വെറും 60 രൂപയ്ക്ക് 283 കിലോമീറ്റര്‍ യാത്ര; പുതിയ മെമു സര്‍വീസിന്റെ സവിശേഷതകള്‍
സാധാരണക്കാരുടെയും ജോലിക്കാരുടെയും വലിയ ആശ്രയമാണ് മെമു ട്രെയിനുകള്‍. കുറഞ്ഞ നിരക്കില്‍ കൂടുതല്‍ ദൂരം യാത്ര ചെയ്യാം എന്നതാണ് ഇതിന്റെ സവിശേഷത. ലക്ഷക്കണക്കിന് യാത്രക്കാരാണ് രാജ്യമെമ്പാടുമുള്ള മെമു ട്രെയിനുകളെ ദിവസവും ആശ്രയിക്കുന്നത്. ഇപ്പോഴിതാ 60 രൂപാ നിരക്കില്‍ 283 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ കഴിയുന്ന മെമു സര്‍വീസ് അവതരിപ്പിച്ചിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ.
കഴിഞ്ഞ ദിവസമാണ് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അമൃത് ഭാരത് സ്റ്റേഷന്‍ സ്‌കീമിന് കീഴില്‍ വരുന്ന മെമു സര്‍വീസ് ഉദ്ഘാടനം ചെയ്തത്. പശ്ചിമ ബംഗാളിലെ പുരുലിയ-ഹൗറ റൂട്ടിലാണ് മെമു ട്രെയിന്‍ ഓടുന്നത്. പുരുലിയ-ഹൗറ എന്നീ സ്‌റ്റേഷനുകളെ ബന്ധിപ്പിച്ച് ബന്‍കുര, മസാഗ്രാം വഴിയാണ് സര്‍വീസ് നടത്തുന്നത്. മൊത്തം 283 കിലോമീറ്റര്‍ ദൂരമാണ് ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. യാത്രക്കാര്‍ക്ക് വലിയ ലാഭകരമാണ് ഈ സര്‍വീസ്. വെറും 60 രൂപയ്ക്ക് ഈ റൂട്ടില്‍ യാത്ര ചെയ്യാം.

ഓഫീസ് ജോലിക്കാര്‍, വിദ്യാര്‍ത്ഥികള്‍, വ്യാപാരികള്‍ എന്നിവരുള്‍പ്പെടെ ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് വേഗത്തിലും താങ്ങാനാവുന്നതും കാര്യക്ഷമവുമായ യാത്രാ ഓപ്ഷനാണ് പുതിയ മെമു ട്രെയിന്‍ വാഗ്ദാനം ചെയ്യുന്നത്. ബംഗാളിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്കും കുറഞ്ഞ ചെലവില്‍ ഈ ട്രെയിനില്‍ യാത്ര ചെയ്യാന്‍ കഴിയും.
വെറും യാത്രാ സര്‍വീസ് എന്ന നിലയില്‍ മാത്രമല്ല രാജ്യത്തെ പഴക്കമേറിയതും ചരിത്രപരവുമായ ബങ്കുര-ദാമോദര്‍ റെയില്‍വേയുടെ പൈതൃകത്തിലൂടെയുള്ള ഒരു യാത്ര കൂടിയാണിത്. പുരുലിയ, ബങ്കുര, ഹൗറ എന്നിവിടങ്ങളിലെ ജനങ്ങള്‍ക്ക് കൂടുതല്‍ വൃത്തിയുള്ളതും വേഗതയേറിയതുമായ മെമു ട്രെയിന്‍ സര്‍വീസ് ലഭിച്ചത് എല്ലാവര്‍ക്കും അഭിമാനകരമായ നിമിഷമാണെന്ന് ഉദ്ഘാടന വേളയില്‍ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. പശ്ചിമ ബംഗാളില്‍ മാത്രം അമൃത് ഭാരത് സ്റ്റേഷന്‍ സ്‌കീമിന് കീഴില്‍ 101 സ്റ്റേഷനുകളിലാണ് ജോലികള്‍ പുരോഗമിക്കുന്നത്.
50-60 വര്‍ഷം പഴക്കമുള്ള സൗകര്യങ്ങളാണ് ഇന്നത്തെ കാലത്തെ പ്രതീക്ഷകള്‍ നിറവേറ്റുന്ന രീതിയില്‍ ആധുനികവല്‍ക്കരിക്കുന്നത്. എല്ലാ വിഭാഗം യാത്രക്കാരെയും തൃപ്തിപ്പെടുത്തുന്ന വിധമുള്ള പുതിയ പദ്ധതികളാണ് റെയില്‍വേ ആവിഷ്‌കരിക്കുന്നത്. വന്ദേ ഭാരത് ഉള്‍പ്പെടെയുള്ള സര്‍വീസുകള്‍ കൂടി വന്നതോടെ ട്രെയിന്‍ യാത്രകളോടുള്ള പ്രിയം വര്‍ധിച്ചിട്ടുണ്ട്.
പശ്ചിമ ബംഗാളിലെ റെയില്‍ നിക്ഷേപം 2009-14 ലെ 4,380 കോടി രൂപയില്‍ നിന്ന് 14,000 കോടി രൂപയായി ഉയര്‍ത്തിയതായി മന്ത്രി ചൂണ്ടിക്കാട്ടി. ഹൂഗ്ലി, ഹൗറ എന്നിവ ഉള്‍പ്പെടെ പശ്ചിമ ബംഗാളിലെ ചരിത്ര പ്രസിദ്ധമായ സ്ഥലങ്ങളിലേക്ക് കണക്ടിവിറ്റിയുള്ള ട്രെയിന്‍ സര്‍വീസുകള്‍ സംസ്ഥാനത്തിന്റെ ടൂറിസം വികസനത്തിനും മെച്ചപ്പെട്ട സംഭാവന നല്‍കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.












Click it and Unblock the Notifications