിഭവങ്ങൾ ആസ്വദിക്കാനോ ആഗ്രഹിക്കുന്നവർക്ക് ഗോവ തികച്ചും അനുയോജ്യമാണ്. സാഹസികത, വിശ്രമം, സമാധാനം എന്നിവയൊക്കെയാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ധൈര്യമായി ഗോവിയിലേക്ക് പോകാം.
കേരള ടൂറിസം ഡെവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുമായി ചേർന്നാണ് ഗോവ യാത്ര പദ്ധതി കെ എസ് ആർ ടി സി അവതരിപ്പിച്ചിരിക്കുന്നത്. കാസർകോട് വരെ കെ എസ് ആർ ടി സി ബസിലും അവിടെ നിന്ന് ഗോവയിലേക്ക് പ്രത്യേക ആഡംബര എ സി ബസിലുമായിരിക്കും യാത്ര. അതേസമയം ഗോവ മാത്രമല്ല കേട്ടോ കെ എസ് ആർ ടി സി നടത്തുന്ന അന്തർസംസ്ഥാന യാത്രകൾ. ഊട്ടി, കൊടൈക്കനാൽ, രാമേശ്വരം, വേളാങ്കണ്ണി, മേഘമല, പളനി, കന്യാകുമാരി എന്നിവിടങ്ങളിലേക്കും കെ എസ് ആർ ടി സി പാക്കേജുകൾ നൽകുന്നുണ്ട്. മാത്രമല്ല വേനലവധി ആഘോഷമാക്കാൻ കേരളത്തിന് ഉള്ളിൽ തന്നെ നിരവധി പാക്കേജുകൾ കെ എസ് ആർ ടി സി നൽകുന്നുണ്ട്.












Click it and Unblock the Notifications