യുഎഇ പ്രവാസിയാണോ? പെരുന്നാള്‍ അടിച്ചുപൊളിക്കാം, ഈ രാജ്യങ്ങളിലേക്ക് വിസ വേണ്ട
ദുബായ്: യാത്ര ഇഷ്ടപ്പെടാത്തവരായി ആരുമില്ല. പക്ഷേ, വിദേശത്തേക്കാണെങ്കില്‍ വിസ ആവശ്യമാണ്. അതിനുള്ള നടപടികള്‍ പലപ്പോഴും യാത്ര വൈകിപ്പിക്കാറുണ്ട്. ചിലപ്പോള്‍ യാത്ര മുടക്കുകയും ചെയ്യും. എന്നാല്‍ വിദേശ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിഞ്ഞ കുറേ കാലമായി ചില രാജ്യങ്ങള്‍ വിസാ ചട്ടങ്ങള്‍ ഇളവ് നല്‍കാറുണ്ട്. അതിലൊന്നാണ് വിസ ഫ്രീ ട്രാവല്‍.
ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ യാത്ര ചെയ്യാന്‍ സാധിക്കുന്ന നിരവധി രാജ്യങ്ങളുണ്ട്. എന്നാല്‍ അതിനേക്കാള്‍ സൗകര്യമുള്ളത് യുഎഇയില്‍ നിന്നാണ്. യുഎഇ പൗരന്മാര്‍ക്കും യുഎഇയില്‍ താമസിക്കുന്നവര്‍ക്കുമാണ് ഇളവ് ലഭിക്കുക. യുഎഇയില്‍ താമസിക്കുന്നു എന്ന രേഖയാണ് ഇതിന് വേണ്ടത്. യുഎഇയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് ചെറിയ പെരുന്നാള്‍ ആഘോഷത്തിന് ഈ ഇളവുകള്‍ ഉപയോഗപ്പെടുത്താം.

ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് യുഎഇയില്‍ ഒമ്പത് ദിവസത്തെ അവധിയാണ് ലഭിക്കുന്നത്. ആഴ്ചയിലുള്ള അവധി കൂടി ചേര്‍ത്താണിത്. യുഎഇ ഭരണകൂടം പൊതു-സ്വകാര്യ മേഖലയിലെ പെരുന്നാള്‍ അവധി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇത്തരത്തില്‍ അവധി ലഭിച്ചവര്‍ക്ക് വിസ ഫ്രീ ട്രാവല്‍ അവസരം മുതലാക്കാം. യുഎഇയില്‍ താമസിക്കുന്നവര്‍ക്ക് വിസയില്ലാതെ യാത്ര ചെയ്യാവുന്ന ചില രാജ്യങ്ങളെ പരിചയപ്പെടുത്താം...
വിസ ഫ്രീ ട്രാവല്‍ എന്നതുകൊണ്ടുള്ള പ്രധാന നേട്ടം, വിസയ്ക്ക് വേണ്ടി അപേക്ഷ നല്‍കി കാത്തിരിക്കുന്ന സമയം ഒഴിവാക്കാന്‍ സാധിക്കും എന്നതാണ്. പാസ്‌പോര്‍ട്ടും അനുബന്ധ രേഖകളുമുണ്ടെങ്കില്‍ ഇളവ് നല്‍കുന്ന രാജ്യത്തേക്ക് യാത്ര ചെയ്യാം. അവിടെ എത്തിയ ശേഷം വിസ ഓണ്‍ അറൈവല്‍ രേഖയ്ക്ക് വേണ്ടി അപേക്ഷിക്കാം. ഉടന്‍ തന്നെ രേഖ ലഭിക്കും. അവ ഉപയോഗിച്ച് ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ കാണുകയും ചെയ്യാം.
യുഎഇ താമസ രേഖയുള്ളവര്‍ക്ക് അസര്‍ബൈജാനിലേക്ക് വിസ ആവശ്യമില്ല. 30 ദിവസത്തെ ടൂറിസ്റ്റ് വിസ കിട്ടും. പാസ്‌പോര്‍ട്ട്, യുഎഇ താമസ രേഖ എന്നിവ വിമാനത്താവളത്തില്‍ ഇറങ്ങുമ്പോള്‍ കാണിക്കേണ്ടി വരും. ജോര്‍ജിയയിലേക്ക് പോകാനും വിസ ആവശ്യമില്ല. യുഎഇ താമസ രേഖയുണ്ടെങ്കില്‍ 90 ദിവസം വരെ ഈ രാജ്യത്ത് തങ്ങാന്‍ സാധിക്കും.
മാലദ്വീപിലേക്ക് പോകനും വിസ ആവശ്യമില്ല. വിസ ഓണ്‍ അറൈവല്‍ രേഖ വിമാനത്താവളത്തില്‍ നിന്ന് ലഭിക്കും. പാസ്‌പോര്‍ട്ട്, മടക്ക യാത്രാ ടിക്കറ്റ്, ഹോട്ടല്‍ ബുക്കിങ് രേഖ, താമസ കാലയളവില്‍ ചെലവഴിക്കാനുള്ള പണം എന്നിവ കൈവശമുണ്ടാകണം. നേപ്പാളിലേക്ക് പോകാനും വിസ ആവശ്യമില്ല. 15, 30, 90 എന്നിങ്ങനെ വ്യത്യസ്തമായ കാലാവധിയില്‍ നേപ്പാളില്‍ താമസിക്കാന്‍ സാധിക്കും.
ഒമാനില്‍ 30 ദിവസം വരെ താമസിക്കാന്‍ സാധിക്കും. മൂന്ന് മാസം കാലാവധിയുള്ള യുഎഇയുടെ താമസ രേഖ ആവശ്യമാണ്. ഉസ്‌ബെക്കിസ്താനില്‍ 30 ദിവസം വരെ താമസിക്കാന്‍ സാധിക്കും. ഒമാനിലേക്ക് ആവശ്യമുള്ളതുപോലെ 3 മാസത്തെ യുഎഇ താമസ രേഖ വേണം. ടൂറിസ്റ്റുകളുടെ ഇഷ്ട കേന്ദ്രമായ ജോര്‍ദാനിലേക്കും വിസയില്ലാതെ പോകാം.


Click it and Unblock the Notifications