ഹോളിക്ക് കേരളത്തില്‍നിന്ന് ഉത്തരേന്ത്യയിലേക്ക് ട്രെയിനുകള്‍; കര്‍ണാടകയിലും ഗോവയിലും ഉള്‍പ്പെടെ സ്‌റ്റോപ്പുകള്‍
തിരുവനന്തപുരം: ഹോളിയോട് അനുബന്ധിച്ച് രാജ്യത്തുടനീളം യാത്രക്കാരുടെ വലിയ തിരക്കാണ് ഇന്ത്യന്‍ റെയില്‍വേ പ്രതീക്ഷിക്കുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള നിരവധി പേര്‍ കേരളത്തില്‍ ജോലി ചെയ്യുന്നുണ്ട്. ഇവരെല്ലാം നാട്ടിലേക്കു പോകുന്ന സമയമാണ് ഹോളി. നാട്ടിലേക്കു പോകുന്നവര്‍ക്ക് ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ് റെയില്‍വേ പങ്കുവയ്ക്കുന്നത്.
ഹോളി ഉത്സവത്തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെന്‍ട്രലിനും രാജസ്ഥാനിലെ മദാര്‍ ജംഗ്ഷനും ഇടയില്‍ പ്രത്യേക ഫെസ്റ്റിവല്‍ സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ റെയില്‍വേ പ്രഖ്യാപിച്ചിരിക്കുകയാണ്. സ്ലീപ്പര്‍ ക്ലാസ് കോച്ചുകള്‍ ഉള്‍പ്പെടുന്ന രണ്ട് ജോഡി ട്രെയിനുകളാണ് ഉത്തരേന്ത്യയിലേക്ക് സര്‍വീസ് നടത്തുന്നത്.
കേരളത്തില്‍ നിന്ന് വടക്കന്‍, പടിഞ്ഞാറന്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവരുടെ സൗകര്യം മുന്‍നിര്‍ത്തിയാണ് രണ്ട് ജോഡി ട്രെയിനുകള്‍ അനുവദിച്ചിരിക്കുന്നത്. കേരളം, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചു കടന്നുപോകുന്ന ഈ സര്‍വീസ് മലയാളികള്‍ ഉള്‍പ്പെടെ ദക്ഷിണേന്ത്യക്കാര്‍ക്കും ഉത്തരേന്ത്യക്കാര്‍ക്കും ഒരു പോലെ ഗുണകരമാകും.

ട്രെയിന്‍ നമ്പര്‍ 06013 തിരുവനന്തപുരം-മദാര്‍ ഫെസ്റ്റിവല്‍ സ്‌പെഷ്യല്‍ എക്‌സ്പ്രസ് മാര്‍ച്ച് നാല്, 11 തീയതികളില്‍ സര്‍വീസ് നടത്തും. ആദ്യ സര്‍വീസ് നാളെ രാവിലെ 7.45-ന് തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് പുറപ്പെടും. ഈ ട്രെയിന്‍ വെള്ളിയാഴ്ച രാവിലെ 11 മണിക്ക് മദാര്‍ ജങ്ഷനില്‍ എത്തിച്ചേരും. മടക്ക സര്‍വീസായ ട്രെയിന്‍ നമ്പര്‍ 06014 മദാര്‍-തിരുവനന്തപുരം സ്‌പെഷ്യല്‍ എക്‌സ്പ്രസ് മാര്‍ച്ച് 7, 14 തീയതികളില്‍ കേരളത്തിലേക്കു മടങ്ങും. ശനിയാഴ്ച രാത്രി 9.40-ന് മദാറില്‍ നിന്ന് പുറപ്പെട്ട് ചൊവ്വാഴ്ച പുലര്‍ച്ചെ 12.45-ന് തിരുവനന്തപുരത്ത് തിരിച്ചെത്തും. കേരളത്തിലെ കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, ഷൊര്‍ണൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് തുടങ്ങിയ പ്രധാന സ്റ്റേഷനുകളിലെല്ലാം ഈ ട്രെയിനിന് സ്റ്റോപ്പുകള്‍ അനുവദിച്ചിട്ടുണ്ട്.
പ്രധാന സ്റ്റേഷനുകള്‍ക്ക് പുറമേ, കായംകുളം ജങ്ഷന്‍, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി, ആലുവ, സൂറത്ത്കല്‍, ഉഡുപ്പി, കുന്ദാപുര, ബൈന്ദൂര്‍, മൂകാംബിക റോഡ്, മുര്‍ഡേശ്വരം, മടേശ്വരം, മടേശ്വരം, കെയുംട ജംഗ്ഷന്‍, കെയുംട ജംഗ്ഷന്‍ എന്നിവിടങ്ങളിലും ഈ സ്‌പെഷല്‍ ട്രെയിനുകള്‍ നിര്‍ത്തും.
പൂര്‍ണമായും സ്ലീപ്പര്‍ ക്ലാസ് കോച്ചുകള്‍ മാത്രമുള്ള ഈ സ്‌പെഷ്യല്‍ ട്രെയിനില്‍ 20 കോച്ചുകളും രണ്ട് ലഗേജ് വാനുകളും ഉണ്ടായിരിക്കും. എന്നാല്‍ എസി കോച്ചുകള്‍ ഈ സര്‍വീസില്‍ ലഭ്യമാകില്ലെന്ന് റെയില്‍വേ വ്യക്തമാക്കി. പന്‍വേല്‍, സൂറത്ത്, വഡോദര, രത്ലം, അജ്മീര്‍ തുടങ്ങിയ സുപ്രധാന സ്റ്റേഷനുകള്‍ വഴി കടന്നുപോകുന്നതിനാല്‍ ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ഇത് വലിയ ആശ്വാസമാകും. ഹോളി ആഘോഷങ്ങള്‍ക്കായി നാട്ടിലേക്ക് പോകുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും കുടുംബങ്ങള്‍ക്കും ഈ സര്‍വീസുകള്‍ പ്രയോജപ്പെടും. യാത്രക്കാര്‍ റെയില്‍വേയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി മുന്‍കൂട്ടി റിസര്‍വേഷന്‍ നടത്തി സീറ്റുകള്‍ ഉറപ്പാക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.












Click it and Unblock the Notifications