ഡ്രൈവര്‍മാര്‍ക്ക് ഉയര്‍ന്ന വരുമാനം; കുറഞ്ഞ നിരക്കില്‍ യാത്ര, 'കേരള സവാരി' കൊച്ചിയിലും
രാജ്യത്ത് ആദ്യമായി സര്‍ക്കാര്‍ സംരംഭമായി തുടങ്ങിയ ഓണ്‍ലൈന്‍ ഓട്ടോ, ടാക്‌സി പ്ലാറ്റ് ഫോം ആയ കേരള സവാരി സംസ്ഥാന വ്യാപകമായി പ്രവര്‍ത്തനം തുടങ്ങുന്നു. തിരുവനന്തപുരത്തും കൊച്ചിയിലുമാണ് ആദ്യഘട്ടത്തില്‍. അടുത്ത മാസത്തോടെ മെട്രോയും വാട്ടര്‍ മെട്രോയും ഉള്‍പ്പെടെ ആപ്പില്‍ കിട്ടും. സബ്‌സ്‌ക്രിപ്ഷന്‍ രീതിയിലാണ് ഈ ആപ്പിന്റെ പ്രവര്‍ത്തനം എന്നതാണ് എടുത്തു പറയേണ്ടത്.
കമ്മീഷന്‍ രഹിതമായ സംരംഭമായതിനാല്‍ ഡ്രൈവര്‍മാര്‍ക്ക് മികച്ച വരുമാനം ഉറപ്പാക്കുന്നതാകും പദ്ധതി. സര്‍ക്കാര്‍ നിശ്ചയിക്കുന്ന നിരക്കിലാകും യാത്ര. കുറഞ്ഞ നിരക്കില്‍ യാത്ര ഉറപ്പാക്കുന്ന ഈ സംരംഭം പോലീസ്, ഗതാഗതം, ഐടി തുടങ്ങിയ വകുപ്പുകളുടെ സഹകരണത്തോടെ ഐടിഐ പാലക്കാടിന്റെ സഹായത്തോടെയാണ് യാഥാര്‍ഥ്യമാക്കിയത്.

തിരുവനന്തപുരം കോര്‍പറേഷന്‍ പരിധിയിലാണ് ആദ്യം കേരള സവാരി തുടങ്ങിയത്. കൊച്ചി, തിരുവനന്തപുരം നഗരങ്ങളില്‍ ട്രയല്‍ റണ്‍ നേരത്തെ നടത്തിയിരുന്നു. ഇപ്പോള്‍ ഈ രണ്ട് നഗരങ്ങളിലും സമ്പൂര്‍ണ തോതില്‍ ആപ്പിന്റെ പ്രവര്‍ത്തനം ലഭിക്കും. ഇന്ന് ഫ്‌ളാഗ് ഓഫ് മന്ത്രി ശിവന്‍കുട്ടി നിര്‍വഹിച്ചു. കേരള സവാരി ആപ്പ് പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. പാനിക് ബട്ടനും ആപ്പിലുണ്ട് എന്നതാണ് എടുത്തുപറയേണ്ടത്.
പദ്ധതി സംബന്ധിച്ച മന്ത്രി ശിവന്‍കുട്ടിയുടെ കുറിപ്പ് വായിക്കാം: 'കേരള സവാരി 2.0' പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു..
നമ്മുടെ സര്‍ക്കാര്‍ അഭിമാനപൂര്‍വ്വം നടപ്പിലാക്കിയ ഓണ്‍ലൈന്‍ ഓട്ടോ/ടാക്‌സി പ്ലാറ്റ്ഫോമായ 'കേരള സവാരി' അതിന്റെ 2.0 പതിപ്പിലൂടെ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുകയാണ്.തിരുവനന്തപുരം, കൊച്ചി നഗരങ്ങളിലാണ് ആദ്യഘട്ടത്തില്‍ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. താമസിയാതെ തന്നെ മറ്റ് ജില്ലകളിലേക്കും നഗരങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും.
മറ്റ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ നിന്ന് വ്യത്യസ്തമായി, കേരള സവാരി പ്രവര്‍ത്തിക്കുന്നത് സബ്‌സ്‌ക്രിപ്ഷന്‍ രീതിയിലാണ്. ഇത് കമ്മീഷന്‍രഹിതമായി ഡ്രൈവര്‍മാര്‍ക്ക് ഉയര്‍ന്ന വരുമാനം ഉറപ്പാക്കുന്നു. സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കിലുള്ള ഈ സംവിധാനം പൊതുജനത്തിന് കുറഞ്ഞ നിരക്കില്‍ സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നു.
കേരള സര്‍ക്കാര്‍, പോലീസ്, ഗതാഗതം, ഐ.റ്റി. തുടങ്ങിയ വകുപ്പുകളുടെ സഹകരണത്തോടെ ഐ.ടി.ഐ. പാലക്കാടിന്റെ സാങ്കേതിക സഹായത്തോടെയാണ് ഈ പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്. കേരള സവാരി വെറുമൊരു ഓട്ടോ/ടാക്‌സി ആപ്പ് എന്നതിലുപരി ഒരു മള്‍ട്ടി മോഡല്‍ ഗതാഗത സംവിധാന ആപ്പ് ആയി മാറാനാണ് ലക്ഷ്യമിടുന്നത്. മെട്രോ, വാട്ടര്‍ മെട്രോ, മെട്രോ ഫീഡര്‍ ബസുകള്‍, ടൂറിസം, റെയില്‍വേ എന്നിവയുമായി ഈ സംവിധാനം 2025 ഡിസംബറോടെ ഏകോപിപ്പിക്കാന്‍ ആണ് ഉദ്ദേശിക്കുന്നത്.''












Click it and Unblock the Notifications