ഹൈദരാബാദ്-ഡല്‍ഹി ട്രെയിന്‍ യാത്ര 17 മണിക്കൂര്‍? രാജധാനിയെ മറികടക്കാന്‍ ഈ ട്രെയിന്‍
ന്യൂഡല്‍ഹി: വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ജനപ്രീതി വലിയ തോതില്‍ ഉയര്‍ന്നതോടെ കൂടുതല്‍ ട്രെയിനുകള്‍ രാജ്യത്തുടനീളം വേണമെന്ന ആവശ്യം ഉയരുകയാണ്. മികച്ച സൗകര്യങ്ങളോടെ ആഢംബര തുല്യമായ യാത്ര വാഗ്ദാനം ചെയ്യുന്ന വന്ദേ ഭാരത് എക്‌സ്പ്രസുകള്‍ ഇന്ത്യന്‍ റെയില്‍വേയുടെ മുഖച്ഛായ തന്നെ മാറ്റിയിരുന്നു.
ഹൈദരാബാദില്‍ നിന്ന് ഡല്‍ഹിയിലേക്ക് വെറും 17 മണിക്കൂറിനുള്ളില്‍ യാത്ര സാധ്യമാകുന്ന
വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ ഉടന്‍ വരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ദക്ഷിണേന്ത്യയിലും ഉത്തരേന്ത്യയിലുമുള്ള യാത്രക്കാര്‍ക്ക് വലിയ പ്രതീക്ഷ നല്‍കിയിരിക്കുകയാണ്. നിലവില്‍, ഈ റൂട്ടിലുള്ള യാത്രയ്ക്ക് ഒരു ദിവസം മുഴുവന്‍ എടുക്കും. രാത്രികാല ദീര്‍ഘദൂര യാത്രകള്‍ കൂടുതല്‍ സുഖപ്രദമാക്കുന്നതിന്റെ ഭാഗമായാണ് റെയില്‍വേ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ആരംഭിക്കാന്‍ തയ്യാറെടുക്കുന്നത്. സെക്കന്തരാബാദ് മുതല്‍ ന്യൂഡല്‍ഹി വരെയുള്ള റൂട്ടുകളില്‍ ആദ്യ ട്രെയിനുകള്‍ ഓടിത്തുടങ്ങുമെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്.

അതേസമയം, ഹൈദരാബാദ്-ഡല്‍ഹി റൂട്ടില്‍ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ വരുന്നതായുള്ള വാര്‍ത്തകള്‍ സൗത്ത് സെന്‍ട്രല്‍ റെയില്‍വേ (എസ്സിആര്‍) ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയം. ഹൈദരാബാദിനും ഡല്‍ഹിക്കും ഇടയില്‍ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ എത്തിയാല്‍ അത് മികച്ച യാത്രാനുഭവം നല്‍കുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാര്‍. ഈ റൂട്ടില്‍ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ എത്തുമെന്ന അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ പ്രചരിക്കുന്നുണ്ട്.
വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ വളരെ പെട്ടെന്ന് തന്നെ ജനപ്രിയമായതിന് പിന്നാലെയാണ് സ്ലീപ്പര്‍ ട്രെയിനുകള്‍ അവതരിപ്പിക്കുന്നത്. രാത്രി യാത്രയ്ക്ക് പ്രീമിയം യാത്രാ സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ദീര്‍ഘദൂര സ്ലീപ്പര്‍ സേവനങ്ങള്‍ക്കായി യാത്രക്കാര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
മറ്റു സര്‍വീസുകളെ അപേക്ഷിച്ച് യാത്രാ സമയം ഗണ്യമായി കുറയുമെന്നതാണ് വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകളുടെ സവിശേഷത. ഡല്‍ഹിക്കും സെക്കന്തരാബാദിനുമിടയിലുള്ള 1,700 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ നിലവില്‍ രാജധാനി എക്‌സ്പ്രസും തുരന്തോ എക്‌സ്പ്രസും കുറഞ്ഞത് 22 മുതല്‍ 24 മണിക്കൂര്‍ വരെ എടുക്കും. വന്ദേ ഭാരത് എക്‌സ്പ്രസിന്റെ പുതിയ ഹൈ-സ്പീഡ് സ്ലീപ്പര്‍ ട്രെയിന്‍ എത്തിയാല്‍ യാത്രാ സമയം മൂന്ന് മുതല്‍ നാലു മണിക്കൂര്‍ വരെ കുറയും.
ചാരിയിരിക്കുന്ന സീറ്റുകളാണ് പകല്‍ സമയത്ത് ഓടുന്ന വന്ദേ ഭാരത് ട്രെയിനുകളിലുള്ളത്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി, സ്ലീപ്പര്‍ പതിപ്പില്‍ ഉറങ്ങാന്‍ കൂടുതല്‍ സൗകര്യപ്രദമായ ബെര്‍ത്തുകള്‍, ആധുനിക ഇന്റീരിയറുകള്‍, മെച്ചപ്പെട്ട സുരക്ഷാ സൗകര്യങ്ങള്‍, വൃത്തിയുള്ള ശുചിമുറികള്‍ എന്നിവ ഉണ്ടായിരിക്കും. ഇതുകൂടാതെ വൈ-ഫൈ, യുഎസ്ബി ചാര്‍ജിങ് പോര്‍ട്ടുകള്‍, ഓട്ടോമാറ്റിക് വാതിലുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ട്രെയിനില്‍ ഉണ്ടാകും.
ജോലി, പഠനം, അഭിമുഖങ്ങള്‍ മുതല്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി ഡല്‍ഹിയിലേക്ക് പോകുന്ന ഹൈദരാബാദില്‍ നിന്നുള്ള നിരവധി യാത്രക്കാര്‍ക്ക് ഈ പുതിയ സേവനം പ്രയോജനപ്പെടും.












Click it and Unblock the Notifications