ഇന്ത്യക്കാരെ ഇതാ സന്തോഷ വാർത്ത; ഇനി ബാലിയൊക്കെ എളുപ്പം കറങ്ങാം, വിസ രഹിത യാത്ര അനുവദിച്ച് ഇന്തോനേഷ്യ
ഇന്ത്യക്കാർക്ക് വിസ രഹിത യാത്ര അനുവദിച്ച് ഇന്തോനേഷ്യയും. ശ്രീലങ്ക, തായ്‌ലന്‍ഡ്, വിയറ്റ്‌നാം എന്നിവയ്ക്ക് പിന്നാലെയാണ് ഇന്തോനേഷ്യയും വിസ ഇളവ് പ്രഖ്യാപിച്ചത്. ഒരു മാസത്തിനുള്ളിൽ തീരുമാനം നടപ്പാക്കുമെന്ന് ടൂറിസം മന്ത്രി ന്‍ഡിയാഗാ ഉനോ അറിയിച്ചു.
ഇന്ത്യയെ കൂടാതെ അമേരിക്ക, ഓസ്ട്രേലിയ, ദക്ഷിണ കൊറിയ, ജർമ്മിനി, ബ്രിട്ടൻ, ഫ്രാൻസ് തുടങ്ങി 20 ഓളം രാജ്യങ്ങൾക്കും വിസ രഹിത യാത്ര അനുവദിച്ചിട്ടുണ്ട്. രാജ്യത്തേക്ക് കൂടുതല്‍ വിദേശ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനാണ് തീരുമാനമെന്ന് മന്ത്രി വ്യക്തമാക്കി. നടപടി നിക്ഷേപം ആകർഷിക്കുകയും ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ വികസനത്തിന് പിന്തുണ നൽകുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

കൂടുതൽ ദിവസം രാജ്യത്ത് താമസിക്കുന്നവരും പ്രാദേശിക സമ്പദ്‌വ്യവസ്ഥയിൽ കൂടുതൽ ചെലവിടുന്നവരെയുമാണ് തങ്ങൾ പ്രോത്സാഹിപ്പിക്കുയെന്നും അദ്ദേഹം പറഞ്ഞു. ഔദ്യോഗിക കണക്കുകൾ പ്രകാരം കൊവിഡിന് മുൻപുള്ള കാലയളവിൽ 16 ദശലക്ഷത്തിലധികം വിദേശികൾ ഇന്തോനേഷ്യയിൽ എത്തിയിരുന്നു. ഈ വർഷം ജനുവരി മുതൽ ഒക്ടോബർ വരെ 9.49 ദശലക്ഷം വിദേശ സന്ദർശകരാണ് രാജ്യത്ത് എത്തിയത്.2022 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 124.3% വർദ്ധനവാണ് രേഖപ്പെടുത്തിയത്.
പുതിയ തീരുമാനം ഇന്ത്യക്കാർക്ക് ഏറെ ഗുണകരമാകും ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനുകളിലൊന്നാണ് ഇവിടം. ലോകത്തിലെ ഏറ്റവും വലിയ ദ്വീപസമൂഹമാണ് ഇന്തോനേഷ്യ. 17000ത്തോളും ചെറുദ്വീപുകളാണ് ഇന്തോനേഷ്യയിലുള്ളത്. ഇതിൽ 6000ത്തോളം ദ്വീപുകളിലാണ് ആൾത്താമസമുള്ളത്. ഇവിടുത്തെ സംസ്കാരവും കലയും ഭക്ഷണരീതിയുമൊക്കെ തികച്ചും വ്യത്യസ്തത നിറഞ്ഞ അനുഭവങ്ങളായിരിക്കും.
ബാലിയിലേക്കാണ് ആളുകൾ പ്രധാനമായും പോകുന്നത്. സുമാത്ര, ജാവ, ഉബൂദ്,ജക്കാർത്ത, കൊമോഡോ,ഗിരി ദ്വീപുകൾ, സുമാത്രയുടെ ഉഷ്ണമേഖലാ മഴക്കാടുകള്‍, കൊമോഡോ നാഷണൽ പാർക്ക് ലോറൻസ് നാഷണൽ പാർക്ക് ഉജുങ് കുലോൺ ദേശീയോദ്യാനം സവാഹ്ലുന്റോയുടെ ഓംബിലിൻ കൽക്കരി ഖനന കേന്ദ്രം, സംഗിരൻ സൈറ്റ് തുടങ്ങിയവയാണ് പ്രധാന സ്ഥലങ്ങൾ.
അതേസമയം നിലവിൽ 25 രാജ്യങ്ങളിൽ ഇന്ത്യക്കാർക്ക് വിസ രഹിത യാത്ര അനുവദിക്കുന്നുണ്ട്. മലേഷ്യ, തായ്ലന്റ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളെല്ലാം ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നുണ്ട്. വിയറ്റ്നാമും ഇന്ത്യക്കാർക്ക് വിസ ഇളവ് പ്രഖ്യാപിച്ചിരുന്നു. മെയ് 10 വരെയാണ് ഇവിടെ ഇളവ് അനുവദിക്കുക. ആവശ്യക്കാർ ഏറിയാൽ പദ്ധതി നീട്ടിയേക്കുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. നിലവില്‍ ഫ്രാന്‍സ്, ഇറ്റലി, ജര്‍മ്മനി, സ്വീഡന്‍, സ്‌പെയിന്‍, ഡെന്‍മാര്‍ക്ക്, ഫിന്‍ലന്‍ഡ് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ക്ക് വിസയില്ലാതെ തന്നെ രാജ്യത്ത് പ്രവേശിക്കാം.












Click it and Unblock the Notifications