തീര്‍ത്ഥാടകര്‍ക്ക് സന്തോഷവാര്‍ത്ത; ഒറ്റയാത്രയില്‍ നിരവധി ക്ഷേത്രങ്ങള്‍ കണ്ടുവരാം; കേരളത്തിലെ 3 ക്ഷേത്രങ്ങളും
ഒരു തീര്‍ത്ഥാടകന്‍ തന്റെ ജീവിതത്തില്‍ കണ്ടിരിക്കേണ്ട നിരവധി ക്ഷേത്രങ്ങള്‍ ഇന്ത്യയിലുണ്ട്. വാസ്തുവിദ്യയുടെ ഗാംഭീര്യം കൊണ്ടും പാരമ്പര്യം കൊണ്ടും ഐതിഹ്യം കൊണ്ടുമൊക്കെ ശ്രദ്ധേയമായ ക്ഷേത്രങ്ങള്‍. എന്നാല്‍ അതൊക്കെ ഒരു യാത്രയില്‍ കണ്ടു തീര്‍ക്കുക എന്നത് ഒരു സാധാരണക്കാരനായ തീര്‍ത്ഥാടകനെ സംബന്ധിച്ച് വലിയ യാത്രച്ചെലവുള്ള കാര്യമാണ്.
ഇപ്പോഴിതാ ഇന്ത്യയിലെ വളരെ പ്രശ്‌സതമായ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാനുള്ള അസുലഭ അവസരമാണ് ഇന്ത്യന്‍ റെയില്‍വേ ഒരുക്കുന്നത്. ക്ഷേത്ര ടൂറിസത്തെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇത്തരം ടൂറുകള്‍ സംഘടിപ്പിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിന്‍ അധികൃതര്‍ അറിയിച്ചു.

തമിഴ്നാട്, കേരളം എന്നിവിടങ്ങളിലെ പ്രശസ്തമായ ക്ഷേത്രങ്ങളിലേക്കും നിഷ്‌കളങ്ക് മഹാദേവ ക്ഷേത്രവും ജ്യോതിര്‍ലിംഗവും ഉള്‍പ്പെടുന്ന പഞ്ച ദ്വാരക യാത്രയുമാണ് സംഘടിപ്പിക്കുന്നത്. ഇതിനായി രണ്ട് പ്രത്യേക ടൂറിസ്റ്റ് സര്‍ക്യൂട്ട് ട്രെയിനുകള്‍ സര്‍വീസുകള്‍ നടത്തും.
ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിനിലാണ് യാത്ര. 11 ദിവസത്തെ തമിഴ്നാട്, കേരള പാക്കേജ് നവംബര്‍ 16 ന് ആരംഭിക്കും. തിരുകടയൂര്‍, ചിദംബരം, അരുണാചലം, ട്രിച്ചി, തഞ്ചാവൂര്‍, രാമേശ്വരം, മധുരൈ, കന്യാകുമാരി, തിരുവനന്തപുരം, ചോറ്റാനിക്കര, ഗുരുവായൂര്‍ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്താന്‍ സൗകര്യം ഒരുക്കും.
പഞ്ച ദ്വാരക ജ്യോതിര്‍ലിംഗ യാത്ര നവംബര്‍ 26ന് ആരംഭിക്കും. ദ്വാരക, ഡാകോര്‍ ദ്വാരക, നാഥദ്വാരക, ബെയ്റ്റ് ദ്വാരക, നിഷ്‌കളങ്ക് മഹാദേവ് ക്ഷേത്രം, യാദാദ്രി, സ്റ്റാച്യു ഓഫ് ഇക്വാലിറ്റി, സ്റ്റാച്യു ഓഫ് യൂണിറ്റി, സോമനാഥ്, നാഗേശ്വര്‍, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ 10 ദിവസത്തെ യാത്രയാണ് ഈ പാക്കേജില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പാക്കേജുകളില്‍ ഹോട്ടല്‍ താമസം, സൈറ്റ്‌സീയിങ്, യാത്രാ ഇന്‍ഷുറന്‍സ്, മറ്റ് സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. ഈ ടൂറുകള്‍ക്ക് ഇന്ത്യന്‍ റെയില്‍വേയില്‍ നിന്നുള്ള 33% സബ്സിഡിയും ബാധകമാണ്. ഗുഡൂര്‍, നെല്ലൂര്‍, ഓംഗോള്‍, ചീരാല, വിജയവാഡ, ഖമ്മം, വാറങ്കല്‍ എന്നിവിടങ്ങളില്‍ ബോര്‍ഡിങ് പോയിന്റുകള്‍ ലഭ്യമാണ്.












Click it and Unblock the Notifications