കൊടൈക്കനാലിലേക്കും ഊട്ടിയിലേക്കും വൻ വൈബിൽ ഒരു കെഎസ്ആർടിസി യാത്ര ആയാലോ? ; അതും കുറഞ്ഞ ചിലവിൽ
തിരുവനന്തപുരം: കെ എസ് ആർ ടി സിയുടെ ബജറ്റ് ടൂറിസം സെൽ നടത്തുന്ന യാത്രകൾ വൻ ഹിറ്റാണ്. കേരളത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ചിലവ് കുറഞ്ഞ യാത്രകളാണ് സെൽ നടത്തുന്നത്. ഇതുവരെ 39 കോടി രൂപയാണ് ബജറ്റ് ടൂറിസം യാത്രകളിലൂടെ കെ എസ് ആർ ടി സി നേടിയ വരുമാനം. ഏത് പ്രായത്തിലുള്ളവർക്കും എളുപ്പത്തിൽ യാത്രയുടെ ഭാഗമാകാമെന്നതാണ് പ്രധാന ആകർഷണം.
നിലവിൽ മൂന്നാർ, വയനാട്, ഗോവ, കാന്തല്ലൂർ, മറയൂർ, ഇല്ലിക്കൽക്കല്ല്, ഇലവീഴാപൂഞ്ചിറ തുടങ്ങി 30 ഓളം സ്ഥലങ്ങളിൽ കെ എസ് ആർ ടി സിയുടെ ബജറ്റ് ടൂറിസം സെല്ലുകൾ യാത്രാ പാക്കേജുകൾ നടത്തുന്നുണ്ട്. ഇതുവരെ 10,500 ഓളം സർവ്വീസുകളാണ് കെ എസ് ആർ ടി സി നടത്തിയിട്ടുള്ളത്. ഏകദേശം 5.95 ലക്ഷം പേർ ഈ യാത്രകളുടെ ഭാഗമായിട്ടുണ്ട്.

ഇപ്പോഴിതാ കേരളത്തിന് പുറത്തേക്ക് യാത്ര പാക്കേജുകൾ അവതരിപ്പിക്കാനൊരുങ്ങകയാണ് കെ എസ് ആർ ടി സി . ആദ്യ ഘട്ടത്തിൽ തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സര്‍വീസ് നടത്താനാണ് പദ്ധതി. അന്യസംസ്ഥാനങ്ങളിലായതിനാൽ തന്നെ രണ്ട് സാധ്യതകളാണ് അധികൃതർ പരിശോധിക്കുന്നത്. താല്‍ക്കാലിക പെര്‍മിറ്റ് എടുത്ത ശേഷം അന്യസംസ്ഥാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് നേരിട്ട് സര്‍വീസ് നടത്തുക. അതല്ലെങ്കിൽ സംസ്ഥാന അതിര്‍ത്തി വരെ കെ എസ് ആർ ടി സിയിൽ സര്‍വീസ് നടത്തി അവിടെ നിന്ന് അതത് സംസ്ഥാനങ്ങളിലെ ഔദ്യോഗിക ഗതാഗത സംവിധാനവുമായി യോജിച്ച് യാത്ര നടത്തുകയെന്നുള്ളത്.
തുടക്കത്തിൽ കൊടൈക്കനാല്‍, ഊട്ടി, രാമേശ്വരം, വേളാങ്കണ്ണി, കന്യാകുമാരി എന്നീ കേന്ദ്രങ്ങളാണ് പരിഗണിക്കുന്നത്. നിലവില്‍ വിവിധ ഡിപ്പോകളില്‍ നിന്ന് കർണാടകയിലെ പ്രധാന തീർത്ഥാടന കേന്ദ്രമായ മൂകാംബികയിലേക്കും തമിഴ്നാട്ടിലെ കന്യാകുമാരിക്കും കെ എസ് ആർ ടി സി പാക്കേജുകൾ ഉണ്ട്.എന്നാല്‍ ഈ സര്‍വീസുകള്‍ക്ക് ഒരു ഏകീകൃത രൂപം വന്നിട്ടില്ല.
ബജറ്റ് ടൂറിസം പദ്ധതിയിൽ അന്തർസംസ്ഥാന യാത്രകൾ നടപ്പാക്കുന്നത് സംബന്ധിച്ച് വിശദമായ പഠനം നടക്കുന്നുണ്ടെന്ന് കെ എസ് ആർ ടി സിയുടെ ബജറ്റ് ടൂറിസം സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ സുനില്‍കുമാര്‍ പറഞ്ഞതായി ധനം ഓൺലൈൻ റിപ്പോർട്ട് ചെയ്തു. പദ്ധതി പ്രായോഗികമാകണമെങ്കിൽ കൂടുതൽ സമയം ആവശ്യമായി വരുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications