മോഹിപ്പിക്കുന്ന ഇലവീഴാപൂഞ്ചിറ; മായാകാഴ്ചകൾ നിറച്ച് വെച്ചിരിക്കുന്ന ഹിൽസ്റ്റേഷൻ, പോകാം യാത്ര
ഇടുക്കി: പേര് പോലെ തന്നെ ഏതൊരു സഞ്ചാരിയേയും ഭ്രമിപ്പിക്കാൻ പോന്ന മായാകാഴ്ചകൾ നിറച്ച് വെച്ചിരിക്കുന്ന ഹിൽസ്റ്റേഷനാണ് ഇലവീഴാപൂഞ്ചിറ. കോട്ടയം-ഇടുക്കി ജില്ലകളുടെ അതിർത്തിപ്പദേശത്ത് സമുദ്രനിരപ്പിൽ നിന്നും 3000 അടി ഉയരത്തിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്ത് വൃക്ഷങ്ങള്‍ ഒന്നും ഇല്ല, പൂഞ്ചിറയില്‍ ഇലകള്‍ വീഴാത്തതിനാലാകാം ഇലവീഴാപ്പൂഞ്ചിറ എന്ന പേര് വന്നത് എന്നാണ് കരുതപ്പെടുന്നത്.മനോഹരമായ ഈ താഴ്വര ആയിരക്കണക്കിന് ഏക്കറിലാണ് പരന്ന് കിടക്കുന്നത്.
ഐതീഹ്യങ്ങൾ ചേർത്തുള്ള ഒരുപാട് കഥകളും കൗതുകങ്ങളും ഉണ്ട് ഇലവീഴാപൂഞ്ചിറയിൽ. എന്നാൽ 'ഇലവീഴാപൂഞ്ചിറ'എന്ന സിനിമയോടെയാണ് കേരളത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും സഞ്ചാരികൾ ഇവിടേക്ക് എത്തിത്തുടങ്ങിയത്. മൂന്ന് കൂറ്റന്‍ മലകളായ മണക്കുന്ന്, കടയത്തൂർ മല, തോണിപ്പാറ എന്നിവയിലുള്ള പൂഞ്ചിറക്ക് ഒരു കാൻവാസിൽ വരച്ച് വെച്ചപോലെ ഭംഗിയുണ്ട്. ചുറ്റോട് ചുറ്റും ആകാശം തൊട്ട് നിൽക്കുന്ന മലകളും പുഴയും താഴ്വാരങ്ങളുമെല്ലാം ഇവിടെ നിന്ന് ആസ്വദിക്കാം. സൂര്യോദയവും സൂര്യാസ്തമയവും കാണാൻ സാധിക്കുന്ന വിധത്തിൽ ഇവിടെ എത്തുന്നതാണ് നല്ലത്.

മഹാഭാരത കഥയിലെ പാഞ്ചാലി കുളിക്കുവാന്‍ ഉപയോഗിച്ചിരുന്ന കുളമാണ് ഇവിടുത്തേതെന്നാണ് വിശ്വാസം. മഴക്കാലമാകുമ്പോൾ പച്ചപ്പ് നിറഞ്ഞ് ഈ പ്രദേശത്തിന്റെ കാഴ്ച പാടെ മാറും. മുകളിലേക്ക് കയറി ചെല്ലുമ്പോൾ പോലീസ് വയർലെസ് സ്റ്റേഷനാണ് ഇവിടെ കണ്ണിലുടക്കുന്ന ആദ്യ കാഴ്ച. വൈകുന്നേരമാകുമ്പോൾ കോടമഞ്ഞ് ഇറങ്ങുന്നതിനാൽ ഇവിടേക്ക് യാത്രയ്ക്ക് അനുമതിയില്ല. മഴക്കാലത്ത് ഇടിമിന്നൽ ഉള്ള സമയങ്ങളിൽ ഇവിടേക്ക് പ്രവേശനം അനുവദിക്കില്ല.
കെ എസ് ആർ ടി സി പാക്കേജിനൊപ്പം പോകാം
അടുത്ത യാത്ര ഇലവീഴാപൂഞ്ചിറയിലേക്ക് ആയാലോ? വെഞ്ഞാറമൂട് കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെൽ ഈ മാസം 18 ന് ഇലവീഴാപൂഞ്ചിറയിലേക്ക് പ്രത്യേക പാക്കേജ് നടത്തുന്നുണ്ട്. ഇത് ആദ്യമായാണ് ഇവിടേക്ക് യാത്ര സംഘടിപ്പിക്കുന്നത്. ഇലവീഴാപൂഞ്ചിറയ്ക്കൊപ്പം ഇല്ലിക്കൽക്കല്ലും ആസ്വദിക്കാൻ സാധിക്കുന്ന തരത്തിലാണ് പാക്കേജ്. കൂടുതൽ ബുക്കിങ് ലഭിച്ചാൽ രണ്ടോ മൂന്നോ ബസ് ഏർപ്പെടുത്തുന്ന കാര്യവും പരിഗണിക്കുമെന്ന് അധികൃതർ അറിയിച്ചു.
അതേസമയം ഈ യാത്രയ്ക്ക് പുറെ ഫെബ്രുവരിയിൽ വാഗമൺ, വാഴ്വന്തോൾ-പൊൻമുടി, കന്യാകുമാരി, മൂന്നാർ, ഗവി എന്നീ പാക്കേജുകളും നടത്തുന്നുണ്ട്. ഈ യാത്രകൾക്കു പുറമെ ഫെബ്രുവരി മുതൽ കൊച്ചിയിൽ അറബിക്കടൽ, കായൽ യാത്രകളും വെഞ്ഞാറമൂട് ഡിപ്പോ പ്ലാൻ ചെയ്യുന്നുണ്ട്. നെഫർടിറ്റി ക്രൂസ് കപ്പൽ യാത്രയും സോളാർ ബോട്ടായ സൂര്യാംശുവിലുമാണ് ജലയാത്രകൾ ആസൂത്രണം ചെയ്യുന്നത്.ഇത് സംബന്ധിച്ച വിവരങ്ങൾ ഉടൻ തന്നെ അറിയിക്കുമെന്നും അധികൃതർ വ്യക്തമാക്കി.












Click it and Unblock the Notifications