ഇടുക്കിയും ചെറുതോണിയും കാണാം; വൈശാലി ഗുഹയിൽ നിന്നുള്ള ക്ലാസിക് കാഴ്ചയും; ബോട്ട് സവാരി പോകാം
തിരുവനന്തപുരം: ഇടുക്കിയിലെത്തിയാൽ തീർച്ചയായും കണ്ടിരിക്കേണ്ട സ്ഥലങ്ങളിലൊന്ന് ഇടുക്കി-ചെറുതോണി ഡാമുകൾ ആണ്. പെരിയാറിന് കുറുകെ പണിത ഇടുക്കി ഡാം നിർമ്മിതി കൊണ്ടും ചരിത്രം കൊണ്ടും മാത്രമല്ല അതിന് ചുറ്റുമുള്ള പ്രകൃതി സൗന്ദര്യം കൊണ്ടും സഞ്ചാരികളെ അത്ഭുതപ്പെടുത്തുന്ന ഇടമാണ്. മല തുരന്നുണ്ടാക്കിയ തുരങ്കങ്ങളും പ്രവേശന കവാടവുമെലലാം സഞ്ചാരികൾക്ക് വിസ്മയ കാഴ്ചയൊരുക്കും.
ഇപ്പോഴിതാ ഈ കാഴ്ചകൾ വർഷം മുഴുവൻ കണ്ടാസ്വദിക്കാനുള്ള അവസരമാണ് സഞ്ചാരികൾക്ക് ലഭിക്കുന്നത്.ഇടുക്കി തട്ടേക്കാട് ഫോറസ്റ്റ് ഡിവലപ്‌മെന്റ് ഏജന്‍സിയുടെ കീഴിൽ ഇവിടെ ബോട്ട് സവാരി ഒരുക്കിയിരിക്കുകയാണ് വനം വകുപ്പ്. ഇടുക്കി വൈല്‍ഡ് ലൈഫ് സാങ്ച്വറിയിലാണ് ഈ സൗകര്യം ഉണ്ടാകുക.

വെള്ളപ്പാറ ബോട്ട് ജെട്ടിയിൽ നിന്നുമായിരിക്കും യാത്ര ആരംഭിക്കുക. ഇടുക്കി-ചെറുതോണി അണക്കെട്ടുകളിലെ കാഴ്ചകൾ തന്നെയാണ് പ്രധാനം. ഒപ്പം വൈശാലി ഗുഹയുടെയും കാഴ്ചകൾ ആവോളം സഞ്ചാരികൾക്ക് കാണാം. വൈശാലി ഗുഹയെ കുറിച്ച് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇടുക്കി, ചെറുതോണി അണക്കെട്ടുകളുടെ നിർമാണ കാലത്ത് നിർമ്മിച്ച ഈ ഗുഹ സഞ്ചാരികളുടെ പ്രീയപ്പെട്ട ഇടമായത് വൈശാലി സിനിമയ്ക്ക് ശേഷമാണ്. ഏതാണ്ട് 550 മീറ്റർ നീളത്തിൽ ടണൽ പോലെ പാറ പൊട്ടിച്ചുണ്ടാക്കിയതാണ് ഈ ഗുഹ. ഇവിടെ നിന്നുള്ള ചെറുതോണി കാഴ്ച വേറിട്ടൊരു അനുഭവമാണ് . യാത്രയിൽ ഡാമുകളുടേയും പ്രദേശത്തിന്റേയും ചരിത്രം അറിയില്ലെങ്കിൽ അത് വ്യക്തമായി പറഞ്ഞ് തരാൻ ഒരു ഗൈഡും സഞ്ചാരികൾക്കൊപ്പം ഉണ്ടാകും. വന്യജീവികളെയും യാത്രയ്ക്കിടയില്‍ കാണാം.
ബോട്ടിൽ 18 പേർക്ക് സഞ്ചരിക്കാം
18 പേർക്കാണ് ബോട്ടിൽ യാത്ര ചെയ്യാനാകുക. ഇടുക്കി പാക്കേജില്‍ ഉള്‍പ്പെടുത്തി 10-ഉം, 18-ഉം ഇരിപ്പിടങ്ങളുള്ള രണ്ട് ബോട്ടുകള്‍ സർക്കാർ അനുവദിച്ചിട്ടുണ്ട്. ഇവ ഉടന്‍ ലഭ്യമാകുമെന്ന് ഇടുക്കി വൈല്‍ഡ് ലൈഫ് വാര്‍ഡൻ അറിയിച്ചതായി മാതൃഭൂമി റിപ്പോർട്ട് ചെയ്തു.
ഇനി യാത്ര സമയം അറിയാം
രാവിലെ ഒന്‍പതിനാണ് ബോട്ട് യാത്ര ആരംഭിക്കുക. വൈകീട്ട് അഞ്ചിന് അവസാനിക്കുന്ന തരത്തിലാണ് സവാരി തയ്യാറാക്കിയിരിക്കുന്നത്. മുതിര്‍ന്നവര്‍ക്ക് 145 രൂപയും 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് 85 രൂപയുമാണ് ഫീസ് ഏർപ്പെടുത്തിയിരിക്കുന്നത്. അരമണിക്കൂറാണ് ബോട്ടിലൂടെയുള്ള സവാരി.
ബോട്ട് സവാരിയിൽ നിന്നും ലഭിക്കുന്ന വരുമാനം പ്രധാനമായും ഗോത്രജനതയുടെ ക്ഷേമത്തിനായിരിക്കും ഉപയോഗിക്കുക. ഗോത്ര വിഭാഗത്തിൽ പെടുന്നവർ തന്നെയാണ് ബോട്ടിലെ ജീവനക്കാർ. കൂടുതൽ വിവരങ്ങൾക്ക് 8547603187, 9188796957 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.












Click it and Unblock the Notifications