ബെംഗളൂരു മലയാളികള്‍ക്ക് സന്തോഷ വാര്‍ത്ത; മൂന്ന് പ്രതിവാര സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഡിസംബര്‍വരെ നീട്ടി
ബെംഗളൂരു: അവധിക്കാലമായാല്‍ ഏറ്റവും കൂടുതല്‍ നാട്ടിലേക്കു പോകാന്‍ ആഗ്രഹിക്കുന്നവരാണ് മലയാളികള്‍. വരും മാസങ്ങളില്‍ പൂജ അവധി മുതല്‍ ക്രിസ്തുമസ് അവധി വരെയുള്ളതിനാല്‍ നാട്ടിലേക്കു പോകുന്ന മലയാളികളുടെ എണ്ണവും കൂടും. ഈ ഘട്ടത്തില്‍ ബെംഗളൂരുവിലെ മലയാളികള്‍ക്ക് ആഹ്‌ളാദമേകുന്ന നടപടിയാണ് ഇന്ത്യന്‍ റെയില്‍വേ സ്വീകരിച്ചത്. ബെംഗളൂരുവില്‍ നിന്ന് നാട്ടിലേക്കു പോകാനും തിരിച്ചുവരാനുള്ള യാത്രയില്‍ കൂടുതല്‍ ട്രെയിനുകള്‍ അനുവദിച്ചിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ.
ബെംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് അനുവദിച്ച മൂന്ന് പ്രതിവാര സ്‌പെഷ്യല്‍ തീവണ്ടികള്‍ ഡിസംബര്‍ വരെ നീട്ടാന്‍ റെയില്‍വേ ബോര്‍ഡ് തീരുമാനിച്ചതായി ദക്ഷിണ-പശ്ചിമ റെയില്‍വേ അറിയിച്ചു.

എസ്എംവിടി ബെംഗളൂരു-തിരുവനന്തപുരം നോര്‍ത്ത് വീക്കിലി എക്‌സ്പ്രസാണ് (0655) നീട്ടിയ ഒരു ട്രെയിന്‍. ഒക്ടോബര്‍ മൂന്നു വരെയാണ് നേരത്തേ അനുവദിച്ചത്. ഇത് ഡിസംബര്‍ 26 വരെയാക്കി നീട്ടി. തിരിച്ച് തിരുവനന്തപുരം നോര്‍ത്ത്-എസ്എംവിടി ബെംഗളൂരു വീക്കിലി എക്‌സ്പ്രസ് സ്‌പെഷ്യല്‍ ഡിസംബര്‍ 28 വരെ നീട്ടി. സെപ്റ്റംബര്‍ 28 വരെയായിരുന്നു നേരത്തേ അനുവദിച്ചത്.
എസ്എംവിടി ബെംഗളൂരു-തിരുവനന്തപുരം നോര്‍ത്ത് വീക്കിലി എക്‌സ്പ്രസ് (06523) ആണ് നീട്ടിയ രണ്ടാമത്തെ ട്രെയിന്‍. സെപ്റ്റംബര്‍ 15 വരെ അനുവദിച്ച ട്രെയിന്‍ സര്‍വീസ് ഡിസംബര്‍ 29 വരെ നീട്ടി. തിരിച്ചുള്ള തിരുവനന്തപുരം നോര്‍ത്ത്-എസ്എംവിടി ബെംഗളൂരു വീക്കിലി എക്‌സ്പ്രസ് (06524) സെപ്റ്റംബര്‍ 15-ന് അവസാനിക്കേണ്ടത് ഡിസംബര്‍ 30 വരെയായി നീട്ടി.
എസ്എംവിടി ബെംഗളൂരു-തിരുവനന്തപുരം നോര്‍ത്ത് വീക്കിലി എക്‌സ്പ്രസ് സ്‌പെഷ്യല്‍ (06547) ആണ് സര്‍വീസ് നീട്ടിയ മൂന്നാമത്തെ തീവണ്ടി. സെപ്റ്റംബര്‍ മൂന്നു വരെ അനുവദിച്ച സര്‍വീസ് ഡിസംബര്‍ 24 വരെയാക്കി. തിരിച്ചുള്ള തിരുവനന്തപുരം നോര്‍ത്ത്-എസ്എംവിടി ബെംഗളൂരു വീക്കിലി എക്‌സ്പ്രസ് സ്‌പെഷ്യല്‍ (06548) സെപ്റ്റംബര്‍ നാലു വരെയായിരുന്നു അനുവദിച്ചത്. ഇത് ഡിസംബര്‍ 25 വരെയാക്കി ദീര്‍ഘിപ്പിച്ചു. വണ്ടികളുടെ സമയ ക്രമവും സ്റ്റോപ്പുകളും ബോഗികളുടെ ക്രമവുമെല്ലാം നിലവിലുള്ളതു പോലെ തുടരുമെന്നും ദക്ഷിണ-പശ്ചിമ റെയില്‍വേ അറിയിച്ചു.
ബെംഗളൂരുവില്‍ നിന്ന് നാട്ടിലേക്കു വരാന്‍ കൂടുതല്‍ മലയാളികളും ആശ്രയിക്കുന്നത് ബസുകളെയും ട്രെയിനുകളെയുമാണ്. എന്നാല്‍ അവധി ദിനങ്ങളില്‍ തിരക്കേറുമ്പോള്‍ ടിക്കറ്റ് കിട്ടാത്ത സാഹചര്യവും ഉണ്ട്. പൂജ അവധി ദിനങ്ങളില്‍ മുന്‍ വര്‍ഷങ്ങളില്‍ ട്രെയിനുകളിലും ബസുകളിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. അതിനാല്‍ റെയില്‍വേയുടെ ഈ നടപടി കേരളത്തിലേക്കും തിരിച്ചുമുള്ള യാത്രക്കാര്‍ക്ക് വലിയ ആശ്വാസമാണ്.












Click it and Unblock the Notifications