മഞ്ഞുണ്ട്...മലയും കടലും മലബാറുമുണ്ട്... കിടിലൻ പാക്കേജുമായി കെഎസ്ആർടിസി
കുടുംബമായി ഒരു യാത്ര പോകണമെങ്കിൽ പണം ചില്ലറയൊന്നുമല്ല പൊടിയുക. കീശകാലിയാകുമെന്നത് കൊണ്ട് തന്നെ ചിലർ ഇഷ്ട യാത്രകൾ വേണ്ടെന്ന് വെയ്ക്കുകയും ചെയ്യും. എന്നാൽ വലിയ കാശ് ചിലവില്ലാതെ , യാത്രയുടെ മറ്റ് അല്ലലുകൾ ഒന്നും ഇല്ലാതെ ഒരു യാത്ര പോയാലോ? എങ്ങനെയെന്നല്ലേ, കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ ആണ് അത്തരമൊരു അവസരം ഒരുക്കുന്നത്.
ശൈത്യകാലം ആസ്വദിക്കാൻ പറ്റുന്ന തരത്തിലുള്ള സ്ഥലങ്ങൾ ഉൾപ്പെടുത്തിയാണ് കെഎസ്ആർടിസിയുടെ കൊട്ടാരക്കര ബജറ്റ് സെൽ യാത്രകൾ ഒരുക്കിയിരിക്കുന്നത്. ട്രെക്കിങ്ങും കടൽയാത്രയും ക്ഷേത്രങ്ങളുമെല്ലാം ഉൾപ്പെടുത്തിയുള്ള നിരവധി പാക്കേജുകൾ നവംബർ മാസത്തിൽ കൊട്ടാക്കര സെൽ ഒരുക്കിയിട്ടുണ്ട്. യാത്രകളെ കുറിച്ച് വിശദമായി അറിയാം

10 ന് ഇലവീഴാപൂഞ്ചിറ കറങ്ങാം
ഇലവീഴാപൂഞ്ചിറ എന്ന പേര് പോലെ തന്നെ രസകരമാണ് ഈ സ്ഥലവും. സമുദ്രനിരപ്പിൽ നിന്നും 3200 അടി ഉയരത്തിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. എന്തുകൊണ്ടായിരിക്കും ഈ സ്ഥലത്തിന് ഇങ്ങനെയൊരു പേര് വന്നതെന്ന് ആലോചിച്ചിട്ടുണ്ടോ? ഇവിടെ വൃക്ഷങ്ങൾ കുറവായതിനാൽ ഇലകൾ വീഴാറില്ല. അതുകൊണ്ടാണത്രേ ഇത്രയും കൗതുകകരമായ പേര് ലഭിച്ചത്.
ആയിരക്കണക്കിന് ഏക്കറിൽ പരന്ന് കിടക്കുന്ന ഈ സ്ഥലം മാങ്കുന്ന്, കൊടയത്തൂര്‍മല, തോണിപ്പാറ എന്നീ കുന്നുകൾക്കിടയിലാണ്. ട്രക്കിങ് പ്രേമികളുടെ ഈ ഇഷ്ട സ്ഥലം സന്ദർശിക്കാൻ ഏറ്റവും ഉചിതമായ സമയവും ഇതാണ്.
റോസ്മലയിലേക്കും 10 ന് പോകാം
കൊല്ലം ജില്ലയിലെ മനോഹരമായ വിനോസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് പത്തനാപുരത്ത് കുളത്തൂപ്പുഴ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന റോസ്മല. ആര്യങ്കാവ് വനമേഖലയ്ക്കിടയിലാണ് ഈ സ്ഥലം. ഇവിടേക്കുള്ള ഓഫ് റോഡ് യാത്ര രസകരമായ അനുഭവമാണ്. ശെന്തുരുണി വന്യജീവി സങ്കേതത്തിലൂടെ 12 കിമിയാണ് യാത്ര ചെയ്യേണ്ടത്.
ഗവിയിലേക്കും മലക്കപ്പാറയിലേക്കും പോകാം
നവംബറിൽ പത്തനംതിട്ടയിലെ ഗവിയിലേക്കും തൃശൂർ ജില്ലയുടെ അതിർത്തിപ്രദേശമായ മലക്കപ്പാറയിലേക്കും കൊട്ടാരക്കരയിൽ നിന്നും പാക്കേജുണ്ട്. ഗവിയിലേക്ക് 24 നും മലക്കപ്പാറയിലേക്ക് 25 നുമാണ് യാത്ര.
മൂകാംബിക, പൗർണമിക്കാവ് , അയ്യപ്പക്ഷേത്രങ്ങൾ
15 നാണ് മൂകാംബികയിലേക്കും പൗർണമിക്കാവിലേക്കും പാക്കേജ് ഉള്ളത്. 16 ന് അയപ്പക്ഷേത്രങ്ങളിലേക്കും.
മലബാർ മാന്വൽ
തെക്ക് നിന്നും മലബാർ കണ്ട് വരാൻ കഴിയുന്ന രീതിയിലുള്ള പാക്കേജ് ആണിത്. കണ്ണൂരിലെ പ്രശസ്തമായ സ്ഥലങ്ങൾ ഉൾപ്പെടുത്തിയുള്ളതാണ് ഈ യാത്ര. പാക്കേജുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 9567224271 9447281459












Click it and Unblock the Notifications