മലേഷ്യയും സിംഗപ്പൂരും ആര്‍ക്കുവേണം, 2024 ല്‍ ഇന്ത്യക്കാര്‍ ഹണിമൂണ്‍ ആഘോഷിച്ചത് ഇവിടെ
വിവാഹം കഴിഞ്ഞാല്‍ മധുവിധു ആഘോഷിക്കാന്‍ യാത്ര പോകുക എന്നത് നവദമ്പതികള്‍ പരമ്പരാഗതമായി പിന്തുടര്‍ന്ന് പോരുന്ന ശീലങ്ങളിലൊന്നാണ്. വിദേശരാജ്യങ്ങളായ മലേഷ്യ, സിംഗപ്പൂര്‍, തായ്‌ലാന്റ്, യുഎഇ എന്നിവയെല്ലാം പലരും ഹണിമൂണ്‍ ഡെസ്റ്റിനേഷനായി തിരഞ്ഞെടുക്കാറുണ്ട്. എന്നാല്‍ 2024 ല്‍ വിനോദസഞ്ചാര പ്രവണതകളില്‍ ഇന്ത്യ ഒരു മാറ്റത്തിന് സാക്ഷ്യം വഹിക്കുന്നു എന്നാണ് വ്യക്തമാകുന്നത്.
ഈ വര്‍ഷം രാജ്യത്തെ നവദമ്പതികളില്‍ പലരും ഇന്ത്യയ്ക്ക് അകത്ത് തന്നെയാണ് ഹണിമൂണ്‍ ആഘോഷിച്ചത്. രാജ്യത്തിന്റെ സമ്പന്നമായ സാംസ്‌കാരിക വൈവിധ്യവും അതിശയകരമായ ഭൂപ്രകൃതിയും വിശാലമായ യാത്രാനുഭവങ്ങള്‍ പ്രദാനം ചെയ്യുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. 2024-ല്‍ നവദമ്പതികള്‍ ഏറ്റവും കൂടുതല്‍ ഹണിമൂണ്‍ ട്രിപ്പ് നടത്തിയ സ്ഥലങ്ങള്‍ ഏതൊക്കെയാണ് എന്ന് നോക്കാം.

മണാലി
വര്‍ഷങ്ങളായി മണാലി രാജ്യത്തെ ടൂറിസ്റ്റ് ഡെസ്റ്റിനേഷനില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സ്ഥലമാണ്. എന്നാല്‍ ഹണിമൂണ്‍ ഡെസ്റ്റിനേഷനായി മണാലി ഈ വര്‍ഷം ഉയര്‍ന്നു വന്നു എന്നാണ് ഏറ്റവും വലിയ പ്രത്യേകത. ഹിമാചല്‍ പ്രദേശില്‍ സ്ഥിതി ചെയ്യുന്ന മണാലി മധുവിധു ആഘോഷിക്കുന്നവരുടെ ഫസ്റ്റ് ഓപ്ഷനായി മാറിയിരിക്കുകയാണ്. പ്രകൃതിസൗന്ദര്യം ആസ്വദിച്ച് കൊണ്ട് സഞ്ചാരികള്‍ക്ക് പാരാഗ്ലൈഡിംഗും നടത്താം.
ഡാര്‍ജിലിംഗ്
'പര്‍വതങ്ങളുടെ രാജ്ഞി' എന്ന് വിളിക്കപ്പെടുന്ന ഡാര്‍ജിലിംഗ് മനോഹരമായ തേയിലത്തോട്ടങ്ങളും കൊളോണിയല്‍ ചാരുതയും കൊണ്ട് നവദമ്പതികളെ ആകര്‍ഷിക്കുകയാണ്. പ്രസന്നമായ കാലാവസ്ഥയും ശാന്തമായ അന്തരീക്ഷവും ഇതിനെ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാക്കി മാറ്റുന്നു. കാഞ്ചന്‍ജംഗയുടെ അതിമനോഹരമായ കാഴ്ചകളും ഡാര്‍ജിലിംഗ് വാഗ്ദാനം ചെയ്യുന്നു.
ശ്രീനഗര്‍
ഹണിമൂണിനായി നവദമ്പതികള്‍ തിരഞ്ഞെടുക്കുന്ന ഒരു മറ്റൊരു പ്രധാനപ്പെട്ട ഇടം ശ്രീനഗര്‍ ആണ്. മഞ്ഞുമൂടിയ പ്രകൃതിദൃശ്യങ്ങള്‍ക്കൊപ്പം ഹൗസ് ബോട്ട് സഞ്ചാരവും താമസവും ഇവിടം ഉറപ്പ് നല്‍കുന്നു. ദമ്പതികള്‍ക്ക് സ്വകാര്യമായ നിമിഷങ്ങള്‍ പങ്ക് വെക്കാനും ശ്രീനഗറില്‍ സാധിക്കും എന്നതാണ് മറ്റൊരു ആകര്‍ഷണം. 2024-ല്‍, ഏറ്റവും പ്രിയങ്കരമായ ഹണിമൂണ്‍ സ്‌പോട്ടുകളില്‍ ഒന്നായി ശ്രീനഗര്‍ മാറാനും ഇതാണ് കാരണം.
ഗോവ
ബീച്ച് പാര്‍ട്ടികളും ഊര്‍ജ്ജസ്വലമായ നൈറ്റ് ലൈഫും ആഗ്രഹിക്കുന്ന ദമ്പതികള്‍ ഉറപ്പായും പോകേണ്ട സ്ഥലങ്ങളിലൊന്നാണ് ഗോവ. നവദമ്പതികള്‍ ഏറെ ആവേശത്തോടെ 2024 ല്‍ ഹണിമൂണ്‍ ആഘോഷിക്കാനായി എത്തിയ സ്ഥലങ്ങളിലൊന്നാണ് ഗോവ. വൈവിധ്യമായ നിരവധി കാഴ്ചകള്‍ ആണ് ഗോവ സഞ്ചാരികള്‍ക്കായി കാത്തുവെച്ചിരിക്കുന്നത്.
ലക്ഷദ്വീപ്
പ്രണയത്തോടൊപ്പം സാഹസികതയും ഇഷ്ടപ്പെടുന്ന ദമ്പതികള്‍ക്ക് ലക്ഷദ്വീപ് മികച്ച ഓപ്ഷനായി മാറിയ വര്‍ഷമാണ് 2024. ക്രിസ്റ്റല്‍ പോലെ തെളിഞ്ഞ വെള്ളവും ആളൊഴിഞ്ഞ ബീച്ചുകളും കൊണ്ട് ലക്ഷദ്വീപ് വേറിട്ടുനില്‍ക്കുന്നു. ഈ ദ്വീപസമൂഹം സ്വകാര്യ ദ്വീപ് റിസോര്‍ട്ടുകളും അതിമനോഹരമായ സൂര്യാസ്തമയങ്ങളും പോലുള്ള സവിശേഷമായ അനുഭവങ്ങള്‍ പ്രദാനം ചെയ്യുന്നു.












Click it and Unblock the Notifications