ഹിമാചലിലേക്ക് വിട്ടോളൂ, വമ്പൻ ഓഫർ; ഹോട്ടൽ വിമാന നിരക്കുകളിൽ വൻ ഇളവ്
ഹിമാചൽ പ്രദേശ് എന്നാൽ സഞ്ചാരികളുടെ സ്വപ്ന ഭൂമിയാണ്. ഷിംല, മണാലി, കസോൾ, കുളു,കുഫ്രി, ധരംശാല, സ്പിതി, ബിർ, ബില്ലിങ് തുടങ്ങി ഒന്നോ രണ്ടോ വട്ടം പോയാൽ പോലും യാത്രാ പ്രേമികളുടെ മനസിൽ നിന്നും വിട്ടുപോകാത്ത അതിമനോഹരമായ പ്രദേശങ്ങളാണ് ഹിമാചലിൽ ഉള്ളത്. ഈ സമയങ്ങളിൽ പ്രദേശത്തേക്ക് പൊതുവെ സഞ്ചാരികളുടെ ഒഴുക്കായിരിക്കും.
ഇത്തവണ പക്ഷേ സഞ്ചാരികൾക്ക് കടുത്ത നിരാശ നൽകി കനത്ത മഴയും മണ്ണിടിച്ചലും മൂലം സംസ്ഥാനത്തേക്കുള്ള യാത്രകൾക്ക് സർക്കാർ നിരോധനം ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഇപ്പോഴിതാ യാത്ര പ്രേമികൾ കാത്തിരുന്ന ആ വാർത്ത എത്തിയിരിക്കുകയാണ്.വിനോദസഞ്ചാരികളെ വീണ്ടും സ്വീകരിക്കാൻ സംസ്ഥാനം തയ്യാറായി എന്ന് അറിയിച്ചിരിക്കുകയാണ് അധികൃതർ. സംസ്ഥാനത്തെ ഹില്‍സ്‌റ്റേഷനുകള്‍ തുറന്നതായും റോഡുകളും മറ്റ് ഗതാഗത മാര്‍ഗങ്ങളുമെല്ലാം പുനസ്ഥാപിച്ചതായും ഹിമാചല്‍ ടൂറിസം ഡയറക്ടര്‍ അമിത് കശ്യപ് അറിയിച്ചു.

'കിന്നൗർ, ധർമശാല, മക്ലിയോഡ് ഗഞ്ച്, പാലംപൂർ, ഡൽഹൗസി, ഖജ്ജിയാർ എന്നിവിടങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം വീണ്ടും തുറന്നു. ഈ സ്ഥലങ്ങളിലേക്കുള്ള റോഡുകളെല്ലാം പുനസ്ഥാപിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളിലെ ഹോട്ടലുകിൽ സഞ്ചാരികൾക്കായി മികച്ച ഇളവുകളും പ്രഖ്യാപിച്ചിട്ടു', അമിത് കശ്യപ് വ്യക്തമാക്കി.
ഡല്‍ഹി-ഷിംല, ഷിംല-ധര്‍മശാല പാതകളിലുള്ള വിമാന സർവ്വീസുകൾക്ക് സബ്സിഡി നിരക്കിൽ സീറ്റുകൾ ലഭ്യമാകുമെന്നും കശ്യപ് അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഈ സബ്‌സിഡി ചിലവുകള്‍ വഹിക്കുമെന്നും 3000 രൂപയും ടാക്സും മാത്രമായിരിക്കും ടിക്കറ്റ് നിരക്കെന്നും കശ്യപ് അറിയിച്ചു.
ഹിമാചൽ പ്രദേശിന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ (എസ്ജിഡിപി) ഏഴു ശതമാനവും (ഏകദേശം 14,000 കോടി രൂപ) വിനോദസഞ്ചാര മേഖലയിൽ നിന്നാണ്. സംസ്ഥാനത്ത് പ്രത്യക്ഷമായും പരോക്ഷമായും 14.42 ശതമാനം തൊഴിലവസരങ്ങളും മേഖല പ്രധാനം ചെയ്യുന്നു.
അതേസമയം ദിവസങ്ങളായി പെയ്ത കനത്ത മഴയിലും മണ്ണിടിച്ചലിലും ഹിമാചലില്‍ പതിനായിരം കോടിയിലധികം രൂപയുടെ നാശനഷ്ടമാണ് രേഖപ്പെടുത്തിയതെന്ന് സർക്കാർ അറിയിച്ചു. എഴുപതോളം പേർക്കാണ് ജീവൻ നഷ്ടമായത്. കനത്ത മഴയെ തുടർന്ന് പല സ്ഥലങ്ങളും വെള്ളത്തിനടയിലായി, നിരവധി കെട്ടിടങ്ങളാണ് തകർന്ന് വീണത്. നൂറ് കണക്ക് വീടുകളും തകർന്നു. വിനോദസഞ്ചാര മേഖലകളേയും മഴക്കെടുതി വലിയ രീതിയിൽ ബാധിച്ചിരുന്നു. കുളു, മണാലി, ഷിംല എന്നിവിടങ്ങളിലാണ് കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തത്.












Click it and Unblock the Notifications