ബെംഗളൂരിലേക്ക് ടിക്കറ്റ് നിരക്ക് കുറച്ച് കെഎസ്ആർടിസി;പുതിയ നിരക്കുകൾ ഇങ്ങനെ
ബെംഗളൂരുവിലേക്ക് ഇനി കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാം. ബസ് ടിക്കറ്റ് നിരക്കുകൾ കുത്തനെ കുറച്ച് കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ (കെ എസ് ആർ ടി സി) മംഗളൂരു വിഭാഗം. ബെംഗളൂരുവിലേക്കുള്ള പ്രീമിയം ബസ് സർവീസുകളുടെ ടിക്കറ്റ് നിരക്കുകളിലാണ് കുറവ് വരപത്തിയത്. തിങ്കളാഴ്ച മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും. ജനുവരി മുതൽ മാർച്ച് വരെയുള്ള യാത്രാ തിരക്ക് കുറഞ്ഞ സീസണിൽ കൂടുതൽ യാത്രക്കാരെ ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നീക്കം.
ഏപ്രിൽ - ജൂൺ, ഒക്ടോബർ - ഡിസംബർ മാസങ്ങളിലെ തിരക്കുള്ള സമയങ്ങളിൽ കെ എസ് ആർ ടി സി പ്രീമിയം സർവീസുകൾക്ക് 10-15 ശതമാനം നിരക്ക് വർദ്ധിപ്പിക്കാറുണ്ട്. എന്നാൽ ഓഫ് സീസണുകളിൽ സാധാരണ നിരക്കുകളാണ് ഈടാക്കുന്നത്. വാരാന്ത്യങ്ങളിൽ നിരക്കുകളിൽ ഭാഗിക വർദ്ധനവ് ഏർപ്പെടുത്താറുണ്ട്.

പ്രമുഖ പ്രീമിയം സർവീസായ അംബാരി ഉത്സവ് മൾട്ടി - ആക്‌സിൽ എയർ കണ്ടീഷൻഡ് സ്ലീപ്പർ കോച്ചിന് കുന്ദാപുരം-ബെംഗളൂരു റൂട്ടിൽ 1,510, ഉഡുപ്പി - ബെംഗളൂരു 1,460, മംഗളൂരു - ബെംഗളൂരു റൂട്ടിൽ 1,350 എന്നിങ്ങനെയാണ് പുതിയ നിരക്കുകൾ. അംബാരി ഡ്രീം ക്ലാസ് മൾട്ടി - ആക്‌സിൽ എയർകണ്ടീഷൻഡ് സ്ലീപ്പർ കോച്ചുകൾക്ക് ഈ റൂട്ടുകളിൽ യഥാക്രമം 1,350, 1,300, 1,200 എന്നിങ്ങനെയും നിരക്ക് കുറച്ചു.
മൾട്ടി-ആക്‌സിൽ എയർകണ്ടീഷൻഡ് സിറ്റിംഗ് കോച്ചുകളുടെ നിരക്കുകൾ കുന്ദാപുരം-ബെംഗളൂരു റൂട്ടിൽ 1,310, ഉഡുപ്പി-ബെംഗളൂരു 1,250, മംഗളൂരു-ബെംഗളൂരു 1,150 എന്നിങ്ങനെയാണ് നിശ്ചയിച്ചത്. പഴയ മൾട്ടി-ആക്‌സിൽ സിറ്റിംഗ് കോച്ചുകൾക്ക് ഈ റൂട്ടുകളിൽ യഥാക്രമം 1,110, 1,060, 1,000 എന്നിങ്ങനെയാണ് ഇപ്പോൾ നിരക്ക്.
നോൺ-എയർകണ്ടീഷൻഡ് വിഭാഗത്തിൽ, സ്ലീപ്പർ കോച്ചുകളുടെ നിരക്കുകൾ ഈ റൂട്ടുകളിൽ യഥാക്രമം 1,050, 1,000, 900 എന്നിങ്ങനെയായി. പല്ലക്കി നോൺ-എസി സർവീസുകൾക്ക് ഈ നിരക്കുകൾ 1,100, 1,060, 950 എന്നിങ്ങനെ കുറവ് വരുത്തിയിട്ടുണ്ട്.
രാജഹംസ നോൺ-എസി സിറ്റിംഗ് സർവീസുകൾക്ക് ഈ റൂട്ടുകളിൽ യഥാക്രമം 750, 700, 650 എന്നിങ്ങനെയാണ് ഇളവുചെയ്ത നിരക്കുകൾ. പുതിയ നിരക്കുകളുള്ള പ്രീമിയം സർവീസുകൾ പൊതുജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് കെ എസ് ആർ ടി സി മംഗളൂരു സീനിയർ ഡിവിഷണൽ കൺട്രോളർ അഭ്യർത്ഥിച്ചു.












Click it and Unblock the Notifications