പ്രവാസികള്‍ക്ക് 90 ദിവസം അര്‍മാദിക്കാം; ഈ രാജ്യത്തേക്ക് വിസ വേണ്ട, ഗള്‍ഫ് ജോലിക്കിടെ...
ദുബായ്: മലയാളികള്‍ കൂടുതലും ജോലി ചെയ്യുന്നത് ജിസിസി രാജ്യങ്ങളിലാണ്. ആറ് രാജ്യങ്ങളിലായി ഒരു കോടിയില്‍ അധികം വരും ഇന്ത്യക്കാര്‍. ജോലി സമ്മര്‍ദ്ദത്തില്‍ നിന്ന് മുക്തി നേടാന്‍ ഇടവേള കിട്ടിയാല്‍ ഒരു യാത്ര പോകാം. പച്ചപ്പും പ്രകൃതി ഭംഗിയും ചരിത്ര കേന്ദ്രങ്ങളും കണ്ട് മടങ്ങാം. വലിയ ചെലവില്ലാതെ യാത്ര പോകാന്‍ പറ്റിയ സ്ഥലമാണ് അര്‍മേനിയ.
ജിസിസി രാജ്യങ്ങളിലെ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും വിസ ഇല്ലാതെ പ്രവേശിക്കാന്‍ അനുമതി നല്‍കിയിരിക്കുകയാണ് അര്‍മേനിയ. നാട്ടിലേക്ക് കുറഞ്ഞ ദിവസത്തിന് അവധിയില്‍ പോകുന്ന പലരും യാത്രയ്ക്ക് വേണ്ടി ഇത്തരം രാജ്യങ്ങള്‍ തിരഞ്ഞെടുക്കുന്നുണ്ടത്രെ. ഇതിനായി പ്രത്യേക ട്രാവല്‍ പാക്കേജ് നല്‍കുന്ന ഏജന്റുമാരും പ്രവര്‍ത്തിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അറിയാം പുതിയ വിവരങ്ങള്‍...

കാസ്പിയന്‍ കടലിനും കരിങ്കടലിനും ഇടയിലുള്ള രാജ്യമാണ് അര്‍മേനിയ. സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ഈ രാജ്യം 1991ലാണ് സ്വതന്ത്ര പരമാധികാര രാജ്യമായി മാറിയത്. തുര്‍ക്കി, അസര്‍ബൈജാന്‍, ഇറാന്, ജോര്‍ജിയ എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന അര്‍മേനിയ പ്രകൃതിരമണീയമാണ്. കൂടാതെ ഒട്ടേറെ ചരിത്ര സംഭവങ്ങള്‍ക്ക് സാക്ഷിയായ നാടും.
നിബന്ധന അറിയാം, ആര്‍ക്കൊക്കെ പോകാം
ഈ മാസം ഒന്ന് മുതല്‍ അര്‍മേനിയ വിസ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. സൗദി അറേബ്യ, യുഎഇ, ഖത്തര്‍, ഒമാന്‍, കുവൈത്ത്, ബഹ്‌റൈന്‍ തുടങ്ങിയ ജിസിസി രാജ്യങ്ങളിലെ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും വിസ ഇല്ലാതെ അര്‍മേനിയയിലേക്ക് വരാം. 90 ദിവസം താമസിക്കുകയും ചെയ്യാം. വര്‍ഷത്തില്‍ 180 ദിവസം ഇത്തരത്തില്‍ താമസിക്കാന്‍ അനുമതി കിട്ടും. ഒരുതവണ വന്നാല്‍ തുടര്‍ച്ചയായി 90 ദിവസം വരെ അര്‍മിനേയയില്‍ കഴിയാം.
അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍, ഷെങ്കണ്‍ വിസ അനുവദിക്കുന്ന രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ റസിഡന്‍സി പെര്‍മിറ്റ് കൈവശമുള്ളവര്‍ക്കും അര്‍മേനിയ ഈ ഇളവ് അനുവദിക്കുന്നുണ്ട്. വിമാനം മാര്‍ഗം അര്‍മേനിയിയലെത്താം. കൂടാതെ ജോര്‍ജിയ വഴി കര മാര്‍ഗവും. ജോര്‍ജിയയുടെ തലസ്ഥാനമായ ത്ബിലിസിക്കും അര്‍മേനിയന്‍ തലസ്ഥാനമായ യെരവാനുമിടയില്‍ ട്രെയിന്‍ സര്‍വീസുണ്ട്.
ടൂറിസം, ബിസിനസ് എന്നീ ആവശ്യങ്ങള്‍ക്കായി അര്‍മേനിയന്‍ യാത്ര നടത്തുന്നവര്‍ നിരവധിയാണ്. സമീപകാലത്ത് ഒട്ടേറെ രാജ്യങ്ങളില്‍ നിന്നുള്ളവരെ ആകര്‍ഷിക്കാന്‍ അര്‍മേനിയ പദ്ധതി തയ്യാറാക്കുന്നുണ്ട്. ഇന്ത്യക്കാര്‍ക്ക് നിലവില്‍ വിസ സൗജന്യ യാത്രയില്ല. വിസയും ടിക്കറ്റുമുണ്ടെങ്കില്‍ മാത്രമാണ് അര്‍മേനിയ ഇന്ത്യക്കാര്‍ക്ക് യാത്ര അനുവദിക്കുക. അതേസമയം, ജിസിസി-യൂറോപ്-അമേരിക്ക എന്നിവിടങ്ങളിലുള്ള ഇന്ത്യക്കാര്‍ക്ക് വിസ വേണ്ട.
അര്‍മേനിയയില്‍ പ്രവേശിക്കുന്ന ദിവസം മുതല്‍ ആറ് മാസം കാലവധിയുള്ള ജിസിസി താമസ രേഖ കൈവശമുള്ള ഗള്‍ഫ് പ്രവാസികള്‍ക്ക് യാത്ര എളുപ്പമാണ്. നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ഉയരുന്ന വേളയില്‍ ഒഴിവ് ദിനങ്ങള്‍ ആഘോഷിക്കാന്‍ നിരവധി പേര്‍ അര്‍മേനിയ പോലുള്ള രാജ്യങ്ങള്‍ തിരഞ്ഞെടുക്കുന്നു എന്നാണ് പുതിയ വിവരം. പ്രകൃതി ഭംഗിയാണ് അര്‍മേനിയയുടെ ആകര്‍ഷണീയത.












Click it and Unblock the Notifications