ഓണം അവധിക്ക് എന്താണ് പരിപാടി: ഇടുക്കി, ചെറുതോണി ഡാമുകൾ സന്ദർശിക്കാൻ പോയാലോ
ചെറുതോണി: ഇടുക്കി, ചെറുതോണി ഡാമുകൾ സന്ദർശിക്കാൻ പൊതുജനങ്ങൾക്ക് അനുമതി. ബുധനാഴ്ചകളിലും വെള്ളം തുറന്നുവിടേണ്ട ദിവസങ്ങളിലും ഒഴികെയാണ് ഡാമുകൾ സന്ദർശിക്കുന്നതിന് നിബന്ധനകളോടെ പൊതുജനങ്ങൾക്ക് അനുമതി നല്‍കിയിരിക്കുന്നത്. മൂന്നു മാസത്തേക്കാണ് അനുമതി നൽകി സർക്കാർ ഉത്തരവായിരിക്കുന്നത്. സന്ദർശനത്തിനായി ഒരു സമയം പരമാവധി 20 പേർക്ക് മാത്രമായിരിക്കും പ്രവേശനമെന്നും അധികൃതർ അറിയിക്കുന്നു.
ജില്ലാ കളക്ടർ മുൻപ് നടത്തിയ യോഗത്തിൽ നിർദ്ദേശിച്ചിട്ടുള്ള എല്ലാ സുരക്ഷാ പ്രോട്ടോക്കോളുകളും പാലിച്ചായിരിക്കും പ്രവേശനം. ശക്തമായ മഴയുള്ള കാലാവസ്ഥ മുന്നറിയിപ്പുകൾ (ഓറഞ്ച്, റെഡ് അലെർട്ടുകൾ) നിലനിൽക്കുന്ന ദിവസങ്ങളിലും ജില്ല ദുരന്ത നിവാരണ അതോറിറ്റി വിനോദസഞ്ചാരത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്ന ദിവസങ്ങളിലും പൊതുജനങ്ങളുടെ പ്രവേശനം ഒഴിവാക്കും.

പൊതുജനങ്ങളുടെ സുരക്ഷയ്ക്കായി എടുക്കേണ്ട ഇൻഷുറൻസുകളുടെ ഇനത്തിലെ ചെലവ് ഹൈഡൽ ടൂറിസം സെന്റർ വഹിക്കും. പൊതുജനങ്ങളുടെ സുരക്ഷയുടെയും അണക്കെട്ടുകളുടെയും പരിസരപ്രദേശങ്ങളുടെയും സുരക്ഷയുടെയും പൂർണ ഉത്തരവാദിത്തം കേരള ഹൈഡൽ ടൂറിസം സെന്ററും പോലീസും ഏറ്റെടുക്കണമെന്ന് ഉത്തരവിൽ നിർദ്ദേശിച്ചിട്ടുണ്ട്.
ഡാമിന്റെ പരിസര പ്രദേശങ്ങളിൽ പ്ലാസ്റ്റിക് നിക്ഷേപിക്കരുത്. ജൈവമാലിന്യങ്ങൾ ദിവസേന നീക്കം ചെയ്യും. ഗ്രീൻ പ്രോട്ടോക്കോൾ ഉറപ്പുവരുത്താൻ നിർദ്ദേശിച്ചിട്ടുണ്ട്. ഡാമിലും പരിസര പ്രദേശങ്ങളിലും മാലിന്യ സംസ്കരണം നടത്തുന്നതിനു മതിയായ സജ്ജീകരണങ്ങളും താൽക്കാലിക ശുചിമുറി സംവിധാനങ്ങളും ഏർപ്പെടുത്തുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
അതേസമയം, സഞ്ചാരികളുമായി എത്തുന്ന ടാക്സി ഡ്രൈവർമാർക്ക് കേരളത്തിലെ ഹോട്ടലുകളിലും റിസോർട്ടുകളിലും ശുചിമുറിയും വിശ്രമസൗകര്യവും നിർബന്ധമാക്കിക്കൊണ്ടുള്ള ടൂറിസം വകുപ്പിൻ്റെ ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറക്കി. കേരളത്തിൻ്റെ ആതിഥേയ മര്യാദയുടെ പ്രചാരകരും ടൂറിസം അംബാസിഡർമാരുമായിട്ടുള്ള ടാക്സി ഡ്രൈവർമാർ ദീർഘകാലമായി അനുഭവിക്കുന്ന പ്രയാസത്തിന് ഇതിലൂടെ പരിഹാരം കാണാനാകുമെന്ന് ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് അറിയിച്ചു.
'ടൂറിസം വകുപ്പിന് കീഴിലുള്ള ഗസ്റ്റ് ഹൗസുകളിലും കെടിഡിസി ഹോട്ടലുകളിലും ഡ്രൈവർമാർക്ക് ആവശ്യമായ വിശ്രമമുറിയും ശുചിമുറിയും ഒരുക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. 2024 ജനുവരി മാസത്തിൽ ടാക്സി ഡ്രൈവേർസ് യൂണിയൻ പ്രതിനിധികളുമായി പ്രത്യേക ചർച്ച നടത്തി.
തുടർന്ന് കേരളത്തിലെ എല്ലാ റിസോർട്ടുകളിലും ഹോട്ടലുകളിലും സഞ്ചാരികളുമായി എത്തുന്ന ടാക്സി ഡ്രൈവർമാർക്ക് പ്രത്യേകം വിശ്രമ സൗകര്യവും ശുചിമുറിയും ഒരുക്കാൻ തീരുമാനിക്കുകയായിരുന്നു. അതിൻ്റെ ഉത്തരവ് പുറത്തിറങ്ങി. ഇനി മുതൽ സഞ്ചാരികളുമായി എത്തുന്ന ടാക്സി ഡ്രൈവർമാർക്ക് കേരളത്തിലെ ഹോട്ടലുകളിലും റിസോർട്ടുകളിലും ശുചിമുറിയും വിശ്രമസൗകര്യവും നിർബന്ധമാണ്.' മന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications