മലയാളിയാണോ, കേരളത്തിലെ ഈ സ്ഥലങ്ങൾ കണ്ടില്ലെങ്കിൽ വൻ നഷ്ടം..കാഴ്ചകളുടെ സ്വർഗം
മലകൾ, കായൽ, കടലോരങ്ങൾ, വെള്ളച്ചാട്ടങ്ങൾ വന്യമൃഗ സങ്കേതങ്ങൾ എന്നിങ്ങനെ കാഴ്ചകളുടെ പറുദീസയാണ് കേരളത്തിൽ സഞ്ചാരികളെ കാത്തിരിക്കുന്നത്. ശൈത്യകാലത്ത് കേരളത്തിന് പ്രത്യേക ഭംഗിയാണെന്ന് പറയുന്നതിൽ യാതൊരു അതിശോക്തിയുമില്ല. അതുകൊണ്ട് തന്നെ ഈ ഭംഗി ആവോളം നുകരണമെങ്കിൽ സംസ്ഥാനത്തെ ഈ ഇടങ്ങൾ നിങ്ങൾ തീർച്ചയായും സഞ്ചരിച്ചിരിക്കണം.
ശൈത്യത്തിലും മിടുക്കിയാണ് ഇടുക്കി
മലയാളക്കരയുടെ മടിശീല നിറയ്ക്കുന്ന സുഗന്ധവ്യഞ്ജന ഉദ്യാനം,അതാണ് ഇടുക്കി. അതിമനോഹരമായ മലയോര പ്രദേശങ്ങൾ,വെള്ളച്ചാട്ടങ്ങൾ, ട്രെക്കിംഗ് പോയന്റുകൾ, തേയിലക്കാടുകൾ, പിന്നെ മൂന്നാറും മീശപ്പുലിമുലയും ചൊക്രമുടിയും, ഇതെല്ലാമാണ് ഇടുക്കിയെ മിടുക്കിയാക്കുന്നത്. ഇന്ത്യയിലെ ഏറ്റവും മികച്ച ടൂറിസം ഗ്രാമത്തിനുള്ള സുവർണപുരസ്കാരം നേടിയ കാന്തല്ലൂരും ഇടുക്കിയിലാണ്. ചന്ദനക്കാടുകളുടെ മറയൂർ, തേക്കടി, ചീയപ്പാറ തൊമ്മൻകുത്ത് വെള്ളച്ചാട്ടം, മാങ്കുളം, വട്ടവട, സൂര്യനെല്ലി, പ്രകൃതിഭംഗി കൊണ്ട് ആരേയും അത്ഭുതപ്പെടുത്തുന്ന ഗ്രാമങ്ങൾ എന്നിവയെല്ലാം കണ്ടിരിക്കേണ്ട കാഴ്ചയാണ്.

ചുരം കയറിയെത്തിയാൽ സ്വർഗം
എത്രകണ്ടാലും മതിവരാത്ത കാഴ്ചയാണ് വയനാട്ടിലേത്. സ്വദേശികളും വിദേശികളും ഒരുപോലെ തേടിയെത്തുന്ന വയനാട്ടിൽ എവിടെ നോക്കിയാലും മനം നിറയ്ക്കുന്ന കാഴ്ചകളാണ്. പൂക്കോട് തടാകം, ബാണാസുരസാഗർ അണക്കെട്ട്, ട്രക്കിംഗ് പോയിന്റ്, ചെമ്പ്ര മുടി, മുത്തങ്ങ, കുറുവ ദ്വീപ്, എടക്കൽ ഗുഹ, 900 കണ്ടി എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത കാഴ്ചകളാണ് വയനാട്ടിലുള്ളത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ പറ്റുന്നതാണ് വയനാടിന്റെ പ്രത്യേക. ഹണിമൂൺ ഡെസ്റ്റിനേഷൻ എന്ന നിലയ്ക്കും നഗരത്തിന്റെ തിരക്കിൽ നിന്ന് മാറി പ്രകൃതിയിലേക്ക് ഇറങ്ങി വന്ന് വയനാടിന്റെ ഭംഗി ആസ്വദിച്ച് പണിയെടുക്കാനുള്ള വർക്കസ്റ്റേഷൻ സൗകര്യങ്ങളും വയനാട്ടിൽ ഉണ്ട്.
കിഴക്കിന്റെ വെനീസ്
കേരളം എന്ന് കേൾക്കുമ്പോൾ വിദേശികളുടെ മനസിൽ ആദ്യം എത്തുന്നത് ആലപ്പുഴയുടെ ചിത്രമായിരിക്കും. കനാലുകളും കെട്ടുവള്ളങ്ങളും തടാകങ്ങളും ഹൗസ് ബോട്ടുകളും തനിനാടൻ രുചികളുമെല്ലാം ചേർന്ന ആലപ്പുഴ വിദേശ സഞ്ചാരികൾക്ക് മാത്രമല്ല, മലയാളികൾക്കും പ്രിയപ്പെട്ട ഇടമാകുന്നു. അതുകൊണ്ട് തന്നെ ചെറിയൊരു അവധി കിട്ടിയാൽ തന്നെ കുടുംബമായി ആലപ്പുഴയിൽ എത്തി കെട്ടുവെള്ളത്തിൽ കയറി മീൻപിടിച്ചും തനത് രുചികൾ ആസ്വദിച്ചും ഒരു രാത്രി ചെലവഴിച്ച് മടങ്ങുന്നവർ നിരവധിയുണ്ട്. കൊച്ചിയിൽ നിന്ന് വളരെ എളുപ്പം എത്തിച്ചേരാം എന്നതാണ് ആളുകളെ ഇവിടേക്ക് കൂടുതൽ ആകർഷിക്കുന്നത്. മാരാരി ബീച്ച്, കുട്ടനാട്, വേമ്പനാട്, കൃഷ്ണപുരം കൊട്ടാരം, തോട്ടപ്പള്ളി ബീച്ച് ,ആലപ്പുഴ ബീച്ച് ഇവയെല്ലാം കണ്ടിരിക്കേണ്ട കാഴ്ചകളാണ്.












Click it and Unblock the Notifications