പാസ്സ്പോർട്ട് ഇല്ലാതെ എത്ര രാജ്യങ്ങളിലേക്ക് ഇന്ത്യക്കാർക്ക് യാത്ര ചെയ്യാം? റീൽസിൽ പറയുന്നത് പോലെയല്ല
ഇന്ത്യൻ പൗരന്മാർക്ക് പാസ്‌പോർട്ട് ഇല്ലാതെ യാത്ര ചെയ്യാൻ കഴിയുന്ന രാജ്യങ്ങളുണ്ടോ? ഇന്ത്യക്കാർക്ക് പാസ്സ്പോർട്ട് ഇല്ലാതെ യാത്ര ചെയ്യാവുന്ന 50 രാജ്യങ്ങൾ 60 രാജ്യങ്ങൾ എന്നൊക്കെ റീൽസ് പലതും നിങ്ങൾ കണ്ടിട്ടുണ്ടാകും. സാധാരണയായി അന്താരാഷ്ട്ര യാത്രകൾക്കായി പാസ്‌പോർട്ട് നിർബന്ധമായിട്ടുണ്ടെങ്കിലും, ചില രാജ്യങ്ങൾ ഇന്ത്യയുമായുള്ള കരാറുകളുടെ അടിസ്ഥാനത്തിൽ പാസ്‌പോർട്ട് ഇല്ലാതെ തന്നെ ഇന്ത്യൻ പൗരന്മാരെ പ്രവേശിപ്പിക്കുന്നു.
എന്നാലത് അൻപതോ അറുപതോ ഒന്നും ഇല്ല. നിലവിൽ ഇന്ത്യക്കാർക്ക് പാസ്‌പോർട്ട് ഇല്ലാതെ യാത്ര ചെയ്യാൻ കഴിയുന്നത് രണ്ട് രാജ്യങ്ങളിലേക്ക് മാത്രമാണ്.

1. നേപ്പാൾ
ഇന്ത്യയും നേപ്പാളും തമ്മിലുള്ള ദീർഘകാല സൗഹൃദ കരാറിന്റെ അടിസ്ഥാനത്തിലാണ് പാസ്‌പോർട്ട് ആവശ്യമില്ലാതെ യാത്ര ചെയ്യാൻ അനുവദിക്കുന്നത്.
പ്രവേശനത്തിന് ആവശ്യമായ രേഖകൾ:
* വോട്ടർ ഐഡി കാർഡ്
* 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ജനന സർട്ടിഫിക്കറ്റും സ്കൂൾ ഐഡിയും ആവശ്യമായി വരാം.
വിമാനമാർഗവും ഉത്തർ പ്രദേശ്, ബിഹാർ, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ വഴി കരമാർഗവും നേപ്പാളിലേക്ക് പോകാം. നേപ്പാൾ വിനോദസഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ട സ്ഥലമാണ് - മനോഹരമായ മലനിരകൾ, ഹിമാലയൻ ട്രെക്കിംഗ്, ജനക്പുരി ക്ഷേത്രം, പശുപതിനാഥക്ഷേത്രം എന്നിവ പ്രധാന ആകർഷണങ്ങളാണ്.
2. ഭൂട്ടാൻ
ഇന്ത്യക്കാരെ പാസ്‌പോർട്ട് ഇല്ലാതെ പ്രവേശിപ്പിക്കുന്ന മറ്റൊരു രാജ്യം ഭൂട്ടാനാണ്. ഇന്ത്യയും ഭൂട്ടാനും തമ്മിൽ സൗഹൃദ കരാറുകൾ നിലവിലുണ്ട്.
പ്രവേശനത്തിന് ആവശ്യമായ രേഖകൾ:
* വോട്ടർ ഐഡി കാർഡ്
* കുട്ടികൾക്കായി: പാസ്‌പോർട്ട് അല്ലെങ്കിൽ ജനന സർട്ടിഫിക്കറ്റ് + സ്കൂൾ ഐഡി.
വിമാന മാർഗ്ഗമോ പശ്ചിമ ബംഗാളിലെ യ്ഗാവിലൂടെ ഫുൻഷോലിംഗിലൂടെയോ ഭൂട്ടാനിലേക്ക് യാത്ര പോകാം. പാരോ ഇന്റർനാഷ്ണൽ എയർപോർട്ടിലാണ് വിമാനം ഇറങ്ങുക.
ഭൂട്ടാൻ ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളിലൊന്നായി അറിയപ്പെടുന്നു. ശാന്തമായ പ്രകൃതി, ബുദ്ധമത പാരമ്പര്യം, ടൈഗർ നെസ്റ്റ് മൊണാസ്ട്രി എന്നിവ അവിടുത്തെ പ്രത്യേകതകളാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഈ രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് പാസ്‌പോർട്ട് ആവശ്യമില്ലെങ്കിലും, തിരിച്ചറിയൽ രേഖകൾ നിർബന്ധമാണ്. ആധാർ കാർഡ് പലപ്പോഴും സ്വീകരിക്കില്ല. യാത്രയ്ക്കുമുമ്പ് പുതുക്കിയ നിയമങ്ങൾ പരിശോധിക്കുന്നതാണ് ഏറ്റവും സുരക്ഷിതം. ചില വെബ്സൈറ്റുകളിലും സോഷ്യൽ മീഡിയ പോസ്റ്റുകളിലും പാസ്‌പോർട്ട് ഇല്ലാതെ 50+ രാജ്യങ്ങൾ എന്ന് പറയുന്നത് കാണാം. ഇത് ശരിയായ വിവരം അല്ല. അവയിൽ പലതും വിസ ഫ്രീ, വിസ ഓൺ അറൈവൽ, ഇ വിസ എന്നിവ ബാധകമായിട്ടുളളവയാണ്. പക്ഷേ പാസ്സ്പോർട്ട് നിർബന്ധമാണ്.












Click it and Unblock the Notifications