ഹൈദരാബാദിലേക്കും സെക്കന്തരാബാദിലേക്കും ഇനി വേഗത്തിലെത്താം; രണ്ട് പുതിയ വന്ദേഭാരതുകൾ വരുന്നു
രാജ്യത്തെ യാത്രാ സൗകര്യങ്ങളിൽ വിപ്ലവം സൃഷ്ടിക്കുകയാണ് വന്ദേഭാരത് ട്രെയിനുകൾ. നിലവിൽ 78 ഓളം റൂട്ടുകളിലാണ് വന്ദേഭാരത് സർവ്വീസ് നടത്തുന്നത്. കൂടുതൽ റൂട്ടുകളിലേക്ക് പുതിയ സർവ്വീസുകൾ റെയിൽവേ ആസൂത്രണം ചെയ്യുന്നുണ്ട്. ഏറ്റവും ഒടുവിലായി തെലങ്കാനയിലേക്കാണ് പുതിയ സർവ്വീസ് അവതരിപ്പിക്കുന്നത്.
രണ്ട് പുതിയ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളാണ് സംസ്ഥാനത്ത് സർവ്വീസ് നടത്തുക. ഹൈദരാബാദ്- പൂനെ, സെക്കന്തരാബാദ്- നന്ദേഡ് സർവ്വീസുകളാണ് തുടങ്ങുന്നത്. ഈ ട്രെയിനുകൾ യാഥാർത്ഥ്യമാകുന്നതോടെ ഈ റൂട്ടുകളിലെ യാത്രാ സമയം രണ്ടോ മൂന്നോ മണിക്കൂർ ലാഭിക്കാനാകും. ഹൈദരാബാദ്-നാഗ്പൂർ സർവീസിന് ശേഷം ഹൈദരാബാദിൽ നിന്ന് മഹാരാഷ്ട്രയിലേക്കുള്ള മൂന്നാമത്തെ വന്ദേ ഭാരത് കണക്ഷനായിരിക്കും ഇത്. നിലവിൽ നാല് വന്ദേ ഭാരത് ട്രെയിനുകൾ ഹൈദരാബാദുമായി ബന്ധിപ്പിക്കുന്നുണ്ട്. ഈ രണ്ട് പുതിയ സർവീസുകൾ കൂടി വരുന്നതോടെ മഹാരാഷ്ട്രയുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുകയും യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമാവുകയും ചെയ്യും.

സെക്കന്തരാബാദ്-വിശാഖപട്ടണം, സെക്കന്തരാബാദ്-തിരുപ്പതി, കാച്ചേഗുഡ-യശ്വന്ത്പൂർ തുടങ്ങിയ റൂട്ടുകളിൽ ഉള്ള വന്ദേഭാരത് സർവ്വീസുകൾക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഒക്യുപെൻസി റേറ്റ് മികച്ചതായതിനാൽ സെക്കന്തരാബാദിൽ നിന്ന് കൂടുതൽ വന്ദേ ഭാരത് സർവീസുകൾക്കായി റെയിൽവേ പ്രൊപ്പോസലുകൾ തയ്യാറാക്കിയിട്ടുണ്ട്.
ഈ രണ്ട് ട്രെയിനുകൾ കൂടി വരുന്നതോടെ സൗത്ത് സെൻട്രൽ റെയിൽവേ (SCR) ആകെ ഏഴ് വന്ദേ ഭാരത് എക്സ്പ്രസ് സർവീസുകൾ പ്രവർത്തിപ്പിക്കും. ഇതോടെ ഏറ്റവും കൂടുതൽ സെമി-ഹൈ-സ്പീഡ് ട്രെയിനുകളുള്ള സോണുകളിലൊന്നായി എസ് സി ആർ മാറും. ഇതിന് പുറമെ, സെക്കന്തരാബാദ്-മുസാഫർപൂർ അമൃത് ഭാരത് എക്സ്പ്രസ് ഒരു മാസത്തിനുള്ളിൽ ആരംഭിക്കുമെന്നും പ്രതീക്ഷിക്കുന്നത്. ഇത് യാത്രക്കാർക്ക് ദീർഘദൂര യാത്രയ്ക്കുള്ള മറ്റൊരു ഓപ്ഷൻ കൂടിയായിരിക്കും.
കൂടാതെ, സെക്കന്തരാബാദ്-പൂനെ ശതാബ്ദി എക്സ്പ്രസിന് പകരം ഒരു വന്ദേ ഭാരത് എക്സ്പ്രസ് കൊണ്ടുവരാനും റെയിൽവേ പദ്ധതിയിടുന്നുണ്ട്. നിലവിൽ ശതാബ്ദി എക്സ്പ്രസ് എട്ടര മണിക്കൂറാണ് യാത്രാ സമയം എടുക്കുന്നത്. രണ്ട് എസി എക്സിക്യൂട്ടീവ് ക്ലാസ് കോച്ചുകൾ, ഒൻപത് എസി ചെയർ കാറുകൾ, രണ്ട് ഇഒജി കാറുകൾ എന്നിവയോടുകൂടി ചൊവ്വാഴ്ച ഒഴികെ ആറ് ദിവസവും ഇത് സർവീസ് നടത്തുന്നു.
വന്ദേഭാരത് സ്ലീപ്പർ സർവ്വീസുകൾ എന്ന്?
പുതിയ വന്ദേഭാരത് സ്ലീപ്പർ സർവ്വീസുകൾ ദീപാവലിക്ക് മുൻപ് അവതരിപ്പിച്ചേക്കുമെന്ന് സൂചന. രണ്ട് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ആരംഭിക്കാനാണ് ഇന്ത്യൻ റെയിൽവേ പദ്ധതിയിടുന്നതെന്ന് നേരത്തേ റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചിരുന്നു. ഡൽഹിയിലെ ഷക്കൂർ ബസ്തി കോച്ചിംഗ് ഡിപ്പോയിൽ ആവശ്യമായ പരീക്ഷണങ്ങൾ പൂർത്തിയാക്കിയ ഒരു വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സർവീസിനായി ഒരുങ്ങിയിട്ടുണ്ട്. ഇത് കൂടാതെ മറ്റൊരു സ്ലീപ്പർ കൂടി നിർമ്മാണത്തിലാണ്. സ്ഥിരത നിലനിർത്താനായി ഈ ട്രെയിൻ കൂടി നിർമ്മാണം പൂർത്തിയാകുന്നതോടെ രണ്ട് സ്ലീപ്പർ ട്രെയിനുകളും ഒരുമിച്ച് ട്രാക്കിലിറക്കുമെന്നാണ് റിപ്പോർട്ട്. ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ന്യൂഡൽഹിയിൽ നിന്ന് പാറ്റ്നയിലേക്കുള്ള റൂട്ടിൽ ആരംഭിച്ചേക്കുമെന്നാണ് അഭ്യൂഹങ്ങൾ. ഇക്കാര്യത്തിൽ റെയിൽവെ ഇതുവരെ സ്ഥിരീകരണം നടത്തിയിട്ടില്ല.
വന്ദേഭാരത് സർവ്വീസ് പ്രത്യേകതകൾ
മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുള്ള വന്ദേ ഭാരത് എക്സ്പ്രസ്, പ്രധാന റൂട്ടുകളിലെ യാത്രാ സമയം 15% വരെ കുറയ്ക്കുന്നു. ഓൺബോർഡ് വൈഫൈ, പനോരമിക് ജനലുകൾ, ബയോ-വാക്വം ടോയ്‌ലറ്റുകൾ, മികച്ച കാറ്ററിംഗ് സേവനങ്ങൾ എന്നിവയെല്ലാം ഈ ട്രെയിനിൻ്റെ പ്രത്യേകതകളാണ് . സ്ലീപ്പർ ട്രെയിനുകളിലും അത്യാധുനിക സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.












Click it and Unblock the Notifications