കോടമഞ്ഞിൽ പുതഞ്ഞ ഇലവീഴാപൂഞ്ചിറയും ഇല്ലിക്കൽകല്ലും വാഗമണും കാണാം; വെറും 560 രൂപയ്ക്ക്
ശൈത്യകാലം തുടങ്ങിയാൽ പിന്നെ കേരളത്തിൽ നിർബന്ധമായും പോയിരിക്കേണ്ട സ്ഥലങ്ങളേതെന്ന് ചോദിച്ചാൽ അത് കോട്ടയമാണ്. കോടയിൽ മുങ്ങി നിൽക്കുന്ന കോട്ടയത്തെ മലയോര മേഖലയിലെ കാഴ്ചകളുടെ സൗന്ദര്യം അത് അനുഭവിച്ച് തന്നെ അറിയണം. അറിയപ്പെടുന്നതും അറിയാപ്പെടാത്തതുമായ നിരവധി വിനോദസഞ്ചാരകേന്ദ്രങ്ങൾ കോട്ടയത്ത് ഉണ്ട്. മഞ്ഞ് കാലത്തേക്ക് ഇവിടങ്ങളിലേക്ക് ആളുകൾ അടിച്ച് കയറും.
കോട്ടയത്ത് എത്തിയാൽ ഒരു പ്രധാന പ്രശ്നം ഇവിടെ നിർബന്ധമായും കണ്ടിരിക്കേണ്ട ഇടങ്ങൾ പല അറ്റത്തായിരിക്കും എന്നതാണ്. അതിനാൽ ഒരുപാട് സ്ഥലങ്ങൾ പോകണമെന്ന ആഗ്രഹം ഉണ്ടെങ്കിൽ സ്വന്തമായി വാഹനം വേണ്ടി വരും. അതില്ലാത്തവരോ? വിഷമിക്കേണ്ട, അങ്ങനെയുള്ളവർക്ക് മികച്ച അവസരം ഒരുക്കി കെ എസ് ആർ ടി സിയുടെ ബജറ്റ് ടൂറിസം സെല്ലുകൾ നിരവധി പാക്കേജുകൾ അവതരിപ്പിച്ചിട്ടുണ്ട്. കോട്ടയം കെ എസ് ആർ ടി സിയുടെ ബജറ്റ് സെൽ ഒരുക്കിയ വാഗമൺ-ഇലവീഴാപൂഞ്ചിറ യാത്ര അത്തരത്തിലൊന്നാണ്. ഇല്ലിക്കൽ കല്ല് കൂടി കണ്ട് മടങ്ങുന്ന തരത്തിലാണ് യാത്രയൊരുക്കിയിരിക്കുന്നത്. അതും വളരെ കുറഞ്ഞ ചെലവിൽ. വിശദമായി അറിയാം

വാഗമൺ- കോട്ടയം-ഇടുക്കി അതിർത്തി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സ്ഥലമാണ് വാഗമൺ. മലയാളി ഒരിക്കലെങ്കിലും കണ്ടിരിക്കണം പ്രകൃതിഭരംഗി നിറഞ്ഞ ട്രക്കർമാരുടെ ഈ പറുദീസ. മഞ്ഞ് മൂടി നിൽക്കുന്ന മൊട്ടക്കുന്നുകളും താഴ്വരയും പൈൻ ഫോറസ്റ്റുമെല്ലാമാണ് സഞ്ചാരികളെ ഇവിടെ കാത്തുനിൽക്കുന്നത്. ഇപ്പോൾ വാഗമണ്ണിൽ അഡ്വഞ്ചർ ടൂറിസവും ആരംഭിച്ചിട്ടുണ്ട്. പോരാത്തതിന് ചില്ലുപാലവും. കേരളത്തിലെ ആദ്യത്തെ ഈ ഗ്ലാസ് പാലം 40 മീറ്റർ നീളത്തിലാണ് പണികഴിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും നീളമേറിയ രണ്ടാമത്തെ കാൻറിലിവർ ഗ്ലാസ് പാലം കൂടിയാണിത്. ഇവിടെ നിന്നുള്ള കാഴ്ച ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത കാഴ്ചയായിരിക്കും എന്ന കാര്യത്തിൽ തർക്കമില്ല
ഇല്ലിക്കൽ കല്ല്- സമുദ്രനിരപ്പിൽ നിന്നും നാലായിരം അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇല്ലിക്കൽ കല്ലും സാഹസിക സഞ്ചാരികളുടെ പ്രത്യേകിച്ച് ട്രക്കർമാരുടെ ഇഷ്ട സ്ഥലമാണ്. മൂന്നു പാറക്കൂട്ടങ്ങൾ ചേർന്ന് നിൽക്കുന്ന ഇല്ലിക്കൽ കല്ല് മഞ്ഞിൽ പൊതിഞ്ഞ് നിൽക്കുന്ന കാഴ്ച സഞ്ചാരികളെ കൊതിപ്പിക്കും.
ഇലവീഴാപ്പൂഞ്ചിറ- ഇലവീഴാപൂഞ്ചിറ എന്ന സിനിമ ഇറങ്ങിയതോടെ ഇവിടേക്ക് സഞ്ചാരികൾ എത്തുന്നത് കൂടി. സമുദ്രനിരപ്പിൽ നിന്നും 3200 അടി ഉയരത്തിലുള്ള ഈ സ്ഥലം ആയിരക്കണക്കിന് ഏക്കറിലാണ് പരന്ന് കിടക്കുന്നത്.
കോട്ടയത്ത് നിന്നും ഞായറാഴ്ചയാണ് യാത്ര പുറപ്പെടുന്നത്. 560 രൂപയാണ് പാക്കേജ് തുക. കൂടുതൽ വിവരങ്ങൾക്ക്- 8089158178












Click it and Unblock the Notifications