ലക്ഷദ്വീപ് യാത്ര അത്ര സിംപിളല്ല; 650 രൂപ മാത്രം പോര... എളുപ്പവഴിക്ക് ഇക്കാര്യങ്ങള്‍ ചെയ്യണം

ലക്ഷദ്വീപ് യാത്രയ്ക്ക് മോഹമുള്ളവര്‍ ഏറെയാണ്. പവിഴപ്പുറ്റുകള്‍ നിറഞ്ഞ, കടല്‍ വെള്ളത്തില്‍ പൊങ്ങി നില്‍ക്കുന്ന ഈ ദ്വീപിന്റെ മനോഹാരിത ചെറുതല്ല. ദ്വീപ് പോലെ തന്നെയാണ് ദ്വീപ് വാസികളും. നന്മ നിറഞ്ഞ മനുഷ്യര്‍ കൂടിയാണ് ദ്വീപിന്റെ ഭംഗി. നേരത്തെ ബേപ്പൂരില്‍ നിന്ന് യാത്രയ്ക്ക് സൗകര്യമുണ്ടായിരുന്നെങ്കിലും ഇന്നില്ല. കൊച്ചിയില്‍ നിന്നുള്ള യാത്രയാണ് എല്ലാവര്‍ക്കും അറിയുന്നത്. ഇതാകട്ടെ, അല്‍പ്പം ചെലവേറിയതുമാണ്.

അതിനിടെയാണ് ചുരുങ്ങിയ ചെലവില്‍ മംഗലാപുരത്ത് നിന്ന് ലക്ഷദ്വീപിലേക്ക് പോകാമെന്ന വിവരം വന്നിരിക്കുന്നത്. 650 രൂപ ചെലവില്‍ ഏഴ് മണിക്കൂര്‍ കൊണ്ട് ദ്വീപിലെത്താമെന്നാണ് പുതിയ വാര്‍ത്ത. മംഗലാപുരം തുറമുഖത്ത് നിന്ന് അതിവേഗ പാസഞ്ചര്‍ കപ്പല്‍ പരീക്ഷ അടിസ്ഥാനത്തില്‍ സര്‍വീസ് നടത്തിയത് 160 യാത്രക്കാരുമായിട്ടാണ്. യാത്ര വിജയമായതിനാല്‍ വൈകാതെ പതിവ് സര്‍വീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷ.

how-to-go-lakshadweep

വടക്കന്‍ മലബാറിലുള്ളവര്‍ക്ക് കൂടി ഇതൊരു ആശ്വാസമാണ്. പക്ഷേ, ലക്ഷദ്വീപിലേക്ക് പോകാന്‍ ചില കടമ്പകളുണ്ട് എന്നതും അറിയണം. അതീവ സുരക്ഷിതമായി നിലനിര്‍ത്തേണ്ട പ്രദേശമാണ് ലക്ഷദ്വീപ്. വളരെ പിന്നാക്കം നില്‍ക്കുന്ന ജനസമൂഹമാണ് അവിടെ ഉള്ളത് എന്നതിനാല്‍ അവര്‍ക്ക് സുരക്ഷ ഒരുക്കുന്നതിനൊപ്പം ജീവിത നിലവാരം മെച്ചപ്പെടാനുള്ള സൗകര്യം ഒരുക്കേണ്ടതും സര്‍ക്കാരിന്റെ ബാധ്യതയാണ്.

നാല് മാര്‍ഗത്തിലൂടെയാണ് ലക്ഷദ്വീപിലേക്ക് എത്താന്‍ സാധിക്കുക. ജോലി ആവശ്യാര്‍ഥം, സന്ദര്‍ശന ആവശ്യാര്‍ഥം, സര്‍ക്കാര്‍ ടൂര്‍ പാക്കേജ്, സ്വകാര്യ ടൂര്‍ പാക്കേജ് എന്നിവയാണ് മാര്‍ഗങ്ങള്‍. സാധാരണ ചെലവ് കുറഞ്ഞ രീതിയില്‍ എത്താന്‍ സാധിക്കുക വിസിറ്റിങ് അനുമതി നേടുന്നതിലൂടെയാണ്. കൊച്ചിയിലെ ലക്ഷദ്വീപ് അഡിനിസ്‌ട്രേറ്റീവ് ഓഫീസില്‍ നിന്ന് വിസിറ്റിങ് പെര്‍മിറ്റ് ലഭിക്കും.

ലക്ഷദ്വീപില്‍ പരിചയക്കാരുണ്ടെങ്കില്‍ വിസിറ്റിങ് പെര്‍മിറ്റ് വേഗത്തില്‍ കിട്ടും. ദ്വീപിലുള്ള വ്യക്തിയാകും യാത്രക്കാരന്റെ സ്‌പോണ്‍സര്‍. പെര്‍മിറ്റ് ലഭിക്കാന്‍ രണ്ടാഴ്ച വരെ സമയമെടുത്തേക്കും. യാത്രക്കാരന്‍ താമസിക്കുന്ന പ്രദേശത്തെ പോലീസ് സ്‌റ്റേഷനില്‍ നിന്ന് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വാങ്ങണം. ഗുരുതരമായ കേസില്‍ പ്രതിയല്ല എന്ന് ഉറപ്പിക്കാനാണിത്.

how-to-go-lakshadweep

തിരിച്ചറിയല്‍ രേഖ, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകള്‍ എന്നിവ പോലീസ് ക്ലിയറന്‍സിനൊപ്പം കൊച്ചിയിലെ വെല്ലിങ്ടണിലുള്ള ലക്ഷദ്വീപ് ഓഫീസില്‍ സമര്‍പ്പിക്കണം. രേഖകള്‍ കൃത്യമാണെങ്കില്‍ അധികം കാത്തിരിക്കേണ്ടി വരില്ല. ലക്ഷദ്വീപിലെത്തിയാല്‍ അവിടെ ഇറങ്ങാനുള്ള പെര്‍മിറ്റ് സ്റ്റേഷന്‍ ഹൗസ് ഓഫീസറെ കാണിക്കണം. തിരിച്ചുവരുമ്പോള്‍ എക്‌സിറ്റ് പെര്‍മിറ്റും വാങ്ങണം.

കൊച്ചിയില്‍ നിന്ന് കപ്പല്‍, വിമാന മാര്‍ഗങ്ങളിലൂടെ ലക്ഷദ്വീപിലെത്താം. കൊച്ചിയില്‍ നിന്ന് അഗത്തി ദ്വീപിലേക്ക് വിമാനത്തില്‍ ഒന്നര മണിക്കൂര്‍ മതി. കവരത്തിയിലേക്ക് പോകണമെങ്കില്‍ അഗത്തിയില്‍ നിന്ന് ഹെലികോപ്റ്റര്‍ സര്‍വീസുണ്ട്. 4000 മുതല്‍ 7000 രൂപ വരെ വിമാനടിക്കറ്റിന് വേണ്ടി വരും. 36 ദ്വീപുകള്‍ അടങ്ങിയതാണ് ലക്ഷദ്വീപ് എങ്കിലും പത്ത് ദ്വീപുകളിലേ ആള്‍ത്താമസമുള്ളൂ. ചിലയിടങ്ങളില്‍ ടൂറിസത്തിനുള്ള സൗകര്യമുണ്ട്.

കൂടുതല്‍ മേഖലകളിലേക്ക് ടൂറിസം പ്രോല്‍സാഹിപ്പിക്കാന്‍ ശ്രമം നടന്നുവരികയാണ്. ഇന്ത്യന്‍ നാവിക സേന ഇവിടെ പുതിയ സേനാതാവളം ഒരുക്കാന്‍ പദ്ധതിയിടുന്നു. സമീപകാലത്തായി ലക്ഷദ്വീപിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ആഴ്ചയില്‍ ആറ് ദിവസം കൊച്ചിയില്‍ നിന്ന് വിമാന സര്‍വീസുണ്ട്. മൂന്ന് കപ്പലുകളും ആഴ്ചയിലുണ്ട്. 16 മണിക്കൂര്‍ വരെ കപ്പല്‍ യാത്രയ്ക്ക് വേണ്ടി വരും. 2200 മുതല്‍ 7000 രൂപ വരെ കപ്പല്‍ യാത്രയ്ക്ക് ചെലവാകും.

ഈ സാഹചര്യത്തിലാണ് മംഗളൂരു-ലക്ഷദ്വീപ് യാത്ര വാര്‍ത്തയാകുന്നത്. ഏഴ് മണിക്കൂര്‍ കൊണ്ട് അതിവേഗ പാസഞ്ചര്‍ കപ്പലാണ് വരുന്നത്. 30 കിലോ ലഗേജ് കൊണ്ടുപോകാം. ചുരുങ്ങിയ നിരക്കില്‍ ടിക്കറ്റ് ലഭിക്കും. കൊച്ചിയില്‍ നിന്നുള്ളതിനേക്കാള്‍ എളുപ്പമാണ് മംഗളൂരുവില്‍ നിന്നുള്ള യാത്ര. മികച്ച ആശുപത്രി സൗകര്യം ലക്ഷദ്വീപിലില്ല. കൂടുതല്‍ സൗകര്യം ഒരുക്കിയ ശേഷം ടൂറിസം ശക്തിപ്പെടുത്തുന്നതാകും ഉചിതം എന്നാണ് ദ്വീപുകാരുടെ അഭിപ്രായം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q